Districts

മാണിയുടെ എല്‍ഡിഎഫ് പ്രവേശനം; ജോര്‍ജിന്റെ പ്രസ്താവന തള്ളി ഇടതുനേതാക്കള്‍

തിരുവനന്തപുരം: കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയെന്ന പി സി ജോര്‍ജിന്റെ പ്രസ്താവന നിഷേധിച്ച് ഇടതുനേതാക്കള്‍. ജോര്‍ജിന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും യുഡിഎഫിനു രാഷ്ട്രീയനേട്ടമുണ്ടാക്കുന്ന നിലപാട് സ്വീകരിക്കരുതെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം.
സിപിഎമ്മോ ഇടതുമുന്നണിയോ ഒരുഘട്ടത്തിലും ഇത്തരമൊരു ചര്‍ച്ച ആരുമായും നടത്തിയിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
മാണിയെ മുഖ്യമന്ത്രിയാക്കാന്‍ കേരളാ കോണ്‍ഗ്രസ് ആഗ്രഹിച്ചിരിക്കാമെന്നും അതിനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തിക്കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പാര്‍ട്ടി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.
എന്തടിസ്ഥാനത്തിലാണു ജോര്‍ജ് ഇതൊക്കെ പറയുന്നതെന്നു അറിയില്ലെന്നു തോമസ് ഐസക് അഭിപ്രായപ്പെട്ടു. മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചു താന്‍ ഇടതുനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും മാണിയുടെ ഈ നീക്കം തടയാന്‍ മുഖ്യമന്ത്രി കൊണ്ടുവന്നതാണു ബാര്‍ കോഴ ആരോപണമെന്നുമായിരുന്നു ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.
Next Story

RELATED STORIES

Share it