Idukki local

മാധ്യമപ്രവര്‍ത്തകനായ സ്ഥാനാര്‍ഥിയുടെ വേറിട്ട പ്രചാരണം

കുമളി: മാധ്യമപ്രവര്‍ത്തകനായ സ്ഥാനാര്‍ഥിയുടെ വേറിട്ട പ്രചാരണം ശ്രദ്ധേയമാകുന്നു.സ്ഥാനാര്‍ഥി വരച്ച സ്വന്തം ചിത്രത്തിന്റെ ഫഌക്‌സ് ബോര്‍ഡുകളാണ് പ്രചാരണത്തിനുപയോഗിക്കുന്നത്. ദേശാഭിമാനി ലേഖകനും അഴുത ബ്ലോക്ക് പഞ്ചായത്തിലേക്ക് കുമളി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥിയുമായ കെ എ അബ്ദുല്‍ റസാക്കാണ് വ്യത്യസ്തമായ പ്രചാരണ മാതൃകകള്‍ അവതരിപ്പിക്കുന്നത്.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് വാങ്ങിയ മൊബൈല്‍ ഫോണിലെടുത്ത സെല്‍ഫി ചിത്രമാണ് ക്രയോണുകള്‍ ഉപയോഗിച്ച് കടലാസിലേക്ക് പകര്‍ത്തിയത്. പിന്നീടവ വാട്‌സാപ്പിലും ഫേസ് ബുക്കിലും പോസ്റ്റു ചെയ്തു. ഈ ചിത്രത്തിന് നൂറുകണക്കിന് ലൈക്കും ഷെയറും കമന്റുകളുമാണ് ലഭിച്ചത്. അബ്ദുല്‍ റസാഖ് സ്ഥാനാര്‍ഥി ആയതോടെ സുഹൃത്തുക്കളാണ് ഈ ചിത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പോസ്റ്ററുകള്‍ തയ്യാറാക്കിയത്.
കോട്ടയം കോടിമത കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സില്‍ നിന്നുമാണ് ചിത്രകലയില്‍ പഠനം പൂര്‍ത്തിയാക്കിയത്.
വാട്ടര്‍ കളര്‍, ക്രയോണ്‍, പെന്‍സില്‍ ഡ്രോയിങ് ഉള്‍പ്പെടെ ഇക്കാലയളവിനുള്ളില്‍ ആയിരക്കണക്കിന് ചിത്രങ്ങളാണ് വരച്ചത്. ഇതില്‍ കൂടുതലും ലോകത്തെ മഹാന്മാരുടെ ചിത്രങ്ങളാണ്.
മഹത് വ്യക്തികളുടെ ജന്മദിനത്തിലും ചരമ ദിനത്തിലും ഇവരുടെ ചിത്രങ്ങള്‍ വരച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുക ഇപ്പോള്‍ റസാഖിന്റെ ഹോബിയാണ്.
പത്തു വര്‍ഷമായി ദേശാഭിമാനി പീരുമേട് താലൂക്ക് ലേഖകനായി പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ റസാക്ക് നല്ലൊരു കാര്‍ട്ടൂണിസ്റ്റുമാണ്. അഴിമതിക്കെതിരെ പത്രത്തിലൂടെ നടത്തിയ പോരാട്ടത്തിന് 2010ല്‍ ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. സുകുമാര്‍ അഴീക്കോടിന്റെ സാന്നിധ്യത്തില്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കില്‍ നിന്നുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 1986ല്‍ ഡിവൈഎഫ്‌ഐയിലൂടെ പൊതുരംഗത്തെത്തി അഴിമതിക്കെതിരെ നടത്തിയ പോരാട്ടം വോട്ടുകളായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് സ്ഥാനാര്‍ഥി.
കലാ-സാംസ്‌കാരിക പ്രവര്‍ത്തന രംഗത്തു സജീവമായ അബ്ദുല്‍ റസാക്ക് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗവും അമരാവതി സര്‍വ്വീസ് സഹകരണബാങ്ക് ഡയറക്ട് ബോഡ് അംഗമാണ്.
പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ അബ്ദുല്‍ റസാഖിന് പത്രപ്രവര്‍ത്തനരംഗത്തുള്ള ബന്ധം കൂടി കണക്കിലെടുത്താണ് പാര്‍ട്ടി സീറ്റ് നല്‍കിയത്.
കുമളി മന്നാക്കുടി ട്രൈബല്‍ യു.പി സ്‌കൂളില്‍ പഠിക്കുന്ന മക്കളായ അജ്മിയയും ആഷ്‌നയും ചിത്രരചനയില്‍ പിതാവിന്റെ പാത പിന്തുടരുന്നുണ്ട്. സബീനയാണ് ഭാര്യ.
Next Story

RELATED STORIES

Share it