മാണിയുടെ രാജി: വീഴ്ചയില്‍ നിന്ന് കരകയറാനാവാതെ കേരളാ കോണ്‍ഗ്രസ്

കോട്ടയം: ബാര്‍ കോഴക്കേസില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി മന്ത്രിസ്ഥാനം രാജിവച്ചതോടെ കേരളാ കോണ്‍ഗ്രസ്സിന് ഉണ്ടായ തിരിച്ചടിയില്‍ നിന്നു കരകയറാനാവാതെ നേതൃത്വവും അണികളും. കെ എം മാണിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും ആരൊക്കെയാണ് ഇതിനു പിന്നിലെന്നു വെളിപ്പെടുത്താന്‍ നേതാക്കള്‍ ഇനിയും തയ്യാറായിട്ടില്ല. രാജിക്കുശേഷം പാലായില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ നടത്തിയ പ്രസംഗത്തിലും രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ചു വെളിപ്പെടുത്താതെ കെ എം മാണിയും മൗനംപാലിക്കുകയായിരുന്നു.
രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നതില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് ഇന്നലെ ജോസ് കെ മാണി നടത്തിയ വെളിപ്പെടുത്തല്‍. ബാര്‍ കോഴക്കേസില്‍ പാര്‍ട്ടിക്കു നീതി ലഭിച്ചില്ലെന്നും കേസില്‍ ഒളിഞ്ഞും തെളിഞ്ഞും ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. എന്നാല്‍ ഇടപെട്ടത് ആരെന്നു പറയാന്‍ അദ്ദേഹം തയ്യാറായില്ല. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ തുടരന്വേഷണം നടക്കാനിരിക്കെ കോണ്‍ഗ്രസ്സിനെതിരേ പടപ്പുറപ്പാട് നടത്തുന്നതു കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ട്. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലനില്‍ക്കെ പാര്‍ട്ടിയിലുള്ള വിശ്വാസം അണികളില്‍ കുറയുന്നുവെന്ന ആശങ്കയും നേതൃത്വം തിരിച്ചറിയുന്നു. കത്തോലിക്ക സഭയുടെ സത്യദീപം അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ മാണിയുടെ ധാര്‍മികത സംബന്ധിച്ച് ഉയര്‍ന്ന പരാമര്‍ശങ്ങള്‍ അണികളെ നേതൃത്വത്തില്‍ നിന്ന് അകറ്റാന്‍ പ്രേരിപ്പിച്ചെന്ന വിലയിരുത്തലുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി പാര്‍ട്ടിക്കു വലിയ തോതിലുള്ള തിരിച്ചടിയുണ്ടായതിന്റെ കാരണങ്ങള്‍ തേടാനുള്ള ആലോചനയിലാണു നേതൃത്വം.
ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്നുണ്ടാക്കിയ തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്നും കേരള കോണ്‍ഗ്രസ്സിന് ഭാവിയില്‍ ഇതു വലിയ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളുമായി നിലനില്‍ക്കുന്ന ചേരിപ്പോരുകളും ബാര്‍ കോഴ വിവാദങ്ങളും തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ തടസ്സമായെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. കെ എം മാണിക്കൊപ്പം പി ജെ ജോസഫിനെയും മന്ത്രിസ്ഥാനത്തു നിന്ന് രാജിവയ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ മാണി അനുകൂലികള്‍ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടതും കേരള കോണ്‍ഗ്രസ്സിലെ പുകയുന്ന അനൈക്യം മറനീക്കാന്‍ ഇടയാക്കി. മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ കെ എം മാണി നടത്തിയ വിലപേശലും സമ്മര്‍ദ്ദവും അതിജീവിക്കാന്‍ പി ജെ ജോസഫ് വിഭാഗത്തെ ഒപ്പംനിര്‍ത്താന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും നടത്തിയ നീക്കങ്ങള്‍ വിജയംകണ്ടത് ജോസഫ് വിഭാഗത്തിന് ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ കെ എം മാണിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ വീക്ഷിച്ച് രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊള്ളാനാണ് കോണ്‍ഗ്രസ്സിലെ പൊതുവികാരം.
Next Story

RELATED STORIES

Share it