മാതൃത്വത്തിന് അപമാനം; കൊടും ക്രൂരത കാമുകനുമൊത്ത് ജീവിക്കാന്‍

തിരുവനന്തപുരം: സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊല നടത്തിയത് കമിതാക്കളായ പ്രതികള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍. സ്വന്തം കുഞ്ഞിനെപ്പോലും കൊന്നൊടുക്കി കാമുകനോടൊപ്പം കഴിയാനുള്ള രണ്ടാംപ്രതി അനുശാന്തിയുടെ മനസ്സ് മാതൃത്വത്തിനുതന്നെ അപമാനമാണെന്നു തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയെഴുതി. സംഭവം നടന്ന് രണ്ടുവര്‍ഷവും രണ്ടുദിവസവും പിന്നിടുമ്പോഴും കൊലപാതകത്തില്‍ നിറഞ്ഞുനിന്ന ക്രൂരത മറയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
ടെക്‌നോപാര്‍ക്കിലെ സഹപ്രവര്‍ത്തകരായിരുന്ന ഒന്നാംപ്രതി നിനോ മാത്യുവിനും രണ്ടാംപ്രതി അനുശാന്തിക്കും ഒന്നിച്ച് ജീവിക്കുന്നതിനായാണ് അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെയും മകള്‍ നാലുവയസ്സുകാരി സ്വാസ്തികയെയും കൊലപ്പെടുത്താന്‍ ഇവര്‍ ഗൂഢാലോചന നടത്തുന്നത്. അതനുസരിച്ചാണ് 2014 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം അവിക്‌സിന് സമീപത്തുള്ള ലിജീഷിന്റെ തുഷാരം എന്ന വീട്ടില്‍ നിനോ മാത്യു എത്തിയത്. ലിജീഷിന്റെ അമ്മ ഓമനയും മകള്‍ സ്വാസ്തികയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ആലംകോട് ചാത്തമ്പറയില്‍ പുതിയ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ ലിജീഷും പിതാവ് തങ്കപ്പന്‍ ചെട്ട്യാരും അവിടെയായിരുന്നു. കെഎസ്ഇബി ജീവനക്കാരനാണെന്നും ലിജീഷിന്റെ സുഹൃത്താണെന്നും വിവാഹം ക്ഷണിക്കാന്‍ വന്നതാണെന്നും പരിചയപ്പെടുത്തി ഓമനയെക്കൊണ്ട് ഫോണില്‍ ലിജീഷിനെ വീട്ടിലേക്കു വിളിപ്പിച്ചു. കുട്ടിയെ ഒക്കത്തിരുത്തി അടുക്കളയിലേക്കു തിരിഞ്ഞ ഓമനയുടെ പിന്നാലെയെത്തിയ നിനോ ബേസ്‌ബോള്‍ സ്റ്റിക്ക് കൊണ്ട് ഇരുവരെയും അടിച്ചുവീഴ്ത്തി, കഴുത്തില്‍ തുരുതുരെ വെട്ടുകയായിരുന്നു. കുഞ്ഞിന്റെ കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇരുവരുടെയും മരണം ഉറപ്പാക്കി ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം വാതിലിനിടയില്‍ മറഞ്ഞുനിന്നു. ബൈക്കില്‍ വീട്ടിലെത്തിയ ലിജീഷ് അകത്തുകയറുന്നതിനിടെ മുഖത്ത് മുളകുപൊടിയെറിഞ്ഞു കഴുത്ത് ലക്ഷ്യമാക്കി വെട്ടി.
ആദ്യവെട്ട് തടുത്ത് അലറിക്കരഞ്ഞു പുറത്തേക്കോടിയ ലിജീഷിനെ പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തി വീടിനു താഴെയുള്ള ഇടവഴിയിലൂടെ നിനോ മാത്യു രക്ഷപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലിസ് എത്തുമ്പോഴേക്കും ഓമനയും കുഞ്ഞും മരിച്ചിരുന്നു. മോഷണത്തിനിടെയുള്ള കൊല എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ചിട്ടിപിടിക്കാനെന്നു പറഞ്ഞ് പത്തരമണിയോടെ ഓഫിസ് വിട്ടിറങ്ങിയ നിനോ മാത്യു കഴക്കൂട്ടത്ത് കാര്‍ ഒതുക്കി ബസ്സിലാണ് ആലംകോട്ടെത്തിയതും നടന്ന് വീട്ടിലെത്തി അരുംകൊലകള്‍ നടത്തി മടങ്ങിയതെന്നുമായിരുന്നു പോലിസ് വിശദീകരണം. ബസ്സില്‍ കയറി കുഴിവിളയിലെ വീട്ടിലെത്തിയ നിനോ മാത്യുവിനെ അന്നു വൈകീട്ടുതന്നെ പോലിസ് പിടികൂടി. ലിജീഷ് നല്‍കിയ മൊഴി ഏറെ നിര്‍ണായകമായി. നിനോ മാത്യുവിന്റെ മൊബൈല്‍ പിടിച്ചെടുത്ത പോലിസ് കണ്ടെത്തിയത് അനുശാന്തിയുമായുള്ള അവിഹിതബന്ധത്തിന്റെ തെളിവുകളായിരുന്നു.
കൃത്യം നടത്തി രക്ഷപ്പെടാന്‍ വീടിന്റെ പല കോണുകളില്‍ നിന്നും സ്വയം എടുത്തയച്ച ദൃശ്യങ്ങളും അനുശാന്തിയെ കുടുക്കി. തൊട്ടടുത്ത ദിവസം നിനോ മാത്യുവിന്റെ വീട്ടില്‍ പോലിസ് റെയ്ഡ് നടത്തി. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പ്രതികള്‍ തമ്മിലുള്ള വഴിവിട്ട ബന്ധം തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപ്പും കണ്ടെത്തി. 83 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2015 ഒക്ടോബര്‍ 12നാണ് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്. പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. നിനോ മാത്യു സൂക്ഷിച്ച രഹസ്യദൃശ്യങ്ങള്‍ അടച്ചിട്ട കോടതിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് തെളിവായി സ്വീകരിച്ചത്. ഒടുവില്‍ സംഭവം നടന്ന് രണ്ടുവര്‍ഷം തികയാന്‍ ഒരുദിവസം ബാക്കിനില്‍ക്കെയാണു പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്.
Next Story

RELATED STORIES

Share it