wayanad local

മാനന്തവാടി സബ് കലക്ടര്‍ ഓഫിസ് സ്ഥാനാര്‍ഥികളുടെ സംഗമവേദിയായി

മാനന്തവാടി: പത്രികാ സമര്‍പ്പണത്തില്‍ മാനന്തവാടി നിയോജക മണ്ഡലത്തിലെ മൂന്നു മുന്നണികളും ഒരുമിച്ചെത്തിയതു കൗതുകമായി. 29 വരെ പത്രികാ സമര്‍പ്പണത്തിന് സമയമുണ്ടായിട്ടും ഇന്നലെ രാവിലെ തന്നെ യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ പത്രികാ സമര്‍പ്പണത്തിന് സമയം കണ്ടെത്തിയതാണ് ശ്രദ്ധേയം. സ്ഥാനാര്‍ഥികളോടൊപ്പമെത്തിയ മൂന്നു മുന്നണികളുടെയും പ്രമുഖ നേതാക്കളും പരസ്പരം സൗഹൃദം പങ്കുവച്ചും കുശലം പറഞ്ഞുമാണ് പത്രികാസമര്‍പ്പണം നടത്തി മടങ്ങിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ പി കെ ജയലക്ഷ്മിയാണ് ആദ്യം സബ്കലക്ടര്‍ ഓഫിസിലെത്തിയത്. സബ് കലക്ടറുടെ ചേംബറിലേക്ക് യുഡിഎഫ് നേതാക്കള്‍ കയറിയതിനു തൊട്ടുപിന്നാലെ എല്‍ഡിഎഫ് നേതാക്കളും സ്ഥാനാര്‍ഥിയോടൊപ്പമെത്തി.
സ്ഥാനാര്‍ഥി ഒ ആര്‍ കേളു പുറത്ത് കാത്തിരിക്കുമ്പോള്‍ തന്നെ ബിജെപി സ്ഥാനാര്‍ഥി മോഹന്‍ദാസും കൂടെ നേതാക്കളുമെത്തി. പത്രിക സമര്‍പ്പിച്ചശേഷം പുറത്തിറങ്ങിയ മന്ത്രി ജയലക്ഷ്മി രണ്ടു സ്ഥാനാര്‍ഥികളോടും ക്ഷേമാന്വേഷണം നടത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളു തന്റെ ബന്ധുവും സുഹൃത്തുമാണെങ്കിലും ബിജെപി സ്ഥാനാര്‍ഥിയെ ആദ്യമായി ഇന്നലെയാണ് മന്ത്രി പരിചയപ്പെട്ടത്. പരിചയക്കുറവ് പുറത്തുപറയാനും മന്ത്രി മടികാണിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ ചുറ്റും കൂടിയതോടെ മൂന്നു പേരും തമ്മിലുള്ള കൂടിക്കാഴ്ച കാമറകള്‍ക്ക് വിരുന്നായി.
ഇന്നലെ രാവിലെ 11 മുതല്‍ 12 വരെ ശുഭമുഹൂര്‍ത്തമായിരുന്നുവെന്ന് ചിലര്‍ പറയുന്നു. എന്നാല്‍, സബ് കലക്ടര്‍ രണ്ടു ദിവസത്തേക്ക് അവധിയിലായതിനാലാണ് ഈ സമയം തിരഞ്ഞെടുത്തതെന്നാണ് ഒൗദ്യോഗിക വിശദീകരണം. ആരുടെ സമയമാണ് തെളിയുന്നതെന്നറിയാന്‍ ഇനി 19 വരെ കാത്തിരിക്കേണ്ടിവരും.
Next Story

RELATED STORIES

Share it