wayanad local

മാണ്ടലാടി കോളനിയില്‍ ജലക്ഷാമം; വരണ്ടുണങ്ങി വയനാട്

മാനന്തവാടി: കൊടും ചൂടില്‍ പുഴകളും കിണറുകളും വറ്റിയതോടെ എടവക പഞ്ചായത്തിലെ മാണ്ടലാടി കോളനിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കോളനിയില്‍ 75ഓളം കുടുംബങ്ങളാണുള്ളത്. ജലവിതരണ വകുപ്പിന്റെ പൈപ്പ് ലൈന്‍ വഴിയായിരുന്നു ഇവര്‍ക്ക് വെള്ളം ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ കുറേ ആഴ്ചകളായി പൈപ്പ് വെള്ളം നിലച്ചു. ഇതാണ് ആദിവാസികളെ വലച്ചത്. എപ്പോഴെങ്കിലും വിരുന്നെത്തുന്നതു പോലെയാണ് നിലവില്‍ പൈപ്പില്‍ വെള്ളം വരുന്നത്. ഇതു പ്രതീക്ഷിച്ചിരുന്നാല്‍ വെള്ളം കിട്ടാതെ മരിക്കേണ്ടിവരുമെന്ന് കോളനിവാസികള്‍ പറയുന്നു.
പ്രദേശത്ത് വരള്‍ച്ച രൂക്ഷമായതിനാല്‍ റവന്യൂ വകുപ്പ് ടാങ്കറില്‍ ജലവിതരണം നടത്തുന്നുണ്ടെങ്കിലും പൈപ്പ് കണക്ഷനുണ്ടെന്ന പേരില്‍ കോളനിയില്‍ വിതരണം ചെയ്യുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിച്ച പഞ്ചായത്ത് കിണറും ഉപയോഗശൂന്യമായി കിടക്കുകയാണ്.
അലക്കാനും കുളിക്കാനും മൂന്നു കിലോമീറ്റര്‍ താണ്ടി അഗ്രഹാരത്തെ പുഴയാണ് ഇവര്‍ ആശ്രയിക്കുന്നത്. സമീപത്തെ സ്വകാര്യ വ്യക്തികളുടെ കിണറുകളിലും കുടിവെള്ളം കുറവായതിനാല്‍ യഥേഷ്ടം ലഭിക്കുന്നില്ല. രാവിലെ മുതല്‍ ഒഴിഞ്ഞ കുടവുമായി രണ്ടും മൂന്നു വീടുകള്‍ അലഞ്ഞാണ് കുടിവെള്ളം കണ്ടെത്തുന്നത്. കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടിയില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കാനാണ് കോളനിവാസികളുടെ തീരുമാനം.
Next Story

RELATED STORIES

Share it