Second edit

മാര്‍പാപ്പയുടെ രാഷ്ട്രീയം

പോപ്പ് ഫ്രാന്‍സിസ് രാഷ്ട്രീയക്കാരനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി മല്‍സരിക്കുന്ന കോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപ്. പാപ്പ പറയുന്നത്, അതില്‍ സന്തോഷമുണ്ടെന്നാണ്. കാരണം, അരിസ്‌റ്റോട്ടിലിന്റെ സിദ്ധാന്തപ്രകാരം മനുഷ്യന്‍ രാഷ്ട്രീയജീവിയാണ്. രാഷ്ട്രീയക്കാരനാണ് പാപ്പ എന്നു പറഞ്ഞതിലൂടെ താന്‍ മനുഷ്യനാണെന്ന് അദ്ദേഹം അംഗീകരിക്കുന്നുവല്ലോ എന്ന ആശ്വാസത്തിലാണ് കത്തോലിക്കാസഭയുടെ പരമോന്നത നേതാവ്.
മാര്‍പാപ്പയ്ക്കുപോലും രാഷ്ട്രീയത്തില്‍ ഇടപെടേണ്ട സാഹചര്യമുണ്ടാക്കിയത് ട്രംപ് തന്നെ. മെക്‌സിക്കോയില്‍നിന്ന് അമേരിക്കയിലേക്ക് തൊഴില്‍തേടി വരുന്നവരെ തടയാന്‍ വന്‍മതില്‍ കെട്ടുമെന്നാണ് പ്രസിഡന്റ് സ്ഥാനമോഹിയുടെ പ്രഖ്യാപനം. പാപ്പ പറയുന്നത് ജനതകള്‍ക്കിടയില്‍ മതിലുകള്‍ പണിതുയര്‍ത്തുന്നവര്‍ ക്രൈസ്തവരല്ലെന്നാണ്.
ട്രംപിനാവട്ടെ, ക്രൈസ്തവ വോട്ട് വളരെ നിര്‍ണായകവുമാണ്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ പൊതുവെ സഭയുടെ അനുസരണയുള്ള കുഞ്ഞാടുകളായാണ് പ്രത്യക്ഷപ്പെടാറുള്ളത്. കാരണം, അമേരിക്കയില്‍ പ്രൊട്ടസ്റ്റന്റ് സഭയാണ് പ്രബലമെങ്കിലും കത്തോലിക്കരും നിര്‍ണായക ശക്തികള്‍ തന്നെയാണ്. വരാനിരിക്കുന്ന ദക്ഷിണ കാരലിനാ പ്രൈമറിയിലെ സ്ഥാനാര്‍ഥിത്വ മല്‍സരത്തില്‍ ജയം ട്രംപിനെ സംബന്ധിച്ചു നിര്‍ണായകമാണ്. ആ സംസ്ഥാനത്താവട്ടെ കത്തോലിക്കര്‍ വലിയ ശക്തിയുമാണ്. ചുരുക്കത്തില്‍ പാപ്പയുടെ വാക്കുകള്‍ ട്രംപിന്റെ മുന്നേറ്റത്തിനു വലിയ വിഘാതമാവുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍.
Next Story

RELATED STORIES

Share it