മാധ്യമപ്രവര്‍ത്തനം, മാധ്യമ വിചാരണ

പി എ എം ഹാരിസ്

വിവരങ്ങളും വസ്തുതകളും കണ്ടെത്തി അന്വേഷണങ്ങളിലൂടെ സമാഹരിച്ച് സമൂഹത്തിനു നല്‍കുന്ന ദൗത്യം ഏറ്റെടുത്തവരാണ് മാധ്യമപ്രവര്‍ത്തകര്‍. നീതിബോധം, സത്യസന്ധത, വിശ്വാസ്യത, പക്ഷപാതരാഹിത്യം, പ്രതിബദ്ധത തുടങ്ങിയവയാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖമുദ്രകളെന്ന് പൂര്‍വസൂരികള്‍ കാണിച്ചുതന്നിട്ടുണ്ട്. ഇതാണ് മാധ്യമധര്‍മം എന്ന നമുക്ക് സുപരിചിതമായ പദം വിവക്ഷിക്കുന്നത്. മാധ്യമപ്രവര്‍ത്തനവും ധാര്‍മികതയും ഇഴചേര്‍ന്നു നില്‍ക്കുന്നു.
എന്താണ് മാധ്യമ വിചാരണ? നീതിന്യായപ്രക്രിയയുമായി ബന്ധപ്പെട്ട പദമാണ് വിചാരണ. കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ് മാധ്യമ വിചാരണ എന്ന പദം ഏറെ പ്രചാരത്തിലായത്. സമൂഹത്തിലെ അഭിപ്രായ രൂപീകരണത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. ദൃശ്യമാധ്യമങ്ങളുടെയും അച്ചടി മാധ്യമങ്ങളുടെയും സ്വാധീനം മൂലം സംഭവങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ കോടതി വിധിക്ക് മുമ്പോ ശേഷമോ മുന്‍വിധിയുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് മാധ്യമ വിചാരണയിലൂടെ ഉദ്ദേശിക്കുന്നത്. വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സംഘത്തിന്റെയോ പേരില്‍ കുറ്റാരോപണം നടത്തുന്നതാണ് മാധ്യമ വിചാരണ. വിവിധ സ്വാതന്ത്ര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതുപോലെ മാധ്യമങ്ങള്‍ സംസാര, ആശയ പ്രകാശന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആക്ഷേപം.
ക്രിമിനല്‍ നീതിശാസ്ത്രപ്രകാരം, കുറ്റാരോപിതന്‍ നിയമപ്രക്രിയയിലൂടെ കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതു വരെ നിരപരാധിയായാണ് പരിഗണിക്കേണ്ടത്. ഏതൊരു നീതിന്യായക്രമത്തിലും അനിവാര്യ ഘടകമാണ് കുറ്റാരോപിതന്റെ നീതിപൂര്‍വകമായ വിചാരണയ്ക്കുള്ള അര്‍ഹത. കോടതിയുടെ വിലയിരുത്തലില്‍ കുറ്റം ചെയ്യാനുള്ള ഉദ്ദേശ്യവും പരിശോധിക്കപ്പെടും. വിധി പറയും വരെ കേസില്‍ മുന്‍വിധി പാടില്ല. ഇപ്പോള്‍ നടക്കുന്നത് അതല്ല. മാധ്യമങ്ങള്‍ ബഹുജന നീതിപീഠം (ജനതാ അദാലത്ത്) ആയി സ്വയം അവതരിച്ച്, കോടതി നടപടികളില്‍ ഇടപെടുന്നു. കുറ്റാരോപിതനും കുറ്റവാളിയും തമ്മിലുള്ള വ്യത്യാസം പൂര്‍ണമായി മറന്നിരിക്കുന്നു. മാധ്യമങ്ങള്‍ പ്രത്യേകമായി അന്വേഷണം നടത്തുന്നു, തെളിവുകള്‍ തേടി അവ നേരിട്ട് കുറ്റവാളികളെ കണ്ടെത്തുന്നു.
സാക്ഷികളുടെയോ ഇരയുടെ ബന്ധുക്കളുടെയോ അഭിമുഖം പ്രസിദ്ധീകരിച്ച്, സംപ്രേഷണം ചെയ്ത് കുറ്റാരോപിതന്റെ ശിക്ഷയോ നിരപരാധിത്വമോ സ്ഥാപിക്കാന്‍ മല്‍സരബുദ്ധിയോടെ ശ്രമിക്കുന്നു. കോടതി വിചാരണ തുടങ്ങും മുമ്പ് മാധ്യമങ്ങള്‍ പൊതുജനാഭിപ്രായം ഉണ്ടാക്കുന്നു. അവയുടെ കവറേജാണ് സാധാരണക്കാരന്റെ വീക്ഷണങ്ങളെ സ്വാധീനിക്കുന്നത്. അച്ചടി മാധ്യമങ്ങളേക്കാള്‍ ഇന്ന് അപകടകരമായ അളവില്‍ ദൃശ്യമാധ്യമങ്ങളാണ് ഇതിനു മുന്നിലുള്ളത്. ഉയര്‍ന്നതോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കേസുകളില്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ബഹുജന ഉന്മാദം അന്തരീക്ഷത്തെ സംഘര്‍ഷഭരിതമാക്കുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ നടക്കുന്ന ഈ പ്രക്രിയ കോടതിയുടെയും പ്രോസിക്യൂട്ടറുടെയും പൊതുവെ സമൂഹത്തിന്റെ തന്നെയും മനസ്സില്‍ സ്വാധീനം ചെലുത്തും. മുന്‍വിധിയോടെ കുറ്റാരോപിതനെ ജനങ്ങളും പലപ്പോഴും ജഡ്ജിമാരും നേരിടുന്നു. ഇത് നിഷ്പക്ഷ വിചാരണ അസാധ്യമാക്കുന്നു.
ന്യൂഡല്‍ഹിയില്‍ നിര്‍ഭയ ബലാല്‍സംഗക്കേസില്‍ ഇതായിരിക്കണം വിധിയെന്ന് മാധ്യമങ്ങള്‍ ആദ്യമേ വിധിയെഴുതിക്കഴിഞ്ഞിരുന്നു. ഈ കേസില്‍ കടുത്ത സമ്മര്‍ദ്ദമാണ് ജുഡീഷ്യറിക്കു നേരിടേണ്ടിവന്നതെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെന്നൈയിലെ സമ്മേളനത്തില്‍ സംസാരിച്ച ജഡ്ജി കുര്യന്‍ ജോസഫ് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ''ആ ശിക്ഷ ഞാന്‍ നല്‍കിയില്ലെങ്കില്‍, അവര്‍ എന്നെ തൂക്കുമായിരുന്നു'' എന്ന ഒരു ജഡ്ജിയുടെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍പാഷയും ഏതാണ്ട് ഇതേ ആശങ്ക പങ്കുവച്ചിരുന്നു.
ഓരോ പൗരനും അഭിപ്രായപ്രകടനത്തിനും ആശയപ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നു. ഇന്ത്യന്‍ ഭരണഘടന പത്രസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം പ്രത്യേകമായി എടുത്തുപറഞ്ഞിട്ടില്ല. എങ്കിലും സംസാരത്തിനും ആശയപ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യത്തില്‍ പത്രസ്വാതന്ത്ര്യവും കൂടി ഉള്‍പ്പെടുമെന്ന് നിരവധി വിധിന്യായങ്ങളിലൂടെ സുപ്രിംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ആശയപ്രകാശന സ്വാതന്ത്ര്യം ജനാധിപത്യ അന്തരീക്ഷത്തില്‍ മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പിനുള്ള ജീവവായുവാണ്. മറ്റ് എല്ലാ സ്വാതന്ത്ര്യങ്ങളുടെയും മാതാവാണ് അതെന്നു പറയണം. എന്നാല്‍, കുറ്റാരോപിതനോ സംശയിക്കപ്പെടുന്നവനോ ആയ വ്യക്തിക്ക് ഭരണഘടന ഖണ്ഡിക 21 നീതിപൂര്‍വകമായ വിചാരണ മൗലികാവകാശമായി നല്‍കുന്നുണ്ട്. കോടതിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാണ്. ക്രിമിനലും സിവിലുമായ കോടതിയലക്ഷ്യമാണ് ഇടപെടല്‍. ക്രിമിനല്‍ അലക്ഷ്യം മൂന്നുതരമാണ്: 1. കിംവദന്തി പരത്തല്‍, 2. മുന്‍വിധി നല്‍കല്‍, 3. നീതിനിര്‍വഹണം തടയല്‍. അതിനാല്‍ ഈ മൗലികാവകാശങ്ങളുടെ സന്തുലനം ആവശ്യമാണെന്ന് വളരെ വ്യക്തമാണ്. കേന്ദ്ര നിയമ കമ്മീഷന്‍ 2006 ആഗസ്ത് 31ന് സമര്‍പ്പിച്ച അതിന്റെ 200ാമത് റിപോര്‍ട്ടില്‍ ഈ മൗലികാവകാശങ്ങളെ സമതുലിതമാക്കണമെന്ന് ശുപാര്‍ശ ചെയ്തു. നീതിനിര്‍വഹണം എന്ന പ്രക്രിയയില്‍ ഇടപെടുന്നതിനെയാണ് 1971ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷന്‍ മൂന്ന് നിര്‍വചിക്കുന്നത്.
വ്യക്തിപരവും രാഷ്ട്രീയപരവുമായ തീരുമാനങ്ങള്‍ക്കനുസൃതമായി, വാദങ്ങളിലും തര്‍ക്കങ്ങളിലും മാധ്യമങ്ങള്‍ കൂടി പങ്കാളികളാവുകയാണ്. പോലിസും അന്വേഷണ ഉദ്യോഗസ്ഥരും പറഞ്ഞത് അവര്‍ വിഴുങ്ങുന്നു. ഒരു മറുചോദ്യവും ഉയര്‍ത്തുന്നില്ല. ഐഎസ്ആര്‍ഒ ചാരക്കേസ് ഇന്ന് നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്. പ്രഗല്ഭ ശാസ്ത്രജ്ഞരുടെയും ബന്ധപ്പെട്ട മറ്റു നിരവധിപേരുടെയും ജീവിതവും ആരോഗ്യവും കുടുംബവും അതു തകര്‍ത്തു. കടലുണ്ടി പൈപ്പ്‌ബോംബ് കേസിലും മലപ്പുറം തിയേറ്റര്‍ കത്തിക്കല്‍ കേസിലും നടന്നത് മാധ്യമ വിചാരണ മാത്രമാണ്. കോടതികളില്‍ ആരോപണങ്ങള്‍ തെളിഞ്ഞില്ല. ആരും ശിക്ഷിക്കപ്പെട്ടില്ല. നോട്ടീസ് അച്ചടിച്ച് ആളെ ക്ഷണിച്ച് പരസ്യമായി സംഘടിപ്പിച്ച പാനായിക്കുളം സ്വാതന്ത്ര്യദിന പരിപാടി രഹസ്യ ക്യാംപ് ആയി അവതരിപ്പിച്ചു. ആര്‍ക്കും സംശയമില്ല. ആരും കൂടുതല്‍ അന്വേഷിച്ചില്ല. അപരരാണ് മറുഭാഗത്തുള്ളത്.
കണ്ണൂര്‍ നാറാത്ത് നിരവധി വീടുകള്‍ക്കിടയില്‍ തുറന്ന കെട്ടിടത്തില്‍ പട്ടാപ്പകല്‍ നടന്ന യോഗാ പരിശീലനം ആയുധപരിശീലനമാക്കിയാണ് കേരള പോലിസ് കേസെടുത്തത്. ഇറാന്‍ ബന്ധം, വന്‍ പണമിടപാട്, വന്‍ ആയുധശേഖരം തുടങ്ങിയ വലിയ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേസ് എന്‍ഐഎ വിപുലീകരിച്ചു. ഒരു മലയാളി വിസമാറ്റത്തിന് ഇറാന്‍ ദ്വീപ് കിഷില്‍ പോയിവന്നത് വലിയ അന്താരാഷ്ട്ര ഗൂഢാലോചനയായി.
മൂവാറ്റുപുഴയില്‍ പ്രഫ. ജോസഫിന്റെ കൈ വെട്ടിയ കേസ് മറ്റു പലയിടത്തും തലവെട്ടിയതിലേറെ വലുതായി. സംസ്ഥാനത്ത് പലയിടത്തും കൈയും കാലും കഴുത്തുമൊക്കെ വെട്ടിയിട്ടുണ്ടെങ്കിലും ഒന്നു മാത്രമാണ് കൈവെട്ട് കേസ്.
ഇന്ത്യാ രാജ്യത്ത് മാധ്യമ വിചാരണയുടെ തോത് തുലോം കൂടുതലാണ്. മാധ്യമ വിചാരണ നടത്തിയതും ജനങ്ങളെയും കോടതിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതും കോടതിക്കു മുമ്പ് വിധി പ്രഖ്യാപിച്ചതുമായ നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്താനാവും. മുംബൈ ആക്രമണ കേസില്‍ ജീവനോടെ പിടികൂടിയ ഏക പ്രതി അജ്മല്‍ കസബ് തടവില്‍ കഴിയുന്നതിനിടെ കോഴി ബിരിയാണി ചോദിച്ചെന്ന വാര്‍ത്ത നാം വായിച്ചുകാണും. വാര്‍ത്ത പുറത്തുവിട്ട പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം കസബിന്റെ വധശിക്ഷ കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം അതു കളവാണെന്നു പറയുന്നു.
റിലയന്‍സ് പെട്രോകെമിക്കല്‍സ്-ഇന്ത്യന്‍ എക്‌സ്പ്രസ് കേസില്‍ വിധിയെഴുതുമ്പോള്‍ ഉപബോധമനസ്സിനെ മാധ്യമങ്ങള്‍ സ്വാധീനിച്ചതായി സുപ്രിംകോടതി തന്നെ പറഞ്ഞു. (1970 എസ്‌സി 1821). പാര്‍ലമെന്റ് ആക്രമണക്കേസ് സംബന്ധമായി പ്രതികള്‍ക്കെതിരേ പയനിയര്‍ പത്രാധിപര്‍ ചന്ദന്‍മിത്രയുടെ ലേഖനം വായിച്ചാല്‍ കേസന്വേഷിച്ച പോലിസ് പോലും ഞെട്ടിപ്പോവും. ആക്രമണത്തില്‍ അഫ്‌സല്‍ ഗുരു നേരിട്ടു നടത്തിയ പാതകങ്ങളാണ് ചന്ദന്‍ മിത്ര എഴുതിയത്. ഗുരുവിനെതിരേ സാഹചര്യത്തെളിവ് മാത്രമേ ഉള്ളൂവെന്ന് സുപ്രിംകോടതിപോലും പറഞ്ഞ സ്ഥാനത്താണ് മാധ്യമപ്രവര്‍ത്തകന്‍ തന്റെ കുറ്റപത്രം ജനങ്ങള്‍ക്കു മുമ്പാകെ സമര്‍പ്പിക്കുന്നത്. അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ച സുപ്രിംകോടതി ജഡ്ജിയുടെ വിധിന്യായത്തില്‍ ചന്ദന്‍ മിത്ര ഉപയോഗിച്ച ഒരു വാചകമുണ്ട്: സമൂഹ മനസ്സാക്ഷിക്ക് സംതൃപ്തി വരണമെങ്കില്‍ കുറ്റാരോപിതനായ ഗുരുവിനെ തൂക്കിലിടണമെന്നാണ് സുപ്രിംകോടതി പറഞ്ഞത്. അതേ വിധിയില്‍ പോലിസ് കഥയില്‍ തുളകള്‍ അനവധിയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. പോലിസ് ഭാഷ്യത്തിനനുസരിച്ച് മാധ്യമങ്ങള്‍ തിരക്കഥ രചിച്ചു. മലേഗാവ്, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്‌ഫോടനപരമ്പരകള്‍ക്ക് പിന്നിലെ ഭീകരരെക്കുറിച്ച് ഏറെ പരിചയപ്പെടുത്തി. അവസാനം യഥാര്‍ഥ കുറ്റവാളികളെ വ്യക്തമായപ്പോള്‍ ബഹളം നിലച്ചു.
മുന്‍വിധി വരുന്നത് നിഷ്പക്ഷ വിചാരണ തടയുന്നു. സ്വാഭാവിക നീതിക്ക് വിരുദ്ധമായ സമീപനമാണിത്. പ്രത്യേകാധികാരമില്ലാത്ത ഒരുകൂട്ടര്‍ ജുഡീഷ്യറിയുടെ അധികാരം കൈയടക്കാന്‍ ശ്രമിക്കുമ്പോള്‍ വിധിതീര്‍പ്പ് വരാത്ത, വിചാരണ നടക്കുന്ന കേസുകളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍ സ്ഥിതി ഗുരുതരമാവുന്നു. പ്രതിക്കു വേണ്ടി അഭിഭാഷകന്‍ ഹാജരാവേണ്ടതില്ലെന്ന് കരുതുന്നവര്‍ വര്‍ധിക്കുന്നു. മാധ്യമ വിചാരണ നല്‍കുന്ന സമ്മര്‍ദ്ദം കാരണം അഭിഭാഷകര്‍ കേസുകള്‍ എടുക്കാന്‍ മടിക്കുന്നു. മാധ്യമങ്ങള്‍ ഏറെ താല്‍പ്പര്യമെടുത്ത കൊലക്കേസില്‍ പ്രതിയായ മനു ശര്‍മയ്ക്ക് വേണ്ടി ഹാജരാവുന്നതിന് തയ്യാറായപ്പോള്‍ പ്രമുഖ അഭിഭാഷകന്‍ രാം ജഠ്മലാനി പൊതുജനങ്ങളുടെ മുമ്പില്‍ വില്ലനായി.
ജനാധിപത്യത്തിന്റെ തൂണ്‍ എന്ന് വിവക്ഷിക്കപ്പെടുന്ന മാധ്യമങ്ങള്‍ക്ക് സമൂഹത്തിന്റെ അഭിപ്രായ രൂപീകരണത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. വിവിധ സംഭവങ്ങള്‍ കാണാനും അറിയാനും സൗകര്യമൊരുക്കുന്നതിലൂടെ വായനക്കാരുടെയും പ്രേക്ഷകരുടെയും വീക്ഷണം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കുറ്റാരോപിതര്‍ ശിക്ഷിക്കപ്പെടുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ബില്ല രംഗ, ബാബ നിരങ്കാര്‍, സുധാ ഗുപ്ത, ശാലിനി മല്‍ഹോത്ര, പ്രിയദര്‍ശിനി മട്ടൂ, ജെസീക്ക ലാല്‍, നിതീഷ് കട്ടാര, ബിജല്‍ ജോഷി തുടങ്ങിയ സുപ്രധാന ക്രിമിനല്‍ക്കേസുകള്‍ മാധ്യമങ്ങള്‍ അതീവ ജാഗ്രതയോടെ ഇടപെട്ട കേസുകളാണ്.
അഭിപ്രായപ്രകടനം നല്ല ഉദ്ദേശ്യത്തോടുകൂടിയും സത്യസന്ധവുമാണെങ്കിലും കോടതിയലക്ഷ്യമാണ്. അത് സ്വാധീനിക്കാനുള്ള ശ്രമമാണെന്ന് ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോപാല്‍ റാവു എക്‌ബോതെ പറയുന്നു. മാധ്യമ ബഹളങ്ങളോ ജനപ്രിയ ഗ്ലാമറോ സ്വാധീനിക്കപ്പെടാതെ കുറ്റാരോപിതന് നീതിപൂര്‍വകവും പക്ഷപാതരഹിതവുമായ വിചാരണയ്ക്ക് ഭരണഘടനാപരമായ അവകാശമുണ്ട്. മീഡിയയുടെ ഒളിച്ചുനോട്ടം പലപ്പോഴും അന്വേഷണങ്ങള്‍ക്ക് വിഘാതമാവുന്നു. തിരിച്ചറിയല്‍ പരേഡിനു മുമ്പ് പ്രതികളുടെ പടം പ്രസിദ്ധീകരിക്കുന്നതും കേസുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പ്രസിദ്ധീകരണവും പലപ്പോഴും നടക്കുന്നു. പോലിസ് ഉദ്യോഗസ്ഥര്‍ കോടതിയിലെത്തുന്നതിനു മുമ്പ് കേസ് വിവരങ്ങള്‍ മാധ്യമങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതാണ് പുതിയ ഫാഷന്‍. കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയോ വ്യക്തികളോ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കാനോ സത്യം വ്യക്തമാക്കുന്നതിനോ അവസരമില്ലാതെ മാറ്റിനിര്‍ത്തപ്പെടുന്നു.
കണ്ടതും കേട്ടതും വായിച്ചതും സ്വാധീനിക്കാതിരിക്കാന്‍, ജഡ്ജിമാര്‍ ശ്രമിക്കും. പക്ഷേ, അവര്‍ക്കും ദൗര്‍ബല്യങ്ങളുണ്ട്. അവര്‍ ബഹുമതിയും പ്രമോഷനും പ്രശസ്തിയും നോക്കും. വെള്ളിവെളിച്ചത്തില്‍ നില്‍ക്കാനായി വിധി നല്‍കും. ഹൈ പ്രൊഫൈല്‍ കേസുകളില്‍ പക്ഷപാതിത്വം കാണിക്കും. ഇന്നു വിധിപ്രസ്താവം ലോകം കാണുന്നുവെന്ന് കോടതിക്കറിയാം. സ്വയം തീരുമാനമെടുക്കുന്നുവെന്ന പരിമിത അര്‍ഥത്തിലല്ല തന്റെ കുടുംബം, സഹപ്രവര്‍ത്തകര്‍, സമൂഹം തുടങ്ങിയവരെയെല്ലാം ബാധിക്കുന്നതാണു വിധി. അതിനാല്‍ വിധിയില്‍ തെളിവിനും അപ്പുറത്തെ തലങ്ങള്‍ സ്വാധീനിക്കപ്പെടാന്‍ ഇടവരും. വിഖ്യാത കമ്പനികളുടെ, വ്യക്തികളുടെ (സല്‍മാന്‍ ഖാന്‍) കേസുകളില്‍ മാധ്യമങ്ങളുടെയും കോടതികളുടെയും സമീപനത്തില്‍ വ്യത്യസ്തത കാണാനാവും. സുനില്‍ ദത്തിന്റെ കേസിലും സല്‍മാന്‍ഖാന്‍ കേസിലും മറ്റു പല കേസുകളിലും കാണിക്കുന്ന താല്‍പര്യം മാധ്യമങ്ങള്‍ കാണിച്ചില്ല. കൂടുതല്‍ മാധ്യമ വിചാരണ നടക്കാന്‍ സാധ്യത കാണുന്ന കേസുകളില്‍ സാക്ഷികള്‍ ഹാജരാവാന്‍ മടികാണിക്കുന്നു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ അപരാധമാണ്; അപവാദങ്ങളും അര്‍ധസത്യങ്ങളും.
ഒരാളെയും വെറുതെ ഉപദ്രവിക്കരുതെന്ന നിയമം അവര്‍ക്കും ബാധകമാണ്. കാരണം, കോടതി വെറുതെവിട്ടാലും അത് ജനം പിന്തുടരും. വയോവൃദ്ധനായ കേന്ദ്രമന്ത്രി അന്‍സാരിക്കെതിരേ ഒരു പീഡനക്കേസ് മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. അധികം വൈകാതെ തന്നെ അത് കെട്ടിച്ചമച്ചതായിരുന്നുവെന്നു വ്യക്തമായി. എന്നിട്ടും ആ ആഘാതത്തില്‍നിന്നു മുക്തനാവാതെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ജുഡീഷ്യല്‍ ആക്റ്റിവിസം പോലെ ചില സമയങ്ങളില്‍ ഈ മീഡിയ ആക്റ്റിവിസവും ആവശ്യമായി വരുന്നുവെന്നാണ് അനുകൂലികളുടെ വാദം.
ഭരണത്തിനും നിയമസഭകള്‍ക്കും എക്‌സിക്യൂട്ടീവിനും പോലിസിനുമെതിരേ അന്വേഷണങ്ങള്‍ നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടെന്ന് അവര്‍ പറയുന്നു. ചുറ്റും നടക്കുന്നതു മാത്രമാണ് കൊണ്ടുവരുന്നത്. നിയമസഭകളെയും സര്‍ക്കാരിനെയും അവരുടെ ചെയ്തികള്‍ക്ക് ഉത്തരം പറയിക്കാനുള്ള ബാധ്യതയാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. ജനാധിപത്യത്തിന്റെ കാവലാളാണ് മാധ്യമങ്ങള്‍. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നീതി ലഭ്യമാക്കുന്നതിന് മാധ്യമങ്ങളുടെ പങ്ക് വലുതാണ്. കവര്‍‌സ്റ്റോറിയും അടയാളവും നിയന്ത്രണരേഖയും അകംപുറവുമെല്ലാം മലയാള ദൃശ്യമാധ്യമരംഗത്തു നല്‍കിയ വലിയ സംഭാവനകളെ നിഷേധിക്കാനാവില്ല. ഐപിഎല്‍ അഴിമതിയും അനുബന്ധ വിവാദങ്ങളും ഇന്നും മാഞ്ഞുപോയിട്ടില്ല.
മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ ബാധ്യതകളെക്കുറിച്ചും പരിധികളെക്കുറിച്ചും ബോധവാന്മാരാവുകയും യുക്തിപൂര്‍വകമായ നിയന്ത്രണം സ്വീകരിക്കുകയും വേണമെന്നതാണ് പ്രധാനം. മാധ്യമങ്ങള്‍ ആത്മനിയന്ത്രണം പാലിക്കണം. അവയെ സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ യഥാര്‍ഥ ലക്ഷ്യം തന്നെ പരാജയപ്പെട്ടേക്കും. പരസ്യം നിയന്ത്രിക്കുന്നതും തടയുന്നതും ഈ നിയന്ത്രണ തന്ത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. കോടതി നടപടികളില്‍ ഉത്തരവാദിത്തബോധത്തോടെ ആദരം വേണം. തങ്ങള്‍ എഴുതുന്നത്, അച്ചടിക്കുന്നത്, സംപ്രേഷണം ചെയ്യുന്നത് പ്രേക്ഷകരില്‍ നല്ല സ്വാധീനമുണ്ടാക്കുമെന്ന ധാരണ വേണം. ശരിയായ സമയത്ത്, സത്യസന്ധമായി മാത്രം മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുകയെന്നത് ധാര്‍മിക ബാധ്യതയാണ്.

(ഫെബ്രുവരി നാലിനു തിരുവനന്തപുരത്തു നടന്ന മാധ്യമ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം.) 
Next Story

RELATED STORIES

Share it