മാനനഷ്ടക്കേസ്: മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി; കോടതിയെ രാഷ്ട്രീയക്കളമാക്കരുതെന്ന് വിമര്‍ശനം

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോടതിയില്‍നിന്നു തിരിച്ചടി. കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് തിരുവനന്തപുരം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ പി ഇന്ദിര വാക്കാല്‍ വിമര്‍ശിച്ചു.
വിഎസിന്റെ പ്രസ്താവനകള്‍ വിലക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ ആവശ്യം തള്ളിയ കോടതി, എതിര്‍സത്യവാങ്മൂലം നല്‍കാന്‍ വിഎസിന് സാവകാശം നല്‍കി. കേസ് പിന്നീട് പരിഗണിക്കാമെന്നും അറിയിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ 136 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന അച്യുതാനന്ദന്റെ ആരോപണത്തിനെതിരേയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിക്കു വേണ്ടി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകനോട് താങ്കള്‍ സര്‍ക്കാര്‍ അഭിഭാഷകനായാണോ അതോ സ്വകാര്യ അഭിഭാഷകനായാണോ വന്നിരിക്കുന്നതെന്ന് കോടതി ആരാഞ്ഞു. സ്വകാര്യ അഭിഭാഷകനായാണ് ഹാജരായതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വിഎസ് ഉന്നയിച്ചിരിക്കുന്നതെന്നും ഒരുലക്ഷം രൂപ പിഴയായി ഈടാക്കണമെന്നും ജില്ലാ ഗവ. പ്ലീഡര്‍ കൂടിയായ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ സന്തോഷ്‌കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഉന്നയിച്ച ആരോപണങ്ങളില്‍ തന്റെ കക്ഷി ഉറച്ചുനില്‍ക്കുന്നതായി വി എസ് അച്യുതാനന്ദനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ചെറുന്നിയൂര്‍ ശശിധരന്‍ ബോധിപ്പിച്ചു. രാവിലെ ലോകായുക്ത വെബ്‌സൈറ്റ് പരിശോധിച്ചപ്പോഴും മുഖ്യമന്ത്രി 12 കേസുകളില്‍ പ്രതിയാണെന്ന വിവരം രേഖപ്പെടുത്തിയതായി കണ്ടെന്നും എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം വേണമെന്നും വിഎസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, വ്യക്തിഹത്യ നടത്താനാണ് വിഎസിന്റെ ശ്രമമെന്നും ഉടന്‍ തുടര്‍നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്റെ നിലപാട്. ഈ ഘട്ടത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.
അതിനിടെ, തനിക്കെതിരേയുള്ള അനാവശ്യ പ്രസ്താവനകള്‍ വിഎസ് നിര്‍ത്തിയില്ലെങ്കില്‍ ജനങ്ങള്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ പ്രതികരിച്ചു. തനിക്കെതിരേ കേസുകള്‍ ഒന്നുമില്ലെന്ന് ലോകായുക്ത വ്യക്തമാക്കിയിട്ടുണ്ട്. കേസുകളുള്ളത് വിഎസിന്റെ പേരിലാണ്. ആരോപണത്തില്‍ തെറ്റുപറ്റിയെന്ന് വിഎസ് തന്നെ ജനങ്ങളോട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it