Editorial

മാനുഷിക മൂല്യങ്ങള്‍ നമുക്ക് അന്യമാകരുത്

കോഴിക്കോട്ടെ ഓടയില്‍ വീണ് വിഷവായു ശ്വസിച്ച് ജീവനു വേണ്ടി കരഞ്ഞ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രയത്‌നത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചയാളാണ് ഓട്ടോറിക്ഷാ തൊഴിലാളിയായ നൗഷാദ്. തന്നെപ്പോലെ തൊഴിലെടുത്തു ജീവിക്കുന്ന രണ്ടു മനുഷ്യരെ ദുരന്തത്തില്‍ നിന്നു രക്ഷിക്കുകയെന്ന ഒരേയൊരു ചിന്ത മാത്രമാണ് ചായക്കടയില്‍ നിന്നു ദുരന്തസ്ഥലത്തേക്ക് ഇറങ്ങിയോടിയ ഈ യുവാവിനെ നയിച്ചത്. സ്വാഭാവികമായും നൗഷാദിന്റെ മഹത്തായ ത്യാഗം മലയാളി സമൂഹത്തെ ആകെ സ്പര്‍ശിക്കുകയുണ്ടായി. സമൂഹത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള ആളുകളും ഈ ജീവത്യാഗത്തെ പ്രകീര്‍ത്തിക്കുകയുണ്ടായി. കുടുംബത്തെ സന്ദര്‍ശിച്ച മുഖ്യമന്ത്രി കൂട്ടത്തില്‍ ചില സഹായങ്ങളും വാഗ്ദാനം ചെയ്തു. ഇങ്ങനെ സഹായവാഗ്ദാനം നല്‍കുന്നതും അശരണരായ കുടുംബങ്ങളെ സഹായിക്കുന്നതും കേരളത്തില്‍ പുതിയ ഏര്‍പ്പാടല്ല. തങ്ങളാല്‍ കഴിയുന്ന സഹായം സര്‍ക്കാര്‍ മാത്രമല്ല, സാധാരണ ജനങ്ങളും അനാഥരാവുന്ന കുടുംബങ്ങള്‍ക്കു നല്‍കാറുണ്ട്. ഇക്കാര്യത്തില്‍ കേരളത്തില്‍ ഇന്നുവരെ ആരെങ്കിലും ജാതിയോ മതമോ നോക്കിയതായി കേട്ടുകേള്‍വിയില്ല. ആ മഹത്തായ കേരളീയ പാരമ്പര്യത്തിനു മാറ്റം വരുത്തിയിരിക്കുന്നത് നവോത്ഥാന കേരളത്തിന്റെ ആചാര്യനായ ശ്രീനാരായണഗുരുവിന്റെ പേരില്‍ അറിയപ്പെടുന്ന പ്രസ്ഥാനത്തിന്റെ ഇന്നത്തെ നടുനായകനായ വെള്ളാപ്പള്ളി നടേശനാണെന്നത് ചരിത്രത്തിലെ ഒരു ദുരന്തം തന്നെയാണ്. നടേശന്‍ ഏതു ഗുരുവിന്റെ തണലിലാണോ ഇന്നു കേരളത്തില്‍ പ്രമാണിയായത്, ആ മഹാഗുരുവിനോട് ചെയ്യുന്ന നിന്ദയായിപ്പോയി, നൗഷാദിനു സഹായം നല്‍കിയത് മതപ്രീണനമാണെന്ന അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ പ്രസ്താവന. കേരളത്തില്‍ ഇന്നു വ്യാപകമായിക്കൊണ്ടിരിക്കുന്ന വര്‍ഗീയതയുടെയും പരമതനിന്ദയുടെയും പ്രത്യക്ഷോദാഹരണം തന്നെയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന. അതിനപ്പുറം, നവോത്ഥാന മൂല്യങ്ങള്‍ മാത്രമല്ല, ഏതു സമൂഹത്തിലും മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന മാനവിക മൂല്യങ്ങളും നമുക്കിടയില്‍ പലര്‍ക്കും കൈമോശം വന്നുകൊണ്ടിരിക്കുകയാണെന്ന ഞെട്ടിക്കുന്ന ഓര്‍മപ്പെടുത്തലുമാണ് നടേശന്റെ പ്രസംഗം. പണക്കൊഴുപ്പും അധികാരക്കൊതിയും ഉന്നതങ്ങളില്‍ തനിക്കുണ്ടെന്ന് അദ്ദേഹം കരുതുന്ന പിടിപാടും എങ്ങനെ ഒരു മനുഷ്യനെ പൂര്‍ണമായും വിവേകശൂന്യനാക്കും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഇത്തരം വികലമായ പ്രസ്താവനകളില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെങ്കില്‍ അത് കേരളീയ സമൂഹത്തിന് അവര്‍ ചെയ്യുന്ന വലിയൊരു ഉപകാരമായിരിക്കും. കേരളത്തില്‍ ഒരു ഹിന്ദുസമുദായ കക്ഷി ഉണ്ടാക്കിയെടുക്കാനുള്ള തത്രപ്പാടിലാണ് നടേശന്‍. അതിനു വേണ്ടിയാണ് ഇത്തരം വില കുറഞ്ഞ പ്രസ്താവനകളെന്ന് ഊഹിക്കണം. പക്ഷേ, ഇത്തരം നിലപാടുകള്‍ പ്രബുദ്ധമായ ഒരു സമുദായത്തില്‍ തന്നെ അപഹാസ്യനാക്കി മാറ്റുകയാെണന്ന് അദ്ദേഹം തിരിച്ചറിയുന്നില്ലെന്നതു നിര്‍ഭാഗ്യം തന്നെ.
Next Story

RELATED STORIES

Share it