മാണിക്കെതിരായ ബാര്‍ കോഴക്കേസ്; അന്വേഷണ റിപോര്‍ട്ടില്‍ എതിര്‍വാദം കേള്‍ക്കരുതെന്നു വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണ റിപോര്‍ട്ടില്‍ വാദം കേള്‍ക്കരുതെന്നു കോടതിയില്‍ വിജിലന്‍സിന്റെ ആവശ്യം. റിപോര്‍ട്ടിനെ എതിര്‍ക്കുന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ ആക്ഷേപം കേള്‍ക്കാതെ റിപോര്‍ട്ട് പരിശോധിച്ച് കോടതി തന്നെ തീരുമാനമെടുക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു. കെ എം മാണിക്കെതിരായ കോഴക്കേസ് അവസാനിപ്പിക്കണമെന്ന തുടരന്വേഷണ റിപോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കവെയാണ് വിജിലന്‍സ് വിചിത്രമായ ഈ ആവശ്യമുന്നയിച്ചത്.
അതേസമയം, വാദം പറയുന്നതിനെ വിജിലന്‍സ് ഭയപ്പെടുന്നതെന്തിനെന്ന് വി എസിന്റെ അഭിഭാഷകന്‍ ചോദിച്ചു. എതിര്‍സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചശേഷം മാര്‍ച്ച് അഞ്ചിന് കോടതി വീണ്ടും കേസ് പരിഗണിക്കും. റിപോര്‍ട്ട് സ്വീകരിക്കരുതെന്നും തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് വിഎസിന്റെ അടക്കം അഭിഭാഷകര്‍ രംഗത്തെത്തി. കോഴ വാങ്ങിയതിന് മാണിക്കെതിരേ തെളിവില്ലെന്നും ഈ ഘട്ടത്തില്‍ ആരുടെയും ഭാഗം കേള്‍ക്കേണ്ടതില്ലെന്നും പറഞ്ഞ വിജിലന്‍സ് അഭിഭാഷകന്‍ റിപോര്‍ട്ട് പരിശോധിച്ച് കോടതിതന്നെ തീരുമാനമെടുക്കണമെന്നും വാദിച്ചു.
അതേസമയം, അച്യുതാനന്ദന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് തുടങ്ങിയ കക്ഷികള്‍ വിജിലന്‍സിന്റെ റിപോര്‍ട്ട് അംഗീകരിക്കരുതെന്ന് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബിജെപി നേതാവ് വി മുരളീധരന്‍, വി എസ് സുനില്‍കുമാര്‍ എംഎല്‍എ, ബാറുടമ ബിജു രമേശ് തുടങ്ങിയവര്‍ ആക്ഷേപം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it