മാതാവ് മാപ്പുനല്‍കി; മകന്റെ ഘാതകന് അവസാന നിമിഷം വാള്‍മുനയില്‍ നിന്ന് മോചനം

ജുബൈല്‍: വധശിക്ഷ നടപ്പാക്കുന്നതിന് മിനിറ്റുകള്‍ക്കു മുമ്പ് മകന്റെ ഘാതകന് മാതാവ് മാപ്പുനല്‍കി. സൗദി കിഴക്കന്‍ പ്രവിശ്യയിലെ വ്യാവസായിക നഗരമായ ജുബൈലില്‍ വധശിക്ഷ നടപ്പാക്കുന്ന മൈതാനത്തുവച്ചാണ് പ്രതി ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. അവസാന നിമിഷത്തില്‍ മാപ്പു നല്‍കിക്കൊണ്ടുള്ള അറിയിപ്പ് വന്നതോടെ വധശിക്ഷ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതോടെ ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ തടിച്ചുകൂടിയ ജനങ്ങള്‍ ഒന്നടങ്കം അല്ലാഹു അക്ബര്‍ എന്ന് തക്ബീര്‍ മുഴക്കി ആഹ്ലാദം പങ്കുവച്ചു. ഏഴു വര്‍ഷം മുമ്പ് നാരിയ എന്ന സ്ഥലത്ത് സനീഫര്‍ അല്‍ മര്‍രി എന്ന സൗദി യുവാവ് വാക്കേറ്റത്തെ തുടര്‍ന്ന് ദോസരി എന്ന യുവാവിനെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ദോസരി തല്‍ക്ഷണം മരിച്ചു. ദോസരിയുടെ കുടുംബം കുവൈത്തിലാണ് താമസം. വിചാരണ കോടതി വിധിച്ച വധശിക്ഷ മേല്‍ക്കോടതി ശരിവച്ചു. തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വിധി നടപ്പാക്കാന്‍ ഇന്നലെ പ്രതിയെ ജുബൈലിലെ മൈതാനത്ത് എത്തിച്ചത്. സൗദി, കുവൈത്ത് ഗവണ്‍മെന്റുകളും പ്രതിയുടെ കുടുംബവും പ്രതിക്ക് മാപ്പുനല്‍കണമെന്ന അപേക്ഷയുമായി ദോസരി കുടുംബത്തെ സമീപിച്ചിരുന്നു. മധ്യസ്ഥര്‍ പലതവണ ശ്രമം നടത്തിയെങ്കിലും കൊല്ലപ്പെട്ടയാളുടെ മാതാവും സഹോദരനും വിസമ്മതിക്കുകയായിരുന്നു. എന്നാല്‍, ശിക്ഷ നടപ്പാക്കുന്നതിന് സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് മാപ്പുനല്‍കുന്നതായി മാതാവ് പ്രഖ്യാപിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it