Readers edit

മാതൃഭാഷാസ്‌നേഹികള്‍ എവിടെപ്പോയി?

കേരളപ്പിറവി ദിനമായ നവംബര്‍ 1 മാതൃഭാഷാദിനമായി ആചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇംഗ്ലീഷുകാര്‍ നമ്മുടെ നാടു വിട്ടിട്ട് അരനൂറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും സായിപ്പിന്റെ ഭാഷയുടെ ആധിപത്യം കുറഞ്ഞിട്ടില്ല. നാട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഇപ്പോഴും പൊട്ടിമുളച്ചുകൊണ്ടിരിക്കുന്നു. മാതൃഭാഷാപ്രേമികള്‍ എന്നു പറയപ്പെടുന്നവര്‍ പോലും സ്വന്തം കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അയച്ചായിരിക്കും പഠിപ്പിക്കുന്നത്. കുറച്ചു കാലം മുമ്പ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ചിരുന്ന ഒരു കുട്ടി ക്ലാസ് സമയത്ത് ഒരു മലയാളം വാക്ക് അറിയാതെ പറഞ്ഞുപോയതിന് തല മുണ്ഡനം ചെയ്യേണ്ടിവന്ന വാര്‍ത്ത അത്ര പെട്ടെന്നു മറക്കാനാവില്ല. ഊട്ടിയിലും മറ്റുമുള്ള പബ്ലിക് സ്‌കൂളുകളില്‍ വലിയ ഫീസ് കൊടുത്തു മക്കളെ പഠിപ്പിക്കുന്ന ഭാഷാപ്രേമം മൂത്ത രാഷ്ട്രീയ നേതാക്കളും നമ്മുടെ നാട്ടിലുണ്ട്.
ഇംഗ്ലീഷിനോടുള്ള ആരാധനാ മനോഭാവം മുതിര്‍ന്നവരിലും കൂടിവരുകയാണ്. മലയാളം മാത്രം അറിയാവുന്നവര്‍ക്കു പോലും മലയാളത്തിലുള്ള കല്യാണക്കുറി വേണ്ട, ഇംഗ്ലീഷിലുള്ള വെഡ്ഡിങ് ലെറ്റര്‍ തന്നെ വേണം. അതുപോലെ സ്വീകരണമുറി, ഊണുമുറി, കിടപ്പുമുറി എന്നിങ്ങനെ പറയുന്നതിനേക്കാള്‍ കൂടുതല്‍ നാവു വഴങ്ങുന്നത് ഡ്രോയിങ് റൂം, ഡൈനിങ് ഹാള്‍, ബെഡ്‌റൂം എന്നൊക്കെ പറയാനാണ്. യുവതലമുറ 'ഫുഡ്' മാത്രമേ ഇപ്പോള്‍ കഴിക്കാറുള്ളൂ.
ടെലിവിഷന്‍ പരിപാടികളിലും മാതൃഭാഷ അപമാനിക്കപ്പെടുന്നതായി കാണുന്നു. മാതൃഭാഷാസ്‌നേഹികളെ സംബന്ധിച്ചിടത്തോളം അസഹ്യമാണ് ചിലരുടെ ഉച്ചാരണം. മലയാളം പറയുന്നതിനിടയിലുള്ള ഇംഗ്ലീഷ് പ്രയോഗം കേട്ടാല്‍ ഓക്കാനം വരും. ട്രിവാന്‍ഡ്രത്തു നിന്നു ക്വയിലോണ്‍, ആലപ്പി, ട്രിച്ചൂര്‍ വഴി കാലിക്കറ്റിനു പോകുന്നതാണ് പലര്‍ക്കും സുഖം. അമ്മിഞ്ഞപ്പാലിനോടൊപ്പം നാവിലുണരുന്ന 'അമ്മ'യ്ക്കു പകരം 'മമ്മി'യാണോ വേണ്ടത്?

വി എസ് ബാലകൃഷ്ണപിള്ള
മണക്കാട്
Next Story

RELATED STORIES

Share it