wayanad local

മാനന്തവാടി ബിവറേജസ് ഔട്ട്‌ലെറ്റ്: സമരക്കാരെ സഹായിച്ച മൂന്നു പേര്‍ക്കെതിരേ കേസ്

മാനന്തവാടി: ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ സമരം നടത്തുന്ന ആദിവാസി സ്ത്രീകളെ സഹായിച്ച മൂന്നു പേര്‍ക്കെതിരേ മാനന്തവാടി പോലിസ് കേസെടുത്തു. നഗരസഭാ കൗണ്‍സിലര്‍ പടയന്‍ റഷീദ്, മുജീബ് റഹ്മാന്‍ അഞ്ചുകുന്ന്, മേഴ്‌സി മാര്‍ട്ടിന്‍ പുതുവ എന്നിവര്‍ക്കെതിരേയാണ് ക്രിമിനല്‍ ചട്ടം 107 പ്രകാരം മാനന്തവാടി എസ്‌ഐ വിനോദ് വേലാറ്റൂര്‍ കേസെടുത്ത് മാനന്തവാടി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയത്.
പൊതുസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് കേസ്. പ്രതികളായി ചൂണ്ടിക്കാട്ടിയവര്‍ നിയമഭയമില്ലാത്തവരാണെന്നും നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും നിയമലംഘനത്തില്‍ നിന്നു പിന്മാറാത്തവരാണെന്നും ആരോപിച്ചാണ് എസ്‌ഐ സിആര്‍പിസി 107 പ്രകാരം കേസെടുത്തത്.
എന്നാല്‍, പടയന്‍ റഷീദിനെതിരേ എന്തെങ്കിലും കേസ് നേരത്തെ രജിസ്റ്റര്‍ ചെയ്തതായി പോലിസ് വ്യക്തമാക്കുന്നില്ല. മുജീബ്, മേഴ്‌സി എന്നിവര്‍ ഏപ്രില്‍ രണ്ടിനു വൈകീട്ട് ബിവറേജസിലേക്കുള്ള വഴി തടഞ്ഞതായും ജീവനക്കാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും കാണിച്ചുകൊണ്ട് രണ്ടു കേസുകളുള്ളതായി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സാധാരണ ഗതിയില്‍ നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ചുമത്തുന്ന കുറ്റം മദ്യവിരുദ്ധ സമരത്തിലേര്‍പ്പെട്ടവര്‍ക്കെതിരേ ചുമത്തിയത് വ്യക്തിവൈരാഗ്യം തീര്‍ക്കാനാണെന്നാണ് ആക്ഷേപം. ഏപ്രില്‍ രണ്ടിനു നടന്ന ഉപരോധ സമരത്തിനിടെ ആദിവാസി സ്ത്രീകളെ മദ്യം വാങ്ങാനെത്തിയ ചിലര്‍ മര്‍ദ്ദിച്ചിരുന്നു. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എസ്‌ഐ പ്രതികള്‍ക്കെതിരേ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ആദിവാസി സ്ത്രീകള്‍ ട്രൈബല്‍ വകുപ്പിനുള്‍പ്പെടെ പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എസ്എംഎസ് ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു. ആദിവാസി സ്ത്രികള്‍ക്ക് സമരത്തിന് പ്രചോദനം നല്‍കുന്നത് അഡ്വ. പടയന്‍ റഷീദ്, മുജീബ്, മേഴ്‌സി എന്നിവരാണെന്ന് എസ്‌ഐ ചിലരോട് പറഞ്ഞിരുന്നുവത്രേ. ഇതിന്റെ ഭാഗമായാണ് ഇവര്‍ക്കെതിരേ കേസെടുത്തതെന്നാണ് സമരക്കാരുടെ ആരോപണം. ഇതിനെതിരേ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും ഇവര്‍ അറിയിച്ചു. വ്യാഴാഴ്ച ആര്‍ഡിഒ കോടതി മുമ്പാകെ പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരാവുകയും കേസ് 26ലേക്ക് മാറ്റിവയ്ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it