malappuram local

മാറാക്കരയില്‍ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയില്‍ കൂട്ടരാജി

പുത്തനത്താണി: തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ബോര്‍ഡ് നഷ്ടപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് മാറാക്കരയില്‍ മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരാവാഹികള്‍ രാജിവച്ചു. പ്രസിഡന്റ് മാട്ടില്‍ മാനു ഹാജി, വര്‍ക്കിങ് പ്രസിഡന്റ് ഒ കെ സുബൈര്‍, ജനറല്‍ സെക്രട്ടറി എ പി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, വൈസ് പ്രസിഡന്റ് മൂര്‍ക്കത്ത് ഹംസ എന്നിവരാണ് സ്ഥാനം രാജിവച്ചത്.
പുതിയ ഭാരാവാഹികളായി പ്രസിഡന്റ് മാട്ടില്‍ കുഞ്ഞാപ്പ ഹാജി, ജനറല്‍ സെക്രട്ടറിയായി കാലൊടി അബു ഹാജി എന്നിവരെ തിരഞ്ഞെടുത്തു. മറ്റു സ്ഥാനങ്ങളിലേക്ക് ഭാരാവാഹികളെ തിരഞ്ഞെടുത്തിട്ടില്ല. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സംവിധാനം തകര്‍ന്ന ഇവിടെ മുസ്‌ലിം ലീഗ് തനിച്ചാണ് മല്‍സരിച്ചത്. ആകെ 20 വാര്‍ഡില്‍ കോണ്‍ഗ്രസ്സ്, സിപിഎം കൂട്ടുകെട്ടായ വികസന മുന്നണി 10 സീറ്റിലും ഒമ്പത് സീറ്റില്‍ മുസ്‌ലിം ലീഗും വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ലീഗ് വിമതന്‍ ജയിച്ചതാണ് ലീഗിന് ഭരണം നഷ്ടമാവാന്‍ കാരണമായത്.
20ാം വാര്‍ഡ് ആറ്റുപുറത്താണ് മുന്‍ ലീഗ് ബ്ലോക്ക് മെംബറായിരുന്ന സി എച്ച് ജലീല്‍ വിമതനായി മല്‍സരിച്ചത്. രാജി വച്ച ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന മൂര്‍ക്കത്ത് ഹംസ മാസ്റ്ററെയാണ് ജലീല്‍ പരാജയപ്പെടുത്തിയത്. ലീഗ് വാര്‍ഡ് കമ്മിറ്റി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥികളെ തഴഞ്ഞ് വാര്‍ഡുമായി ബന്ധമില്ലാത്ത ഹംസ മാസ്റ്ററെ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് ജലീല്‍ വിമതനായി മല്‍സരിച്ചത്.
ജലീല്‍ സ്ഥാനാര്‍ഥിയായതോടെ വികസന മുന്നണി അവരുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ജലീലിനു പിന്തുണ നല്‍കി. വാര്‍ഡിലെ ഭൂരിപക്ഷം ലീഗ് പ്രവര്‍ത്തകരുടെയും പിന്തുണയും കൂടി ജലീലിന് ലഭിച്ചതോടെ 152 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജലീല്‍ വിജയിക്കുകയായിരുന്നു.കൂടാതെ വാര്‍ഡ് ഒമ്പതില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരേ മുസ്‌ലിം ലീഗ് കുടുംബത്തില്‍ നിന്നു തന്നെ വികസന മുന്നണിയുടെ പിന്തുണയോടെ സ്ഥാനാര്‍ഥിയെ നിര്‍ത്തി ലീഗ് സ്ഥാനാര്‍ഥിയെ പരാജപ്പെടുത്തുകയും മറ്റൊരു മുതിര്‍ന്ന ലീഗ് നേതാവായ മൂസ്സ ഹാജി 15ാം വാര്‍ഡില്‍ നിന്നും തോറ്റതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ലീഗ് ഭാരവാഹികള്‍ രാജി വച്ചത്.
Next Story

RELATED STORIES

Share it