kasaragod local

മാര്‍ജിന്‍ മണി വായ്പ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു

കാസര്‍കോട്: വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മാര്‍ജിന്‍ മണി വായ്പയുടെ കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കും. മൂന്നുമാസക്കാലത്തേക്കാണ് പദ്ധതിയുടെ കാലാവധി. 2007 നവംബര്‍ 11 നോ അതിനു മുന്‍പോ വായ്പ എടുത്ത് തിരിച്ചടവ് കാലാവധി കഴിഞ്ഞ വായ്പകള്‍ക്കാണ് പദ്ധതി ബാധകമായിട്ടുള്ളത്.
വായ്പ വാങ്ങിയ സംരംഭകന്‍ മരണപ്പെടുകയും സ്ഥാപനം നിന്നുപോവുകയും സ്ഥാപനത്തിന്റെ ആസ്തികള്‍ നിലവിലില്ലാതിരിക്കുകയും ചെയ്ത കേസുകളില്‍ മുതലും പലിശയും പിഴപ്പലിശയും എഴുതിത്തള്ളും.
മരണപ്പെട്ട സംരംഭകന്റെ അവകാശികള്‍ ഇതിനായി അപേക്ഷിക്കണം. ഇത്തരം കേസുകളില്‍ സംരംഭകന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മുതല്‍ ഒറ്റത്തവണയായി തിരിച്ചടച്ചാല്‍ പലിശയും പിഴപ്പലിശയും എഴുതിത്തള്ളും. വായ്പ വാങ്ങിയ സംരംഭകന്‍ മരണപ്പെടുകയും സ്ഥാപനം പ്രവര്‍ത്തിക്കുന്ന കേസുകളില്‍ പലിശയും പിഴപ്പലിശയും 50 ശതമാനം എഴുതിത്തള്ളും. പീഡിത വ്യവസായ പദ്ധതി പ്രകാരം പുനരുദ്ധാരണത്തിനായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സ്‌കീം അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷകള്‍ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫിസുകളില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും താലൂക്ക് വ്യവസായ ഓഫിസ് കാസര്‍കോട്, ഹൊസ്ദുര്‍ഗ് നിന്നും ലഭിക്കും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആനുകൂല്യം ഉപയോഗിച്ച് അര്‍ഹതയുള്ള മുഴുവന്‍ സംരംഭകരും വായ്പ അടച്ചുതീര്‍ക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it