Articles

'മാര്‍ക്ക്' മരിക്കാത്ത ഒരു കാലം വരും!

മാര്‍ക്ക് മരിക്കാത്ത ഒരു കാലം വരും!
X
slug-avkshngl-nishdnglപുതുവല്‍സരത്തെ വരവേല്‍ക്കാന്‍ ആയിരങ്ങള്‍ തെരുവോരങ്ങളും കടല്‍ത്തീരങ്ങളും കടന്നുകയറിയ ആണ്ടറുതിയുടെ രാത്രിയില്‍ നഗരത്തിലെ ഫ്‌ളാറ്റില്‍ താമസക്കാരായ ആ അമ്മയ്ക്കും മകനും മരുമകള്‍ക്കും നേരെചൊവ്വെ ഉറങ്ങാനായില്ല. മൂന്നു വയസ്സുകാരിയായ കൊച്ചുമകളുടെ നഴ്‌സറി സ്‌കൂള്‍ അഡ്മിഷനുള്ള അപേക്ഷാഫോറം വിതരണം ചെയ്യുന്ന പുതുവല്‍സരദിനത്തിലെ പ്രയാസങ്ങള്‍ ഓര്‍ത്താണ് ഉറക്കം നഷ്ടപ്പെട്ടത്. വന്‍ തുക ഡൊണേഷന്‍ നല്‍കിയാണെങ്കിലും കുട്ടിക്ക് അഡ്മിഷന്‍ തരപ്പെടുത്താന്‍ തീരുമാനിച്ച് അവര്‍ സുപ്രഭാതത്തെ കാത്തുകിടന്നു. തിടുക്കത്തില്‍ പ്രഭാതകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി എല്‍കെജി അഡ്മിഷനു വേണ്ടിയുള്ള അപേക്ഷാഫോറം വാങ്ങാനുള്ള ക്യൂവില്‍ ഇടംപിടിക്കാന്‍ റോഡിലേക്കിറങ്ങി. അമ്മ സ്വാമിജിയുടെ പേരിലുള്ള സ്‌കൂളിനു മുമ്പിലും മകന്‍ വിശുദ്ധയുടെ നാമത്തിലുള്ള വിദ്യാലയത്തിനടുത്തും മരുമകള്‍ സത്യസന്ധനായ പ്രവാചകന്റെ സ്മരണ നിലനിര്‍ത്തുന്ന സ്‌കൂളിനു സമീപമുള്ള ക്യൂവിലും ഇടംപിടിച്ചു. ഏതാണ്ട് ഉച്ചയോടെ മൂവരും അപേക്ഷാഫോറവുമായി താമസ സ്ഥലത്ത് തിരിച്ചെത്തി. ആറക്ക തുക ഡൊണേഷന്‍ നല്‍കി മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം തരപ്പെടുത്താന്‍ തീരുമാനിച്ചു.
നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസമേഖലയില്‍ നഴ്‌സറിതലം മുതല്‍ അഡ്മിഷന്‍ സമയത്ത് നടന്നുവരുന്ന മാനേജ്‌മെന്റ് ക്വാട്ടയുടെ വില്‍പ്പന സംബന്ധിച്ച കാര്യങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാണ് മേല്‍വിവരിച്ച കഥ. പുതുവര്‍ഷം പിറന്നതോടെ കേരളത്തിലെ നഗരങ്ങളില്‍ പ്രമുഖ സ്‌കൂളുകളിലെല്ലാം എല്‍കെജി/യുകെജി ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്‌കൂളുകള്‍ മുതല്‍ സ്വകാര്യ മാനേജ്‌മെന്റിനു കീഴിലുള്ള സിബിഎസ്‌സി സ്‌കൂളുകള്‍ വരെ നഴ്‌സറിതലത്തില്‍ ഭീമന്‍ തുക 'ഡൊണേഷന്‍' വാങ്ങിയാണ് കൊച്ചുകുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കുന്നത്. സര്‍ക്കാരിന്റെ യാതൊരു നിയന്ത്രണമോ ഇടപെടലോ ഒന്നുമില്ലാതെ നടക്കുന്ന ഈ 'കച്ചവടം' നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായാണു കാണുന്നത്.
എന്നാല്‍, സ്വകാര്യ സ്‌കൂളുകളില്‍ നഴ്‌സറി ക്ലാസുകളിലേക്ക് പ്രവേശനത്തിനുള്ള എല്ലാവിധ ക്വാട്ടകളും നിര്‍ത്തലാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ഡല്‍ഹി സംസ്ഥാന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ വാര്‍ത്താസമ്മേളനം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ക്കിടയാക്കുംവിധമുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നടപടി ഭൂരിഭാഗം ജനങ്ങളും സ്വാഗതം ചെയ്യുമ്പോള്‍ ശുപാര്‍ശയുടെ പിന്‍ബലത്തില്‍ മാനേജ്‌മെന്റ് ക്വാട്ട തരപ്പെടുത്തിയവര്‍ അസ്വസ്ഥരാണ്. ഇപ്പോള്‍ ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളുകളില്‍ നിലവിലുള്ള മാനേജ്‌മെന്റ് ക്വാട്ടകള്‍ എടുത്തുകളഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപനംമൂലം മേലില്‍ ഇത്തരം സ്‌കൂളുകളിലെ 75 ശതമാനം സീറ്റുകളിലും ഓപണ്‍ കാറ്റഗറിയില്‍ പ്രവേശനം നടത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കി. അവശേഷിക്കുന്ന 25 ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് നീക്കിവയ്ക്കാനും ഉത്തരവിട്ടു.
പുതുവല്‍സരത്തില്‍ ഡല്‍ഹിയിലെ 2500ഓളം നഴ്‌സറി ക്ലാസുകളിലേക്ക് നടക്കാനിരിക്കുന്ന അഡ്മിഷന്‍ പ്രക്രിയയെ ഈ പുതിയ തീരുമാനം ബാധിക്കും. മാനേജ്‌മെന്റ് ക്വാട്ട സമ്പ്രദായം രാജ്യത്തിന് ദുഷ്‌പേരു വരുത്തിവയ്ക്കുന്ന ഒന്നാണെന്നും ഇതു നിരവധി അത്യാചാരങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണെന്നും ഇത് അവസാനിപ്പിക്കേണ്ടതാണെന്നും കെജ്‌രിവാള്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് മാനേജ്‌മെന്റ് ക്വാട്ടയുമായി മുന്നോട്ടുപോവുന്ന സ്വകാര്യ സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി അവ ഏറ്റെടുക്കുംവിധമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന് ആലോചിക്കേണ്ടിവരുമെന്നു വ്യക്തമാക്കിയ ഡല്‍ഹി സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ നഴ്‌സറി പ്രവേശനത്തിനു വേണ്ടി തയ്യാറാക്കിയ അന്യായവും വിവേചനപരവുമായ 62 മാനദണ്ഡങ്ങള്‍ കൂടി റദ്ദാക്കുകയുണ്ടായി.
ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന നിയമത്തിനു മുന്നിലെ തുല്യതയുടെ ലംഘനമാണ് മാനേജ്‌മെന്റ് ക്വാട്ടയിലൂടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാര്‍ ചെയ്തുവരുന്നത്. ഈ വിഷയത്തില്‍ കേരളത്തിലെ സ്ഥിതിയും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. ആദ്യമായി സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ 50:50 അനുപാതം നടപ്പാക്കിയത് കേരളത്തിലാണ്. താന്‍ പാതി ദൈവം പാതി എന്നു പറഞ്ഞതുപോലെ പകുതി സര്‍ക്കാര്‍ മെറിറ്റും പകുതി മാനേജ്‌മെന്റ് ക്വാട്ടയും എന്ന പുത്തന്‍ മാനേജ്‌മെന്റ് ടെക്‌നിക്ക് എന്ന നിലയില്‍ ആരംഭിച്ച സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റിന് 50 ശതമാനം സീറ്റ് നല്‍കി അവരുടെ ഇഷ്ടാനുസരണം വിറ്റ് കാശാക്കാന്‍ അവകാശം നല്‍കിയത് സര്‍ക്കാരിനു തന്നെ വിനയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹി മോഡല്‍ കേരളത്തിലും പരീക്ഷിച്ചുനോക്കാവുന്നതാണ്. അപ്പോള്‍ മാത്രമേ കാശുള്ളവരും ശുപാര്‍ശക്കാരും മാത്രം പഠിച്ചാല്‍ മതിയെന്ന ആശയത്തിനു പകരം കാശില്ലെങ്കിലും മാര്‍ക്കുണ്ടെങ്കില്‍ പഠിക്കാം എന്ന അവസ്ഥ സംജാതമാവൂ. അതാവട്ടെ സാമൂഹികനീതി ഉറപ്പാക്കുന്നതിന് ഉപകരിക്കുന്ന ഒന്നായി മാറുകയും ചെയ്യും. $
Next Story

RELATED STORIES

Share it