മാത്യു ടി തോമസും ശശീന്ദ്രനും മന്ത്രിമാരാവും

തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാത്യു ടി തോമസിനെ മന്ത്രിയാക്കാന്‍ ജെഡിഎസും എ കെ ശശീന്ദ്രനെ മന്ത്രിയാക്കാന്‍ എന്‍സിപിയും തീരുമാനിച്ചു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും കേന്ദ്ര നേതൃത്വമാണ് ശശീന്ദ്രന്റെ പേര് തിരഞ്ഞെടുത്തതെന്നും സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാരില്‍ ആരു മന്ത്രിയാവുമെന്ന് തീരുമാനിക്കാന്‍ കഴിയാതെവന്നതോടെ മന്ത്രിസ്ഥാനം വീതംവയ്ക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.
ആദ്യ രണ്ടരവര്‍ഷം എ കെ ശശീന്ദ്രനും പിന്നീട് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയും മന്ത്രിയാവും. എന്നാല്‍ വീതംവയ്ക്കാനുള്ള തീരുമാനം ഇപ്പോള്‍ പുറത്തുവിടേണ്ടതില്ലെന്നു കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. ഇതുപ്രകാരം മന്ത്രിയെ പ്രഖ്യാപിച്ച സംസ്ഥാന അധ്യക്ഷന്‍, വീതംവയ്ക്കുന്നതായുള്ള വാര്‍ത്തകളും നിഷേധിച്ചു. തര്‍ക്കം കാരണം മന്ത്രിസ്ഥാനം വീതംവയ്ക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന സിപിഎം നിലപാടിനെത്തുടര്‍ന്നാണ് ഇക്കാര്യം രഹസ്യമായി വയ്ക്കാന്‍ എന്‍സിപി തീരുമാനിച്ചത്. എല്‍ഡിഎഫ് മന്ത്രിസഭയിലേക്ക് തന്നെ നിര്‍ദേശിച്ച പാര്‍ട്ടിക്ക് അളവറ്റ നന്ദി രേഖപ്പെടുത്തുന്നതായി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മാത്യു ടി തോമസിനെ മന്ത്രിയാക്കാന്‍ ജനതാദള്‍ (എസ്) തീരുമാനിച്ചത്. മന്ത്രിസ്ഥാനത്തിനായി കെ കൃഷ്ണന്‍കുട്ടിയും സി കെ നാണുവും അവകാശവാദം ഉന്നയിച്ചതാണു തര്‍ക്കത്തിനു കാരണം. ദേവഗൗഡയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മാത്യു ടി തോമസിന് നറുക്കുവീഴുകയായിരുന്നു. നേരത്തെ വി എസ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന മാത്യു ടി തോമസ് തിരുവല്ലയില്‍ നിന്നാണു നിയമസഭയിലെത്തിയത്.
Next Story

RELATED STORIES

Share it