wayanad local

മാനന്തവാടിയില്‍ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാന്‍ ഊര്‍ജിത ശ്രമം

മാനന്തവാടി: പരാജയങ്ങള്‍ തുടര്‍ക്കഥയായ മാനന്തവാടിയിലെ കോണ്‍ഗ്രസ്സിനെ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കുമതീതമായി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഡിസിസി ജനറല്‍ സെക്രട്ടറി മുന്‍കൈയെടുത്താണ് കോണ്‍ഗ്രസ്സിലെ അസംതൃപ്തരെയെല്ലാം പാര്‍ട്ടിയോടടുപ്പിച്ച് ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.
ഇതിന്റെ മുന്നോടിയായി മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ കഴിഞ്ഞ ദിവസം പ്രാഥമിക യോഗം ചേര്‍ന്നു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരത്തില്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ്സില്‍ നിന്നു പല കാരണങ്ങളാല്‍ പല കാലങ്ങളിലായി വിട്ടുനില്‍ക്കുന്നവരെയും പാര്‍ട്ടി നടപടികള്‍ക്ക് വിധേയരായവരെയും അടുത്തഘട്ടത്തില്‍ വിളിച്ചുചേര്‍ത്ത് ആശയവിനിമയം നടത്തും. പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് വീട്ടുവീഴ്ചകള്‍ക്ക് കളമൊരുക്കി എല്ലാവരെയും പാര്‍ട്ടിയോടടുപ്പിച്ച് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ജയലക്ഷ്മിക്കുണ്ടായ പരാജയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. മുഴുവന്‍ ആളുകളെയും മുഖവിലയ്‌ക്കെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതാണ് തോല്‍വിക്ക് കാരണമായി വിലയിരുത്തുന്നത്. പാര്‍ട്ടിയെയും മന്ത്രിയെയും ചിലര്‍ ഹൈജാക്ക് ചെയ്ത് മറ്റുള്ളവരെ അവിശ്വസിച്ച് മാറ്റിനിര്‍ത്തുകയായിരുന്നു എന്ന പരാതിയാണ് ഉയര്‍ന്നുവന്നിരുന്നത്. ഇതോടെയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഏറ്റവുമൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തിരിച്ചടിയേറ്റത്.
മാനന്തവാടിയിലെ നിര്‍ജീവമായ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്തി ശക്തിപ്പെടുത്തുകയാണ് ഇതിന് പരിഹാരമെന്നു കണ്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
Next Story

RELATED STORIES

Share it