മാത്തൂരിലെ കൂട്ട ആത്മഹത്യക്ക് പിന്നില്‍ കുടുംബപ്രശ്‌നമെന്ന് പോലിസ്

പാലക്കാട്: കുഴല്‍ മന്ദത്തിനടുത്ത മാത്തൂര്‍ നെല്ലിപ്പറമ്പില്‍ ഇരട്ട സഹോദരികളും മാതാപിതാക്കളും തൂങ്ങിമരിച്ചത് കുടുംബപ്രശ്‌നം കാരണമെന്ന് പോലിസ്. നെല്ലിയംപറമ്പ് ബാലകൃഷ്ണന്‍ (60), ഭാര്യ രാധാമണി (52), ഇരട്ടകളായ ദൃശ്യ (20), ദര്‍ശന (20) എന്നിവരാണ് ഞായറാഴ്ച രാത്രി എട്ടോടെ വീടിനോട് ചേര്‍ന്നുള്ള ഓടിട്ട അടുക്കളപ്പുരയില്‍ തൂങ്ങിമരിച്ചത്.
പെയിന്റിങ് തൊഴിലാളിയായ ബാലകൃഷ്ണന്‍ കനത്ത മഴ കാരണം കഴിഞ്ഞ രണ്ട് ദിവസമായി ജോലിക്ക് പോയിരുന്നില്ല. ഞായറാഴ്ച വൈകീട്ട് 6.45വരെ ഇവരെ സമീപവാസികള്‍ കണ്ടിട്ടുണ്ട്. രാത്രി ഒമ്പതരയോടെ ബാലകൃഷ്ണന്റെ മൂത്ത മകന്‍ ദ്വിഗ്‌രാജ് എത്തിയപ്പോള്‍ വീട് അടച്ചിട്ടതായി കണ്ടു. ഏറെനേരം വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നപ്പോള്‍ അയല്‍ക്കാരെയുംകൂട്ടി വാതില്‍ തള്ളിത്തുറന്നപ്പോഴാണ് നാല് പേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഗള്‍ഫില്‍ സാങ്കേതിക വിഭാഗം ജീവനക്കാരനായ ദ്വിഗ്‌രാജ് അവധികഴിഞ്ഞ് തിങ്കളാഴ്ച തിരികെ പോവാനിരിക്കെയാണ് കുടുംബത്തിന് ദുരന്തം സംഭവിച്ചത്. ദ്വിഗ്‌രാജ് മറ്റൊരു സമുദായത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനൊരുങ്ങിയതാണ് കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്ക് വഴിവച്ചതെന്നാണ് പോലിസിന് ലഭിച്ച സൂചന.
കഴിഞ്ഞ വര്‍ഷം അവധിക്കെത്തിയ ദ്വിഗ്‌രാജ് പെണ്‍കുട്ടിയെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നത്രേ. വീട്ടുകാരുടെ എതിര്‍പ്പ് കാരണം ഒരുമിച്ച് താമസം തുടങ്ങിയിരുന്നില്ല. ഇവരെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ ബാലകൃഷ്ണന്‍ തയ്യാറായിരുന്നില്ല. ഇതര സമുദായത്തില്‍ നിന്നുള്ള മകന്റെ വിവാഹം രണ്ട് പെണ്‍മക്കളുടെയും വിവാഹാലോചനകള്‍ക്ക് തടസ്സമാവുമോ എന്ന ആധിയിലായിരുന്നു ബാലകൃഷ്ണനും രാധാമണിയും. നേരത്തേയും ഇവര്‍ കൂട്ട ആത്മഹത്യക്ക് ആലോചിച്ചിരുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
ദൃശ്യ ആലത്തൂരിലെ സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്. ദര്‍ശന പാലക്കാട്ടെ സ്വകാര്യ നഴ്‌സിങ് സ്ഥാപനത്തില്‍ പഠിക്കുന്നു. മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉച്ചയ്ക്കു രണ്ടു മണിയോടെ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്നു വൈകീട്ട് അഞ്ചരയോടെ സംസ്‌കരിച്ചു. ആലത്തൂര്‍ ഡിവൈഎസ്പി സി കെ രാമചന്ദ്രന്‍, സിഐ വി എസ് ദിനരാജ്, എസ്‌ഐ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. വിരലടയാള വിഗഗ്ധരും മറ്റ് ഉന്നത പോലിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story

RELATED STORIES

Share it