മാധ്യമപ്രവര്‍ത്തകരുടെ വിചാരണ തുടങ്ങി

അങ്കറ: രാജ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ പ്രമുഖ തുര്‍ക്കി മാധ്യമപ്രവര്‍ത്തകരുടെ വിചാരണ തുടങ്ങി. ജംഹൂറിയത്തിന്റെ മുഖ്യ പത്രാധിപരായ ജാന്‍ ദുന്‍ദര്‍, അങ്കറ ബ്യൂറോ ചീഫ് എര്‍ദേം ഗുല്‍ എന്നിവരുടെ വിചാരണയാണ് ഇസ്താംബൂള്‍ കോടതിയില്‍ ആരംഭിച്ചത്. സിറിയയിലെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് ആയുധമെത്തിക്കാന്‍ തുര്‍ക്കി ഭരണകൂടം ശ്രമിച്ചുവെന്ന റിപോര്‍ട്ടിനെത്തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലായത്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പരാതിയിലാണ് അറസ്റ്റ്. 100ലധികം റിപോര്‍ട്ടര്‍മാരും നിരീക്ഷകരും വിചാരണ വീക്ഷിക്കാനെത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ വിചാരണ നടത്തണമെന്നു പ്രോസിക്യൂട്ടര്‍മാരും പരസ്യവിചാരണ വേണമെന്നു പ്രതിഭാഗം അഭിഭാഷകരും ആവശ്യപ്പെട്ടു. കേസിനെ രാജ്യത്തെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രധാന പരീക്ഷണമെന്നാണ് ഇരുവരെയും പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റില്‍ തുര്‍ക്കിക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ആരോപണം ഇരുവരും നിഷേധിക്കുകയാണ്. കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ ജീവപര്യന്തം തടവു ലഭിക്കും.കഴിഞ്ഞമാസം കോടതി ഉത്തരവിനെത്തുടര്‍ന്നു രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ സമാന്റെ ഓഫിസ് തുര്‍ക്കി പോലിസ് റെയ്ഡ് നടത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണു ഭരണകൂടം ശ്രമിക്കുന്നതെന്നു ജാന്‍ ദുന്‍ദര്‍ വിചാരണയ്ക്കു മുമ്പ് പ്രസ്താവനയില്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it