kozhikode local

മാനന്തവാടി ടൗണ്‍ഹാള്‍: മുനിസിപ്പല്‍ ഓഫിസില്‍ രേഖകളില്ല

മാനന്തവാടി: ടൗണ്‍ഹാള്‍ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ മുനിസിപ്പല്‍ ഓഫിസിലില്ല. സ്ഥലം ഉടമയ്ക്കു തന്നെ വിട്ടുനല്‍കാനോ നഷ്ടപരിഹാരം നല്‍കാനോ ഉള്ള ഹൈക്കോടതിയുടെ വിധിയുടെ പാശ്ചാത്തലത്തില്‍ ഓഫിസില്‍ പരിശോധന നടത്തിയപ്പോഴാണ് രേഖകള്‍ ഇല്ലെന്നു ബോധ്യമായത്. കേസുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ ഓഫിസില്‍ ആകെയുള്ളത് സ്ഥലം ഉടമയ്ക്കു വിട്ടുനല്‍കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് മാത്രമാണ്.
സ്ഥലത്തിന്റെ ആധാരം, സ്‌കെച്ച്, ഉടമ ഐ സി വി നായിഡു സ്ഥലം സൗജന്യമായി നല്‍കിയതിന്റെ രേഖ, മാനന്തവാടി മുന്‍സിഫ് കോടതിയിലെ പരാതിയുടെയും വിധിയുടെയും പകര്‍പ്പുകള്‍, ഹൈക്കോടതില്‍ നേരത്തെ ഉടമയ്ക്ക് അനൂകൂലമായി വിധിയുണ്ടായതിന്റെ രേഖകള്‍ തുടങ്ങിയ ഒന്നുംതന്നെ മുനിസിപ്പല്‍ ഓഫിസില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. രേഖകള്‍ ലഭ്യമാക്കാന്‍ മുന്‍ പഞ്ചായത്തിന്റെ അഭിഭാഷകനെയോ ഹൈക്കോടതി രജിസ്റ്ററിലെ രേഖകളോ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് നഗരസഭാ അധികൃതര്‍.
1988ലാണ് ടൗണ്‍ഹാളിനു വേണ്ടി രേഖാമൂലം സ്ഥലം വിട്ടുനില്‍കിയിട്ടില്ലെന്നു കാണിച്ച് നായിഡു ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. 1998ല്‍ നായിഡുവിന് അനുകൂലമായി വിധി വരികയായിരുന്നു. സ്ഥലത്തിന്റെ വില നല്‍കണമെന്നും ഈ സ്ഥലവുമായി ബന്ധപ്പെട്ട് 1975ല്‍ പട്ടയ ഭൂമി പ്രശ്‌നവുമായുള്ള കേസില്‍ നായിഡുവിന് അനുകൂലമായി മാനന്തവാടി മുനിസിഫ് കോടതി വിധിയുണ്ടെന്നും ഈ വിധിക്കെതിരേ പഞ്ചായത്തോ അന്നത്തെ ഭരണസമിതിയോ യാതൊരു തടസ്സവാദങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും ആയതിനാല്‍ പഞ്ചായത്തിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നു. 1998ല്‍ വിധിക്കെതിരേ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ചു. 17 വര്‍ഷത്തെ വ്യവഹാരത്തിനു ശേഷമാണ് 2015 ജൂണ്‍ 25ന് സ്ഥലം നായിഡുവിന് വിട്ടുനല്‍കണമെന്ന് വിധിയുണ്ടായത്.
Next Story

RELATED STORIES

Share it