മാണിമാര്‍ മാറ്റുരയ്ക്കുന്ന പാലായില്‍ പോരാട്ടം ചൂടേറുന്നു

ഷിനു പ്രകീര്‍ത്ത്

കോട്ടയം: 1965ല്‍ മണ്ഡല രൂപീകരണം മുതല്‍ കെ എം മാണിയെ മാത്രം നിയമസഭയിലേക്കയച്ച ചരിത്രമാണ് പാലാ മണ്ഡലത്തിനുള്ളത്. അന്നു മുതല്‍ മന്ത്രിയായോ എംഎല്‍എയായോ കെ എം മാണി എന്ന രാഷ്ട്രീയ റെക്കോഡുകളുടെ തോഴന്‍ സംസ്ഥാന നിയമസഭയിലുണ്ട്.
കഴിഞ്ഞ രണ്ടു തവണയും മാണിയോട് പരാജയപ്പെട്ട എന്‍സിപി നേതാവ് മാണി സി കാപ്പനാണ് മൂന്നാം തവണയും എതിരാളി. ബാര്‍ കോഴക്കേസില്‍ മന്ത്രിസ്ഥാനം രാജിവച്ച മാണി ഇത്തവണ അങ്കത്തിനിറങ്ങുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശക്തികേന്ദ്രമായ പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്ക് വിജയത്തില്‍ കവിഞ്ഞതൊന്നും പ്രതീക്ഷിക്കാനില്ലെന്നാണ് യുഡിഎഫ് ക്യാംപിന്റെ വിലയിരുത്തല്‍.
2006ല്‍ മാണിയുടെ ഭൂരിപക്ഷം മാണി സി കാപ്പന്‍ 7753ലേക്കും 2011ല്‍ 5259ലേക്കും കുറച്ചതാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പാലായില്‍ രണ്ടു മാണിമാര്‍ തമ്മില്‍ മല്‍സരം മുറുകുമ്പോള്‍ ബാര്‍ കോഴയും റബര്‍ വിലയിടിവും കേരളാ കോണ്‍ഗ്രസ് എമ്മിലുണ്ടായ ചുവടുമാറ്റമെല്ലാം ചര്‍ച്ചയാവുകയാണ്. എന്നാല്‍, മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിനെ മറികടക്കാനാന്ന് യുഡിഎഫ് ക്യാംപിന്റെ നീക്കം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന പി സി ജോര്‍ജും ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള മറ്റൊരു വിഭാഗവും പാര്‍ട്ടി വിട്ടത് കെ എം മാണിക്ക് തിരിച്ചടിയാണ്. പഴയ പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നു പാലായോട് ചേര്‍ക്കപ്പെട്ട ആറോളം പഞ്ചായത്തുകളില്‍ ജോര്‍ജിന് സ്വാധീനമുണ്ട്. എന്നാല്‍, ജോര്‍ജിന് പൂഞ്ഞാറില്‍ എല്‍ഡിഎഫ് പിന്തുണ നല്‍കാതിരുന്നതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.
മാണിക്കെതിരേ പ്രചാരണം നടത്താനാണ് കേരളാ കോണ്‍ഗ്രസ് സെക്കുലറിന്റെ തീരുമാനമെങ്കിലും പ്രവര്‍ത്തകരുടെ വോട്ട് ആരുടെ പെട്ടിയില്‍ വീഴുമെന്ന് കണ്ടറിയണം.
Next Story

RELATED STORIES

Share it