മാണി മനസ്സ് തുറന്നാല്‍  ചര്‍ച്ചയ്ക്ക് തയ്യാര്‍: കുമ്മനം

തിരുവനന്തപുരം: ബിഡിജെഎസുമായുള്ള സഖ്യം പൊളിഞ്ഞതോടെ കെ എം മാണിയുമായി അടുക്കാന്‍ ബിജെപി നീക്കം. ബിജെപിയുമായി സഹകരിക്കുന്നതില്‍ മാണി നിലപാട് വ്യക്തമാക്കട്ടെ എന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. മാണിക്കു മുന്നില്‍ ബിജെപി വാതില്‍ കൊട്ടിയടച്ചിട്ടില്ല. മാണിയുടെ നിലപാട് അറിഞ്ഞ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ വിട്ടുവരുന്നവരുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും കുമ്മനം പറഞ്ഞു.
ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ബിഡിജെഎസുമായുള്ള മൂന്നാം ചേരി നീക്കം പാളിയതോടെയാണ് ബിജെപി മാണിക്കു പിന്നാലെ കൂടിയത്. പിന്നില്‍ നിന്നു കുത്തുന്നവരാണ് രാഷ്ട്രീയത്തിലുള്ളതെന്നും ബാര്‍ കോഴ വിഷയത്തില്‍ നീതി ലഭിച്ചില്ലെന്നും മാണി തുറന്നു പറഞ്ഞിരുന്നു. മാണിയുമായി അടുപ്പമുള്ള കോട്ടയത്തെ ഒരു ബിജെപി ഭാരവാഹി ഇതിനകം തന്നെ കേരള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മാണിക്കായി വാതില്‍ തുറന്നിടുന്നതായി ബിജെപി മുന്‍ അധ്യക്ഷന്‍ വി മുരളീധരനും വ്യക്തമാക്കിയിരുന്നു.
അതേസമയം, ബിഡിജെഎസുമായുള്ള ബന്ധത്തില്‍ തുടരുന്ന അവ്യക്തത കുമ്മനം സമ്മതിച്ചു. ബിഡിജെഎസ് ബിജെപിയുടെ സഖ്യകക്ഷി ആണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇതുസംബന്ധിച്ചു വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെന്നും കുമ്മനം മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍ ബിജെപിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും സഖ്യനീക്കം ബിജെപിയുടെ സ്വപ്‌നം മാത്രമാണെന്നും കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരിയും ആന്റണി രാജുവും മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
Next Story

RELATED STORIES

Share it