Districts

മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ ബിജു ഭീഷണിപ്പെടുത്തി: കെ ബാബു

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിവിധി വന്ന ശേഷം ബിജു രമേശ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി കെ ബാബു. കെ എം മാണിക്കെതിരെയുള്ള വിധി വന്ന ദിവസം രാത്രിയില്‍ ബിജു തന്റെ സുഹൃത്തിനെ വിളിച്ചാണ് ഭീഷണി ഉയര്‍ത്തിയതെന്ന് ബാബു പറഞ്ഞു.
മാനനഷ്ടക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ താന്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന തരത്തിലാണ് ബിജു രമേശ് സംസാരിച്ചത്. ഏഴുമണിക്കകം തനിക്ക് മറുപടി ലഭിക്കണമെന്നും ബിജു പറഞ്ഞിരുന്നു. കേസ് പിന്‍വലിക്കുന്നതിനായി ബിജുവിന്റെ നിര്‍ദേശപ്രകാരം ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പോളക്കുളത്ത് കൃഷ്ണദാസ് തന്നെ സമീപിച്ചിരുന്നതായും ബാബു പറഞ്ഞു.
തനിക്കെതിരെയുള്ള കോഴ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. രഹസ്യമൊഴി നല്‍കിയപ്പോള്‍ ആരോപണം സാധൂകരിക്കുന്ന വിശദാംശങ്ങള്‍ ഒന്നും ബിജു രമേശ് കോടതിയില്‍ നല്‍കിയിട്ടില്ല. അന്ന് അവസരമുണ്ടായിട്ടും മൊഴി നല്‍കാതെ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന നിലപാടിലാണ് കെ ബാബു. നുണപരിശോധനയ്ക്ക് തയാറാവണമെന്ന് ബിജു രമേശ് പറഞ്ഞതിനോട് പ്രതികരിക്കുന്നില്ല. ഏതെങ്കിലും ഒരുത്തന്‍ പറഞ്ഞാല്‍ താന്‍ അങ്ങനെ ചെയ്യണോ എന്നാണ് മന്ത്രി ചോദിക്കുന്നത്. ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെ ഭയമില്ലെന്നും മാനനഷ്ടക്കേസില്‍ നിയമ പോരാട്ടം തുടരുമെന്നും ഇന്നലെ രാവിലെ ബാബു വ്യക്തമാക്കിയിരുന്നു.
ബിജുവിന്റെ ആവശ്യപ്രകാരം മന്ത്രി കെ ബാബുവിനെ താന്‍ സമീപിച്ചിരുന്നു എന്ന കാര്യം പോളക്കുളത്ത് കൃഷ്ണദാസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it