Life Style

മാലിന്യം തെരുവുകളിലല്ല മനുഷ്യമനസ്സില്‍: രാഷ്ട്രപതി

ന്യൂഡല്‍ഹി: യഥാര്‍ഥ മാലിന്യം ഇന്ത്യന്‍ തെരുവുകളിലല്ല മനുഷ്യമനസ്സിലാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അഹ്മദാബാദില്‍ മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് രാഷ്ട്രപതി രാജ്യത്തെ അസഹിഷ്ണുതയെ പരോക്ഷമായി വിമര്‍ശിച്ചത്.
പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് പദ്ധതിയെ പുകഴ്ത്തിയ രാഷ്ട്രപതി ആദ്യം ചെയ്യേണ്ടത് മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കുന്ന പ്രവൃത്തിയാണെന്നും അതിലൂടെ ഗാന്ധിജിയുടെ വീക്ഷണങ്ങള്‍ എല്ലാ ഭാവത്തിലും പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാ പൗരന്‍മാരെയും തുല്യരായി കാണുന്ന ഒരു ഇന്ത്യയെയാണ് ഗാന്ധിജി വിഭാവനം ചെയ്തതെന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
സ്വച്ഛ് ഭാരത് എന്ന പ്രയോഗത്തിലൂടെ ഗാന്ധിജി ഉദ്ദേശിച്ചത് ശുദ്ധമായ മനസ്സും ശുദ്ധമായ ശരീരവും പരിസരവുമാണെന്ന് പറഞ്ഞു. ഭിന്നിപ്പിക്കുന്ന ശക്തികളെ ഇല്ലാതാക്കാന്‍ സമാധാനവും ഐക്യവും പഠിപ്പിക്കണം. മതമൈത്രിക്കു വേണ്ടി പൊരുതിയാണ് ഗാന്ധിജി ജീവിച്ചതും മരിച്ചതും.
സാമൂഹിക പരിഷ്‌കരണത്തിന് സമാധാനപാതയിലൂടെ പ്രവര്‍ത്തിക്കാന്‍ യുവാക്കളുടെ മനസ്സും ഹൃദയവും പ്രാപ്തമാക്കുന്ന വിദ്യാപീഠത്തിന്റെ വിദ്യാഭ്യാസ രീതി തുടരണമെന്ന് രാഷ്ട്രപതി പറഞ്ഞു. സ്വച്ഛ് ഭാരതിന് വേണ്ടി എല്ലാ വ്യക്തികളും ആന്തരികവും ബാഹ്യവുമായ പരിസരം ശുദ്ധമാക്കേണ്ടതുണ്ട്. രാഷ്ട്രത്തെ ശുചിത്വവും സമൃദ്ധിയുമുള്ളതാക്കാന്‍ കഴിവുളള മാതൃകാ പൗരന്‍മാരാവാന്‍ സാധിക്കണമെന്നും രാഷ്ട്രപതി വിദ്യാര്‍ഥികളെ ഉദ്‌ബോധിപ്പിച്ചു.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖല എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്തമാക്കുന്നതോടൊപ്പം അതിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും രാഷ്ട്രപതി അഭിപ്രായപെട്ടു.
ഉന്നത നിലവാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ കുറവായതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു വേണ്ടി അന്യരാജ്യങ്ങളിലേക്ക് പോവുകയാണ്. വിദേശത്തു നിന്ന് വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്കു വരുന്നുമില്ല. അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, തെക്കന്‍ കൊറിയ, ആസ്‌ത്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികളുടെ വരവ് ഗുരുതരമായി കുറഞ്ഞിട്ടുണ്ട്. നാളന്ദ, തക്ഷശില തുടങ്ങിയ പ്രശസ്ത വിദ്യാകേന്ദ്രങ്ങള്‍ പുനരുജ്ജീവിപ്പിച്ച് വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കണമെന്നും രാഷ്ട്രപതി കൂട്ടിചേര്‍ത്തു. ചടങ്ങില്‍ രാഷ്ട്രപതി ബിരുദങ്ങളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
Next Story

RELATED STORIES

Share it