മാതൃദിനത്തില്‍ കനയ്യയുടെ തുറന്ന കത്ത് സ്മൃതി ഇറാനി ദേശവിരുദ്ധരുടെ നീതിബോധമില്ലാത്ത അമ്മ: കനയ്യ

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാര്‍ കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് മാതൃദിനത്തില്‍ തുറന്ന കത്തെഴുതി. കെട്ടിച്ചമച്ച വീഡിയോയുടെയും പക്ഷപാതപരമായ അന്വേഷണ റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ഒരു മാതാവ് എങ്ങനെയാണു സ്വന്തം മക്കളെ ശിക്ഷിക്കുകയെന്ന് കനയ്യ കത്തില്‍ ചോദിക്കുന്നു. എല്ലാ വിദ്യാര്‍ഥികളും തന്റെ മക്കളാണെന്ന സ്മൃതിയുടെ പരാമര്‍ശത്തെ കണക്കിനു കളിയാക്കുന്നതാണു കനയ്യയുടെ കത്ത്. നിങ്ങളുടെ മാതൃസ്‌നേഹത്തിന്റെ തീഷ്ണതയില്‍ ഞങ്ങള്‍ പഠിക്കാന്‍ വിഷമിക്കുകയാണ്. മോദി ഭരണത്തില്‍ പട്ടിണിക്കെതിരെയും പോലിസിന്റെ ലാത്തിക്കെതിരെയും പോരാടി എങ്ങനെ വിദ്യ അഭ്യസിക്കാമെന്നു ഞങ്ങള്‍ പഠിച്ചു. രാജ്യവിരുദ്ധരുടെ നീതിബോധമില്ലാത്ത മാതാവെന്നാണു കത്തില്‍ കനയ്യ സ്മൃതി ഇറാനിയെ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വന്തം മാതാവിനു പുറമേ ഗോമാതാവും ഭാരതമാതാവും സ്മൃതി ഇറാനിയുമുള്ളപ്പോള്‍ രോഹിത് വെമുലയ്ക്ക് എങ്ങിനെ ആത്മഹത്യ ചെയ്യാന്‍ കഴിഞ്ഞുവെന്ന് ഒരു സുഹൃത്ത് തന്നോടു ചോദിച്ചിരുന്നു. രോഹിതിനെ ശിക്ഷിക്കാന്‍ സ്മൃതി ഇറാനിയുടെ മന്ത്രാലയം നിരവധി കത്തുകള്‍ അയച്ചിരുന്നുവെന്നും രോഹിത്തിന്റെ ഫെലോഷിപ്പ് തടഞ്ഞുവച്ചതിനു പിന്നിലും മാനവശേഷി മന്ത്രാലയമാണെന്നും അതേ 'ദേശവിരുദ്ധ' സുഹൃത്ത് തന്നോടു പറഞ്ഞിരുന്നു. ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഒരമ്മ മകനെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിക്കുമോയെന്നും കെട്ടിച്ചമച്ച വീഡിയോകളുടെയും പക്ഷപാതപരമായ അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ സ്വന്തം മക്കളെ ശിക്ഷിക്കുമോയെന്നും കത്തില്‍ കനയ്യ ചോദിച്ചു. 11 ദിവസമായി നീതിക്കുവേണ്ടി നിരാഹാരസമരം നടത്തുന്ന നിങ്ങളുടെ കുട്ടികളുടേതാണ് ഈ ചോദ്യമെന്നും കത്തില്‍ കനയ്യ പറയുന്നു.സമയമുണ്ടെങ്കില്‍ കത്തിനു മറുപടി നല്‍കണമെന്നും നീതിബോധമില്ലാത്ത അമ്മയെന്ന തന്റെ സുഹൃത്ത് നല്‍കിയ വിശേഷണം തെറ്റാണെന്നു തെളിയിക്കുന്ന വസ്തുനിഷ്ഠമായ മറുപടി പ്രതീക്ഷിക്കുന്നതായും കനയ്യ കത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it