മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത് അപലപനീയം: സുധീരന്‍

തിരുവനന്തപുരം: ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ ഒരുപറ്റം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് അവരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. ഈ സംഭവത്തില്‍ കുറ്റം ചെയ്തവര്‍ക്കെതിരേ അധികൃതര്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
കനയ്യകുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയ വിദ്യാര്‍ഥികളേയും റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ച സംഘപരിവാര അനുകൂലികളുടെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പോലിസിന്റെ സാന്നിധ്യത്തിലാണ് കോടതി പരിസരത്ത് ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ അക്രമികള്‍ അഴിഞ്ഞാടിയത്. അഭിഭാഷകരടക്കം അക്രമത്തിന് നേതൃത്വം നല്‍കി എന്നത് സംഭവത്തെ കൂടുതല്‍ ഗൗരവതരമാക്കുന്നു. ജാമ്യമെടുക്കുന്നതിന് ആവശ്യമായ സഹായം ചെയ്യാന്‍ കോടതി പരിസരത്തെത്തിയ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വവും അക്രമത്തിന് ഇരയായി. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തും അറസ്റ്റിലായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരെ തല്ലിയൊതുക്കിയും തങ്ങളുടെ രാഷ്ട്രീയ അജണ്ട വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും കാനം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കനയ്യകുമാറിനെ കോടതിയില്‍ ഹാജരാക്കുന്നത് റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ കോടതി മുറിയിലും പരിസരത്തും വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ടര്‍ സാവിത്രി, കൈരളി ടിവി റിപോര്‍ട്ടര്‍ മനുശങ്കര്‍ എന്നിവര്‍ക്ക് ഭീകരമായി മര്‍ദ്ദനമേറ്റു. നെറ്റിയിലും കഴുത്തിലും മുറിവേറ്റ മനു ആശുപത്രിയിലാണ്. മനുവിനെ മര്‍ദ്ദിക്കുന്നതിനെതിരായി പ്രതികരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ടറെ കോര്‍ട്ട് റൂമില്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. എബിവിപി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. അസഹിഷ്ണുതയുടെ നിഴലില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം പോലും അസാധ്യമാവുന്ന അവസ്ഥ അപലപനീയമാണെന്ന് പ്രസിഡന്റ് പി എ അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍ പറഞ്ഞു. മര്‍ദ്ദകര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പാട്യാലഹൗസ് കോടതിയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അഭിഭാഷകര്‍ക്കും നേരെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയത് ഫാഷിസ്റ്റ് തേര്‍വാഴ്ചയാണെന്ന് എകെഎസ്ടിയു വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ജെഎന്‍യു വിദ്യാര്‍ഥികളെ ദേശദ്രോഹ കുറ്റം ചുമത്തി വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ പ്രതികരിച്ചു. കേന്ദ്ര നടപടിക്കെതിരേ ഇന്ന് വൈകിട്ട് 6ന് ഹൈക്കോടതി ജങ്ഷനില്‍ അഭിഭാഷകര്‍ വര്‍ഗീയ ഫാഷിസ്റ്റ് വിരുദ്ധ പ്രതിഷേധ സന്ധ്യ സംഘടിപ്പിക്കുമെന്നും ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്യുമെന്നും യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ബി രാജേന്ദ്രന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it