Districts

മാണിക്ക് സഹപ്രവര്‍ത്തകരുടെ വികാരനിര്‍ഭരമായ യാത്രയയപ്പ്

തിരുവനന്തപുരം: മന്ത്രിസ്ഥാനമൊഴിഞ്ഞ കെ എം മാണിക്ക് സഹപ്രവര്‍ത്തകര്‍ വികാരനിര്‍ഭരമായ യാത്രയയപ്പു നല്‍കി. ധനം, നിയമം, ഭവനം, നികുതി, ഭാഗ്യക്കുറി വകുപ്പുകളുടെ മേധാവികളും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
മറുപടി പ്രസംഗത്തില്‍ കെ എം മാണി വികാരനിര്‍ഭരനായി. അരനൂറ്റാണ്ടുകാലത്തെ പാര്‍ലമെന്ററി ജീവിതത്തില്‍ അറിഞ്ഞുകൊണ്ട് ഒരാളെപ്പോലും ദ്രോഹിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. മോശമായ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. തനിക്കു കിട്ടിയ അവസരങ്ങളും അധികാരങ്ങളും ജനങ്ങളെ സഹായിക്കാന്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. മനസ്സാക്ഷിയെ വഞ്ചിച്ച് ഇതുവരേയും താന്‍ ഒന്നും ചെയ്തിട്ടില്ല. അരനൂറ്റാണ്ടുകാലം പാലായെ നിയമസഭയില്‍ പ്രതിനിധീകരിക്കാനും മന്ത്രിസഭാംഗമായി സേവനമനുഷ്ഠിക്കാനും കഴിഞ്ഞതില്‍ താന്‍ അതീവ സംതൃപ്തനാണ്.
ആരോഗ്യവും ആയുസ്സുമുള്ളിടത്തോളം ജനങ്ങളോടൊപ്പമുണ്ടാവും. സ്ഥാനമൊഴിയണമെന്നു ഹൈക്കോടതി വിധിയിലെങ്ങും പറയുന്നില്ല. അതിലെ എല്ലാ തീര്‍പ്പുകളും സര്‍ക്കാരിന് അനുകൂലമാണ്. വിധിയുടെ അവസാനഭാഗത്തു നടത്തിയ ഒരു പരാമര്‍ശത്തിന്റെ മാത്രം പശ്ചാത്തലത്തില്‍ നിയമവകുപ്പിന്റെ തലപ്പത്തിരിക്കുന്നത് ശരിയല്ലെന്നു തോന്നിയതുകൊണ്ടാണ് സ്ഥാനമൊഴിയുന്നതെന്നും മാണി പറഞ്ഞു.
ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, കെഎഫ്‌സി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ജോയ് ഉമ്മന്‍, ഹൗസിങ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, നികുതിവകുപ്പ് കമ്മീഷണര്‍ രാജന്‍ ഖോബ്രഗെഡ, ധനകാര്യ റിസോഴ്‌സ് സെക്രട്ടറി വി കെ ബേബി, ഭാഗ്യക്കുറി ഡയറക്ടര്‍ മിനി ആന്റണി, ശമ്പളക്കമ്മീഷന്‍ മെംബര്‍ സെക്രട്ടറി കെ വി തോമസ് ദേശീയ സമ്പാദ്യപദ്ധതി ഡയറക്ടര്‍ പി കെ എലിസബത്ത്, കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടര്‍ പി രാജേന്ദ്രന്‍ സംസാരിച്ചു. പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുമൊത്ത് ഗ്രൂപ്പ് ഫോട്ടോയെടുത്താണ് കെ എം മാണി സ്വീകരണസ്ഥലത്തു നിന്ന് യാത്രയായത്.
Next Story

RELATED STORIES

Share it