മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റിന് 15 വര്‍ഷം തടവ്

മാലെ: മാലദ്വീപ് പ്രസിഡന്റ്് അബ്ദുല്ല യമീന്‍ അബ്ദുല്‍ ഖയൂമിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍ വൈസ് പ്രസിഡന്റ് അഹ്മദ് അദീബിനെ 15 വര്‍ഷം തടവിനു ശിക്ഷിച്ചു. വധശ്രമക്കേസില്‍ മുന്‍ വൈസ് പ്രസിഡന്റും രണ്ട് സൈനിക അംഗരക്ഷകരും കുറ്റക്കാരാണെന്ന് ഇന്നലെ നടന്ന അടച്ചമുറി വിചാരണയ്ക്കു ശേഷം കോടതി അറിയിച്ചു. സ്പീഡ് ബോട്ടില്‍ ബോംബ് സ്ഥാപിച്ച് പ്രസിഡന്റിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. 2015 സപ്തംബറില്‍ നടന്ന സ്‌ഫോടനത്തില്‍ പ്രസിഡന്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. പ്രസിഡന്റിനെ പുറത്താക്കാന്‍ അദീബ് ശ്രമിച്ചിരുന്നതായി പോലിസ് അറിയിച്ചു. അതേസമയം വിധിക്കെതിരേ വിമര്‍ശനമുന്നയിക്കുന്നതില്‍ നിന്ന് കോടതി  വിലക്കിയതായി അഹ്മദ് അദീബിന്റെ അഭിഭാഷകന്‍ മൂസ സിറാജ് അറിയിച്ചു. വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസം മുമ്പ് മറ്റൊരു കേസില്‍ കോടതി അദീബിന് 10 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ്മാസത്തില്‍ സംഘടിപ്പിച്ച സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരില്‍ തീവ്രവാദക്കുറ്റം ചുമത്തിയായിരുന്നു ശിക്ഷ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന മാലദ്വീപില്‍ പ്രസിഡന്റ് ഗയൂമിന്റെ എതിരാളികളില്‍ ഭൂരിഭാഗവും ജയിലിലാവുകയോ രാജ്യം വിട്ടുപോവുകയോ ചെയ്തിരുന്നു. രാഷ്ട്രീയ എതിരാളികളെ തടവിലിട്ട് നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നതായി പ്രസിഡന്റിനെതിരേ ആരോപണം ഉയരുന്നുണ്ട്. രാജ്യത്ത് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ മുഹമ്മദ് നഷീലിന് അടുത്തിടെ ബ്രിട്ടന്‍ അഭയം നല്‍കിയിരുന്നു. തീവ്രവാദക്കുറ്റം ചുമത്തി 13 വര്‍ഷം ജയിലിലടക്കാനുള്ള ശ്രമത്തെത്തുടര്‍ന്നായിരുന്നു നഷീല്‍ രാജ്യം വിട്ടത്. പ്രതിപക്ഷത്തെ ഇസ്‌ലാമിസ്റ്റ് കക്ഷി അദാലത് പാര്‍ട്ടിയുടെ നേതാവ് ശെയ്ഖ് ഇമ്രാന്‍ അബ്ദുല്ലയെ മാലദ്വീപ് നാലുമാസം മുമ്പ് 12 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
Next Story

RELATED STORIES

Share it