Editorial

മാധ്യമങ്ങള്‍ പരിധിവിട്ട് പോവരുത്; കോടതികളും

കോടതിയുത്തരവുകളും വിചാരണയ്ക്കിടയില്‍ നടത്തുന്ന പരാമര്‍ശങ്ങളും മറ്റും മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണെന്നു പറഞ്ഞ് കെറുവിച്ചിരിക്കുന്നു കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ്. ക്ഷോഭജനകമായ രീതിയിലാണ് അവയെ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതെന്നും തന്മൂലം രാഷ്ട്രീയപ്പാര്‍ട്ടികള്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ ആയുധമാക്കുന്നു എന്നുമാണ് ജഡ്ജിയുടെ പരിഭവം. കോടതി നടപടിക്രമങ്ങളും യാഥാര്‍ഥ്യങ്ങളും മനസ്സിലാക്കാന്‍പോലും ശ്രമിക്കാതെയാണത്രെ മാധ്യമങ്ങളുടെ ഈ പ്രവൃത്തി. ഏതായാലും മാധ്യമങ്ങള്‍ സത്യം റിപോര്‍ട്ട് ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിനുമേല്‍ കടിഞ്ഞാണിടാനുള്ള നീക്കമൊന്നും കോടതിയുടെ ഭാഗത്തുനിന്ന് ഇല്ല എന്നത് ആശാസ്യവുമാണ്.
കേസുകള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ക്ക് മിണ്ടാതിരിക്കാനാവുകയില്ല എന്ന ജഡ്ജിയുടെ അഭിപ്രായം ശരിയാണ്. അത്തരം പരാമര്‍ശങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കരുതെന്നു പറയുന്നതും ശരി. മാധ്യമങ്ങള്‍ ചിലപ്പോഴൊക്കെ ഇത്തരം പരാമര്‍ശങ്ങളെ ഇത്തിരി 'എരിവും പുളിയും' കലര്‍ത്തി വായനക്കാര്‍ക്കു മുമ്പാകെ അവതരിപ്പിക്കുന്നുമുണ്ടാവാം. അതേസമയം, ജനശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ഇക്കിളിച്ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന ന്യായാധിപന്മാരുമില്ലേ കൂട്ടത്തില്‍? ചിലരെങ്കിലും വിലകുറഞ്ഞ ജനസമ്മതിയില്‍ ആകൃഷ്ടരാവുന്നുമുണ്ടാവാം. കേരള ഹൈക്കോടതി ഉള്‍പ്പെടെ പല ന്യായാസനങ്ങളിലും കേസ് വിചാരണാവേളയില്‍ ജഡ്ജിമാര്‍ നടത്തിയ പരാമര്‍ശങ്ങളും ഉന്നയിച്ച ചോദ്യങ്ങളും മറ്റും അമിട്ടുകളായി പൊട്ടിത്തെറിച്ച അനുഭവങ്ങള്‍ അടുത്തകാലത്തുണ്ട്. മാധ്യമങ്ങള്‍ വളച്ചൊടിച്ചതിനേക്കാളേറെ മാധ്യമങ്ങളുടെ മുമ്പിലേക്ക് എരിവു കലര്‍ത്തി ജഡ്ജിമാര്‍ ചില വിവാദങ്ങള്‍ ഇട്ടുകൊടുക്കുകയായിരുന്നു എന്നതല്ലേ ശരി? ന്യായാധിപന്മാരും അവരില്‍നിന്ന് സ്വാഭാവികമായും പ്രതീക്ഷിക്കുന്ന അന്തസ്സ് ഇതുവഴി കളഞ്ഞുകുളിക്കുന്നില്ലേ? ന്യായാധിപന്‍മാര്‍ പരിധിവിട്ടുകൊണ്ടും അനവസരത്തിലും അഭിപ്രായപ്രകടനം നടത്തുന്നു എന്ന അഭിപ്രായവും പ്രബലമാണ്. വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യഹരജി പരിഗണിക്കുന്ന വേളയില്‍ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ പരിധിവിട്ടവയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഈയിടെ പരാതിപ്പെടുകയുണ്ടായി. കോടതികളും ചിലപ്പോള്‍ വിവാദ വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നും അനാവശ്യ ചര്‍ച്ചകളുടെ അരങ്ങു കൊഴുപ്പിക്കുന്നുവെന്നും വേണം കരുതാന്‍.
പരിധിവിട്ട പരാമര്‍ശങ്ങള്‍ മാത്രമല്ല പ്രവൃത്തികളും കോടതികളുടെ ഭാഗത്തുനിന്നുണ്ടാവാറുണ്ട്. സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന കമ്മീഷന്‍ മുമ്പാകെ മുഖ്യമന്ത്രിക്കെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദേശത്തെ ഈ അര്‍ഥത്തില്‍ നിയമവിദഗ്ധര്‍ തന്നെ വിമര്‍ശിക്കുന്നുണ്ട്. ഔട്ട്‌ലുക്ക് മാസികയിലെഴുതിയ ഒരു ലേഖനത്തില്‍, ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫ. ജി എന്‍ സായിബാബക്ക് ജാമ്യം നല്‍കാത്തതിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അരുന്ധതി റോയിക്കെതിരേ കോടതിയലക്ഷ്യ നടപടി കൈക്കൊണ്ട ബോംബെ ഹൈക്കോടതിയുടെ ധൃതിപിടിച്ച നീക്കവും സാമാന്യേന വിമര്‍ശിക്കപ്പെട്ടു. മാധ്യമങ്ങള്‍ക്ക് മാത്രമല്ല, കോടതികള്‍ക്കും പരിധിവിട്ടുപോവുന്നു എന്നല്ലേ ഇതിന്റെയൊക്കെ അര്‍ഥം?
Next Story

RELATED STORIES

Share it