wayanad local

മാതാപിതാക്കളെ തെരുവിലുപേക്ഷിക്കുന്ന പ്രവണത കൂടുന്നു; വയോജന നിയമം കാര്യക്ഷമമായി നടപ്പാക്കണം: സ്‌പെഷ്യല്‍ ഓഫിസര്‍

കല്‍പ്പറ്റ: 2007 കേന്ദ്ര വയോജന നിയമം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കണമെന്നു വയോജനങ്ങള്‍ക്കുള്ള പ്രത്യേക നയം രൂപീകരിക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ അഡ്വ. വി കെ ബീരാന്‍ പറഞ്ഞു. കലക്ടറേറ്റിലെ എപിജെ അബ്ദുല്‍ കലാം ഹാളില്‍ വയോജനങ്ങളില്‍ നിന്നും വയോജന സംഘടനകളില്‍ നിന്നും പരാതികളും നിവേദനങ്ങളും സ്വീകരിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വത്തിനും മറ്റ് ഭൗതിക നേട്ടങ്ങള്‍ക്കുമായി മാതാപിതാക്കളെ ഉപയോഗപ്പെടുത്തിയ ശേഷം തെരുവിലുപേക്ഷിക്കുന്ന പ്രവണത സംസ്ഥാനത്ത് കൂടിവരികയാണ്. മക്കളില്‍ നിന്നും മറ്റ് ബന്ധുക്കളില്‍ നിന്നുമുള്ള അവഗണനയ്ക്കും ചൂഷണത്തിനുമെതിരേ വയോജന നിയമം സംരക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍, ഭൂരിഭാഗമാളുകളും ഇതേക്കുറിച്ച് അജ്ഞരാണ്. സ്വന്തം മക്കളില്‍ നിന്ന് എന്തു പീഡനമുണ്ടായാലും പരാതി നല്‍കാന്‍ മാതാപിതാക്കള്‍ മടിക്കുകയാണ്.
ജീവിതം മുഴുവന്‍ മക്കളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി ചെലവഴിച്ച മാതാപിതാക്കള്‍ക്ക് തിരിച്ച് മക്കളില്‍ നിന്നു സ്‌നേഹവും പരിചരണവും ലഭിക്കുന്നില്ല. വാര്‍ധക്യ കാലത്ത് ഒറ്റപ്പെട്ട് നിരാലംബരായി ജീവിക്കേണ്ടിവരുന്ന അവസ്ഥയില്‍ മാറ്റമുണ്ടാവണമെങ്കില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വയോജന നിയമമനുസരിച്ച് ആര്‍ഡിഒ/സബ് കലക്ടര്‍ക്കു കീഴില്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിച്ച് വയോജനങ്ങളുടെ കേസുകള്‍ മൂന്നു മാസത്തിനകം തീര്‍പ്പാക്കണം. ഇതിനു സാധിച്ചില്ലെങ്കില്‍ പ്രത്യേകം കാരണം കാണിച്ച് ഒരു മാസം കൂടി അധിക സമയമെടുത്ത് തീര്‍പ്പാക്കണം. മാതാപിതാക്കള്‍ പരാതി നല്‍കാന്‍ വിസമ്മതിച്ചാലും ജില്ലാ സാമൂഹികനീതി ഓഫിസര്‍ അംഗമായ ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാം. കേസ് നടത്തിപ്പിന് സാമൂഹികനീതി ഓഫിസര്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കണം. ഇത്തരം കേസുകള്‍ വാദിക്കുന്നതിന് മക്കള്‍ക്ക് അഭിഭാഷകരെ നിയോഗിക്കാന്‍ പാടില്ല. ട്രൈബ്യൂണലിന്റെ ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യാനും കഴിയില്ല.
ബസ്സുകളില്‍ 20 ശതമാനം സീറ്റുകള്‍ പ്രായമായവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ടെങ്കിലും മിക്ക ബസ്സുകളിലും ഇതു പാലിക്കാറില്ല. പ്രായമായ സ്ത്രീകള്‍ക്ക് മാത്രമാണ് പല ബസ്സുകളിലും സംവരണമുള്ളത്. ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന ശുപാര്‍ശകളിലുണ്ടാവണമെന്നു വിവിധ സംഘടനകള്‍ സമിതി മുമ്പാകെ ആവശ്യപ്പെട്ടു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തിന്റെ 10 ശതമാനം വയോജന ക്ഷേമപദ്ധതികള്‍ക്കായി നീക്കിവയ്ക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന് നല്‍കുന്ന അന്തിമ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും സ്‌പെഷ്യല്‍ ഓഫിസര്‍ അറിയിച്ചു. പകല്‍ വീടുകളിലും ഓള്‍ഡ് എയ്ജ് ഹോമുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന നിര്‍ദേശവും സമിതി മുമ്പാകെ വന്നു. വയോജന നിയമത്തെക്കുറിച്ച് പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് സര്‍ക്കാരിനോടാവശ്യപ്പെട്ടു. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്റ്റനുസരിച്ച് സംഘടന രൂപീകരിച്ച് പൊതുജനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ വയോജനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങ് എം വി ശ്രേയാംസ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബസ്സുകളില്‍ പ്രായമായവര്‍ക്ക് സീറ്റ് സംവരണം ഉറപ്പാക്കുന്നതിനും ആശുപത്രികളില്‍ പ്രായമായവര്‍ക്ക് പ്രത്യേക ക്യൂ സംവിധാനം ഒരുക്കുന്നതിനും നടപടി സ്വീകരിക്കുമെന്നു സബ് കലക്ടര്‍ ശീറാം സാംബശിവ റാവു പറഞ്ഞു. സിറ്റിങില്‍ സംസ്ഥാന വയോജന ക്ഷേമ ബോര്‍ഡ് മെംബര്‍ എ പി വാസുദേവന്‍ നായര്‍, ജില്ലാ മെംബര്‍ റസാഖ് കല്‍പ്പറ്റ, സാമൂഹികനീതി ഓഫിസര്‍ രത്‌നസിങ് പങ്കെടുത്തു.
Next Story

RELATED STORIES

Share it