thrissur local

മാര്‍ക്കറ്റ് റോഡ്, സൗത്ത് ജങ്ഷന്‍ എന്നിവിടങ്ങളില്‍ വലിയതോതില്‍ വായു മലിനീകരണം

ചാലക്കുടി: ചാലക്കുടിയിലെ വായു ഗുണനിലവാര പരിശോധനയുടെ ഫലം പുറത്തു വന്നു. നഗരസഭ പരിധിയിലെ നാലു സ്ഥലങ്ങളിലാണ് ഹൈ വോള്യം സാംപ്ലെര്‍ ഉപയോഗിച്ച് ഈ പരിശോധന നടത്തിയത്. സൗത്ത് ജംങ്ക്ഷന്‍, പോട്ട , മാര്‍ക്കറ്റ് റോഡ്, നോര്‍ത്ത് ചാലക്കുടി, ഓര്‍മ ഗാര്‍ഡന്‍സ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ഇതില്‍ മാര്‍ക്കറ്റ് റോഡ്, സൗത്ത് ജംങ്ക്ഷന്‍ എന്നിവിടങ്ങളില്‍ വായുവില്‍ നിന്നും മനുഷ്യന്റെ ശ്വാസകോശം വഴിശരീരത്തില്‍ എത്തുന്നതും അസുഖങ്ങള്‍ വരുത്താവുന്നതും ആയ അതി സൂക്ഷ്മ കണികകള്‍ ആയ പര്‍റ്റിക്യുലറ്റ് മാറ്റെര്‍ യഥാക്രമം 157 ഉം 118 ഉം ആണെന്നു തെളിഞ്ഞു.
അനുവദനീയമായ ഏറ്റവും ഉയര്‍ന്ന പരിധി ഒരു ക്യുബിക് മീറ്ററില്‍ 100 മൈക്രോ ഗ്രാം ആണ്. പോട്ടയില്‍ ഇത് 95 ഉം, നോര്‍ത്ത് ചാലക്കുടി ഓര്‍മ ഗാര്‍ടെന്‍സില്‍ 42 ഉം ആണ്. വായുവിലെ അതി സൂക്ഷ്മ കണികകള്‍ ആയ പര്‍റ്റിക്യുലറ്റ് മാറ്റെര്‍ നമ്മുടെ ശ്വാസകോശത്തിനരിച്ചെടുക്കാന്‍ ആവില്ല.
ഇത് വിവിധ തരം അലര്‍ജി, ശ്വാസം മുട്ട്, അകാരണമായ ക്ഷീണം, കാന്‍സെര്‍, മാനസിക പിരിമുറുക്കം എന്നിവയ്ക്ക് വഴി തെളിയിക്കാം. ഇത് കുട്ടികളെയും വൃദ്ധരേയുമാണ് കൂടുതല്‍ ബാധിക്കുക. വായു പരിശോധനയില്‍ വ്യവസായ ശാലകളില്‍ നിന്നുള്ള സള്‍ഫര്‍ ഡൈ ഒാക്‌സൈഡ് വാതകതിന്റെ അളവ് യഥാക്രമം ഒരു ക്യുബിക് മീറ്ററില്‍, മാര്‍ക്കറ്റില്‍ 3.02 മൈക്രോ ഗ്രാമും, സൗത്ത് ജംങ്ക്ഷനില്‍ 5.5 മൈക്രോ ഗ്രാമും, പോട്ട ജംങ്ക്ഷനിലും, നോര്‍ത്ത് ചാലക്കുടി ഓര്‍മ ഗാര്‍ഡന്‍സിലും കണ്ടെത്താനാവുന്ന പരിധിക്ക് താഴെയാണെന്നും തെളിഞ്ഞു.
വാഹനങ്ങളുടെ പുകയില്‍ നിന്ന് വരുന്ന നൈട്രജന്‍ ഡൈ ഓക്‌സൈഡ് വാതകതിന്റെ അളവ് യഥാക്രമം ഒരു ക്യുബിക് മീറ്ററില്‍, മാര്‍ക്കറ്റില്‍ 5.09 മൈക്രോ ഗ്രാമും, സൗത്ത് ജംങ്ക്ഷനില്‍ 10.6 മൈക്രോ ഗ്രാമും, പോട്ട ജംങ്ക്ഷനില്‍ 4.37 മൈക്രോ ഗ്രാമും, നോര്‍ത്ത് ചാലക്കുടി ഓര്‍മ ഗാര്‍ഡന്‍സില്‍ 1.05 ആണെന്ന് കണ്ടെത്തി. ഇതു അനുവദനീയമായ പരിധിക്കും വളരെ താഴെയാണ് .
കേരളത്തിലെ ചെറു പട്ടണങ്ങളില്‍ പോലും വായു ഗുണനിലവാരം മോശമാകുന്നു എന്നതാണ് ചാലക്കുടിയിലെ ഈ പഠനം തെളിയിക്കുന്നത് . ഇത്തരം ചെറു പട്ടണങ്ങള്‍ അതി വേഗത്തിലാണ് വളരുന്നത് എന്നതു കൊണ്ട് വായു മലിനീകരണം ഭാവിയില്‍ ഇനിയുമേറെ വര്‍ധിക്കുവനാണ് സാധ്യതയുള്ളത്. ഈ പഠന ഫലം സംസ്ഥാനത്തിന് ഒട്ടാകെ ഒരു മുന്നറിയിപ്പാണ്. കേരളത്തില്‍ ആദ്യമായാണ് ഒരു നഗരസഭ ശാസ്ത്രീയമായി വായു ഗുണനിലവാര പരിശോധന നടത്തുന്നത്.
ഈ പരിശോധന ഫലത്തിന്റെ വെളിച്ചത്തില്‍ സര്‍ക്കരിനോടും, ജന പ്രതിനിധികളോടും, വിദഗ്ധരോടും കൂടിയാലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍ പേര്‍സണ്‍ ഉഷ പരമേശ്വരന്‍ പറഞ്ഞു. കറുകുറ്റി എസ്‌സിഎംഎസ് എഞ്ചിനീയറിംഗ് കോളജിലെ പാരിസ്ഥിതിക എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡോ. സണ്ണി ജോര്‍ജ്, ഡോ. രതിഷ് മേനോന്‍, എം ടെക് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ജന മൈത്രി പോലിസ്, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ സഹസംഘാടകര്‍ ആയിരുന്നു. മേല്‍പറഞ്ഞ നാലു സ്ഥലങ്ങളിലും ഉപയോഗിച്ച ഫിള്‍ട്ടറുകളില്‍ ഹാനികരമായ പൊടിയുടെ കണികകളുടെ സ്വഭാവ സവിശേഷതകള്‍ വ്യക്തമായി. സൗത്ത് ജംങ്ക്ഷനിലും, പോട്ടയിലും വാഹനങ്ങളില്‍ നിന്ന് പുറം തള്ളുന്ന ഇന്ധന അവശിഷ്ടങ്ങളുടെ ചെറു കണികകള്‍ ആണ് കണ്ടത്. എന്നാല്‍ മാര്‍ക്കറ്റ് റോഡില്‍ മണ്ണില്‍ നിന്നുള്ള പൊടിയുടെ അതി സൂക്ഷ്മ കണികകള്‍ ആണ് കണ്ടെത്തിയത്.
Next Story

RELATED STORIES

Share it