മാനേജറും മുന്‍ പി.ടി.എ. പ്രസിഡന്റും അറസ്റ്റില്‍

സ്വന്തം  പ്രതിനിധി

മലപ്പുറം: മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ കെ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജര്‍ വി പി സൈതലവിയെയും പി.ടി.എ. മുന്‍ പ്രസിഡന്റ് കെ ടി ഹൈദറിനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പാലക്കാട് ഡി.വൈ.എസ്.പി. മുഹമ്മദ് കാസിമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂണ്‍ 5നു ഹൈക്കോടതി ഇവര്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. സ്‌കൂളിലെ പ്രധാനാധ്യാപിക സുധ പി നായരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നു നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികള്‍ ഹാജരായത്. സ്‌കൂളിലെ പ്യൂണ്‍ മുഹമ്മദ് അഷ്‌റഫിനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അധ്യാപകനായ കെ കെ അനീഷിനെ സ്‌കൂള്‍ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അനീഷിനെ പിന്നീട് മലമ്പുഴയിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 2014 സപ്തംബര്‍ 2നായിരുന്നു സംഭവം. പ്രധാനാധ്യാപിക സുധ പി നായര്‍, സ്‌കൂള്‍ മാനേജറും മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ വി പി സൈതലവി, മുന്‍ ഡി.ഡി.ഇ. കെ സി ഗോപി, പ്യൂണ്‍മാരായ മുഹമ്മദ് അഷ്‌റഫ്, അബ്ദുല്‍ ഹമീദ്, ക്ലാര്‍ക്ക് അബ്ദുര്‍റസാഖ്, പി.ടി.എ. മുന്‍ പ്രസിഡന്റ് എ ടി ഹൈദര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
Next Story

RELATED STORIES

Share it