wayanad local

മാനന്തവാടി ബിവറേജസ് ഔട്ട്‌ലെറ്റ്: ആദിവാസികള്‍ നടത്തുന്നത് അവകാശ സമരം: ദയാബായി

മാനന്തവാടി: മദ്യത്തിനെതിരേ ആദിവാസി സ്ത്രീകള്‍ നടത്തിവരുന്ന സമരം ഭരണഘടന നല്‍കിയ അവകാശത്തിനു വേണ്ടിയുള്ളതാണെന്നും ഇതു കണ്ടില്ലെന്നു നടിക്കുന്ന അധികൃതരുടെ സമീപനത്തിനെതിരേ ജനരോഷം ഉയരണമെന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ദയാഭായ്. ആദിവാസി ഫോറത്തിന്റെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന സ്ത്രീകളുമായി ആശയവിനിമയം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ഭയപ്പാടില്ലാതെ സ്വസ്ഥമായി ജീവിക്കാന്‍ ഭരണഘടന നല്‍കിയ അവകാശം നിഷേധിക്കപ്പെട്ടപ്പോഴാണ് കോളനികളില്‍ നിന്നു സ്ത്രീകള്‍ സമരത്തിനിറങ്ങിയത്. സ്വന്തം വീട്ടിലും അയല്‍വീടുകളിലും അസ്വസ്ഥതകളില്ലാതെ അന്തിയുറങ്ങാന്‍ ആദിവാസി സ്ത്രീകള്‍ക്കും അവകാശമുണ്ട്. അവര്‍ നടത്തുന്ന അവകാശ സമരത്തിനിടെ മദ്യപരുടെ ആക്രമണത്തില്‍ പോലിസ് കേസെടുത്തെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും എഫ്‌ഐആര്‍ പോലുമിടാത്തത് പ്രതിഷേധാര്‍ഹമാണെന്നും അവര്‍ പറഞ്ഞു. വൈകീട്ട് നാലോടെ സമരപ്പന്തലിലെത്തിയ ദയാഭായ് ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചു.
പിന്നീട് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ ഗാന്ധിപാര്‍ക്കില്‍ നടന്ന പൊതുയോഗത്തിലും അവര്‍ സംസാരിച്ചു. ഫാ. സ്റ്റീഫന്‍ മാത്യു അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പടയന്‍ റഷീദ്, മാക്ക, വെള്ള, മുള്ളന്തറ രാജഗോപാല്‍, ശ്രീജിത്ത് മുണ്ടേരി, കാട്ടറത്ത് മാത്യു, മുജീബ് റഹ്മാന്‍ സംസാരിച്ചു. ആദിവാസി ഫോറം നമ്മ എരുതെ കലാസംഘം വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it