മാണിയും വീരനും ഇടഞ്ഞുതന്നെ; യുഡിഎഫ് സീറ്റ് വിഭജനം വഴിമുട്ടി

തിരുവനന്തപുരം: യുഡിഎഫില്‍ ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച എങ്ങുമെത്തിയില്ല. ജയസാധ്യതയില്ലാത്ത സീറ്റുകള്‍ മാറ്റിത്തരണമെന്ന നിലപാടില്‍ ജെഡിയു ഉറച്ചുനിന്നതോടെ ചര്‍ച്ച ഇന്നത്തേക്കു മാറ്റി. മട്ടന്നൂര്‍, നേമം, എലത്തൂര്‍ സീറ്റുകള്‍ വച്ചുമാറണമെന്ന നിര്‍ദേശമാണ് ജെഡിയു മുന്നോട്ടുവച്ചത്. എന്നാല്‍, നേമത്ത് ജെഡിയു തന്നെ മല്‍സരിക്കണമെന്നും സീറ്റുകള്‍ വച്ചുമാറാനാവില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
പാര്‍ട്ടി നേതാവായ ശെയ്ഖ് പി ഹാരിസിനായി കായംകുളം സീറ്റിനായി ജെഡിയു സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. എന്നാല്‍, സാമുദായിക പരിഗണന കണക്കിലെടുത്ത് കായംകുളം സീറ്റ് നല്‍കാനാവില്ലെന്നും ഈഴവര്‍ക്കു പ്രാതിനിധ്യമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് മല്‍സരിക്കുമെന്നും ഉഭയകക്ഷി ചര്‍ച്ചയില്‍ നേതാക്കള്‍ വ്യക്തമാക്കി. കായംകുളം സീറ്റിന് വേണ്ടി എം പി വീരേന്ദ്രകുമാര്‍ കഴിഞ്ഞദിവസം എ കെ ആന്റണിയുമായി ഫോണില്‍ ചര്‍ച്ചനടത്തിയിരുന്നു. കായംകുളത്തില്‍ ഉടക്കായതോടെ കരുനാഗപ്പള്ളി സീറ്റിനായി ജെഡിയു പിടിമുറുക്കിയെങ്കിലും അംഗീകരിച്ചില്ല. ഇരുവരും നിലപാടില്‍ അയവുവരുത്താന്‍ തയ്യാറാവാതെവന്നതോടെ ചര്‍ച്ച വഴിമുട്ടി. ഇതേത്തുടര്‍ന്ന് കെപിസിസി നിലപാട് അറിഞ്ഞശേഷം ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം അറിയിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പുനല്‍കിയതായി ജെഡിയു നേതാക്കള്‍ വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലും സമവായമായില്ല. 15 സീറ്റിന് പുറമെ അധികമായി മൂന്ന് സീറ്റുകളെന്ന അവകാശവാദത്തില്‍ നിന്നു പിന്നോട്ടുപോവാന്‍ ഇന്നലെയും മാണിവിഭാഗം തയ്യാറായില്ല. തര്‍ക്കം രമ്യതയിലെത്തിക്കാന്‍ കഴിയാതെവന്നതോടെ അടുത്ത തിങ്കളാഴ്ചയിലേക്കു ചര്‍ച്ച മാറ്റിവച്ചു. പുനലൂര്‍, റാന്നി മണ്ഡലങ്ങള്‍ക്കു പുറമെ വടക്കന്‍ കേരളത്തില്‍ ജയസാധ്യതയുള്ള സീറ്റുമാണ് മാണി വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, അധികമായി ഒരൊറ്റ സീറ്റും നല്‍കാനാവില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ്സും ഉറച്ചുനില്‍ക്കുകയാണ്.
അതേസമയം, താമരശ്ശേരി രൂപതയുടെ എതിര്‍പ്പ് നിലനില്‍ക്കുന്ന തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് മുസ്‌ലിംലീഗും വ്യക്തമാക്കി. പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
നാല് സീറ്റുകളിലേക്കാണ് ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത്. കേരളാ കോണ്‍ഗ്രസ് എമ്മും ജെഡിയുവും ചില സീറ്റുകള്‍ മാറ്റിച്ചോദിക്കുന്ന സാഹചര്യത്തില്‍ ഇതര ഘടകകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായശേഷം മാത്രമേ ഇനി ലീഗുമായി ചര്‍ച്ചയുണ്ടാവൂ.
Next Story

RELATED STORIES

Share it