wayanad local

മാനന്തവാടി ബ്ലോക്ക് ഡ്രൈവര്‍ നിയമനം: കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം മൂര്‍ച്ഛിക്കുന്നു

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിലെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്- ലീഗ് തര്‍ക്കം മൂര്‍ച്ഛിക്കുന്നു. ലീഗ് പ്രസിഡന്റിന്റെ താല്‍പര്യ പ്രകാരം ഇടതു പിന്തുണയോടെ നിയമിക്കപ്പെട്ട ഡ്രൈവര്‍ക്കെതിരേ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ ഒത്താശയോടെ നേരത്തെയുണ്ടായിരുന്ന ഡ്രൈവര്‍ കോടതിയെ സമീപിക്കുയും പുതിയ നിയമനം മരവിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തല്‍ക്കാലം തനിക്കു വാഹനത്തിന്റെ ആവശ്യമില്ലെന്ന നിലപാട് പ്രസിഡന്റ് അറിയിക്കുകയും വാഹനം ഷെഡില്‍ തന്നെ നിര്‍ത്തിയിട്ടിരിക്കുകയുമാണ്. നേരത്തെയുണ്ടായിരുന്ന താല്‍ക്കാലിക ഡ്രൈവറെ തന്നെ നിയമിക്കണമെന്ന പിടിവാശിയിലാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം. എന്നാല്‍, പ്രസിഡന്റ് പദം മുസ്‌ലിം ലീഗിലെ പ്രീത രാമനാണെന്നിരിക്കെ ഡ്രൈവറെ നിയമിക്കാന്‍ തങ്ങള്‍ക്കാണവകാശമെന്ന നിലപാടായിരുന്നു ലീഗിനുണ്ടായിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍വ്യൂ നടത്തി തങ്ങള്‍ക്കിഷ്ടമുള്ളയാളെ ഡ്രൈവറായി വയ്ക്കാന്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ച യോഗത്തില്‍ ഇടതു പിന്തുണയോടെ ലീഗ് തീരുമാനിച്ചത്. ഇതിനെതിരേയാണ് മുന്‍ ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതുവരെ മുന്‍ ഡ്രൈവറെ പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ ഡ്രൈവറെ നിയിമിക്കുന്നതു വരെ നിലവിലുണ്ടായിരുന്ന ഡ്രൈവറെ പിരിച്ചുവിടരുതെന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. ഇതില്‍ പ്രകോപിതരായ ലീഗ് അംഗങ്ങള്‍ പ്രസിഡന്റ് പദവി ഒഴിയുന്നതടക്കമുള്ള നടപടികളെടുക്കാന്‍ ആലോചന നടത്തിയിരുന്നു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കടുത്ത നടപടികളുണ്ടായാല്‍ അണികള്‍ക്കിടയില്‍ ആശങ്കയുണ്ടാവുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ കാത്തിരിക്കാനാണ് തീരുമാനം.
Next Story

RELATED STORIES

Share it