wayanad local

മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റിനെതിരേ പ്രതിഷേധം

മാനന്തവാടി: സര്‍ക്കാരിന്റെ കടാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി മകന്റെ വായ്പ എഴുതിത്തള്ളാന്‍ ശ്രമിച്ച കെപിസിസി എക്‌സിക്യൂട്ടീവ് മെംബറും മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റുമായ അഡ്വ. എന്‍ കെ വര്‍ഗീസിനെതിരേ നടപടിയെടുക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് എം എം നിഷാന്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആറര ഏക്കര്‍ ഭൂമി സ്വന്തമായുള്ളപ്പോഴാണ് ദരിദ്രനായി കാണിച്ച് പാവപ്പെട്ടവര്‍ക്കു ലഭിക്കേണ്ട പണം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖകള്‍ സഹിതമാണ് എ എം നിഷാന്ത് കോണ്‍ഗ്രസ് നേതാവിനെതിരേ ആരോപണമുന്നയിച്ചത്.
2007-08 വര്‍ഷങ്ങളിലാണ് മൂന്നു വായ്പകളിലായി വര്‍ഗീസിന്റെ പിതാവ് നാരിയേക്കല്‍ കുര്യാക്കോസ് നാലു ലക്ഷം രൂപ വായ്പയെടുത്തത്. തന്റെ കൈവശമുള്ള ആറരയേക്കര്‍ സ്ഥലം ഈടായി നല്‍കിയാണ് വായ്പയെടുത്തത്.
അതിനിടെ, ഇദ്ദേഹം സ്ഥലം വര്‍ഗീസിന്റെ മകന്‍ ഷിജോയുടെ പേരില്‍ ഒസ്യത്തായി നല്‍കി. 2015ല്‍ പലിശയുള്‍പ്പെടെ 6,64,606 രൂപ ബാങ്കിലടയ്ക്കാനുണ്ട്. കുര്യാക്കോസ് മരിച്ച സാഹചര്യത്തില്‍ 2015ല്‍ നടന്ന അദാലത്തില്‍ കുര്യാക്കോസിന്റെ അവകാശിയെന്ന നിലയില്‍ ഷിജോ ആശ്വാസ് അദാലത്തില്‍ അപേക്ഷ നല്‍കി.
ഷിജോ വരുമാനമില്ലാത്ത വിദ്യാര്‍ഥിയാണെന്ന സാഹചര്യം പരിഗണിച്ച് 2,37,275 രൂപ കിഴിവ് നല്‍കി ലോണ്‍ തീര്‍ക്കാന്‍ അഡ്വ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതിയോഗം തീരുമാനിച്ചു. എന്നാല്‍, സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഷിജോയുടെ പേരില്‍ ആനുകൂല്യം അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കി. ബാങ്ക് പ്രസിഡന്റെന്ന നിലയില്‍ തന്റെ മകന്റെ പേരില്‍ സര്‍ക്കാര്‍ ആനുകൂല്യം തട്ടിയെടുക്കാന്‍ ശ്രമിച്ച യുഡിഎഫിന്റെ മണ്ഡലം ചെയര്‍മാന്‍ കൂടിയായ വര്‍ഗീസിനെതിരേ നടപടിയെടുക്കണമെന്നാണ് നിഷാന്തിന്റെ ആവശ്യം.
അല്ലാത്തപക്ഷം ബാങ്കിലേക്ക് മാര്‍ച്ച് നടത്തും. ജയലക്ഷ്മിക്കെതിരായ പോസ്റ്റര്‍ വിവാദത്തില്‍ തനിക്കെതിരേ നടപടിയെടുത്തതായി പത്രങ്ങളില്‍ കണ്ടതല്ലാതെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. കൈ ചിഹ്നത്തില്‍ മല്‍സരിച്ച് ആര്‍എസ്എസിന് പാദസേവ ചെയ്യുന്ന ജയലക്ഷ്മിക്കെതിരേ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം നടത്തുമെന്നും നിഷാന്ത് പറഞ്ഞു.
Next Story

RELATED STORIES

Share it