മാണിക്കെതിരായ ബാര്‍ കോഴക്കേസ്: തുടരന്വേഷണ ഉത്തരവ് റദ്ദ് ചെയ്യണമെന്ന ഹരജി പിന്‍വലിച്ചു

കൊച്ചി: കെ എം മാണിക്കെതിരേ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച റിവ്യൂ ഹരജി പിന്‍വലിച്ചു. ജസ്റ്റിസ് ബി സുധീന്ദ്രകുമാറിന്റെ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് കെമാല്‍പാഷയുടെ ബെഞ്ച് മുമ്പാകെ എത്തിയ ഹരജി കൂടുതല്‍ വാദത്തിലേക്കു കടക്കും മുമ്പ് തന്നെ ഹരജിക്കാരനായ തൊടുപുഴ സ്വദേശി സണ്ണി മാത്യുവിന്റെ അഭിഭാഷകന്‍ ഹരജി പിന്‍വലിക്കാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു.
ഇതേ വിഷയത്തില്‍ നേരത്തേ ഹരജി തീര്‍പ്പാക്കിയതാണെന്നിരിക്കെ മറ്റൊരു ഹരജി സമാന വിഷയത്തില്‍ പരിഗണിക്കുന്നത് അനുവദനീയമല്ലെന്നും ഹരജി നിലനില്‍ക്കുന്നതാണോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കടുത്ത പിഴ വിധിക്കേണ്ട നടപടിയാണ് ഹരജിക്കാരനില്‍ നിന്നുണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ഹരജി പിന്‍വലിക്കാന്‍ ഹരജിക്കാരന്‍ അനുമതി തേടിയത്.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മാണിക്കെതിരേ തുടരന്വേഷണം ആവാമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സണ്ണി മാത്യു ക്രിമിനല്‍ റിവിഷന്‍ ഹരജിയുമായി കോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കുമ്പോള്‍ തന്നെ ഹരജി നിലനില്‍ക്കുന്നതാണോയെന്ന സംശയം കോടതി ഉന്നയിച്ചു. എതിര്‍കക്ഷിയായ അഡ്വ. നോബിള്‍ മാത്യുവിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ രാംകുമാറും ഇതേ വിഷയമുന്നയിച്ചു. നേരത്തേ സമാന ഹരജി കോടതി തീര്‍പ്പാക്കിയതാണ്. ആ ഹരജിയിലെ എതിര്‍കക്ഷി കൂടിയാണ് ഈ കേസിലെ ഹരജിക്കാരന്‍. സീനിയര്‍ അഭിഭാഷകന്‍ അദ്ദേഹത്തിനായി ഹാജരാവുകയും ചെയ്തതാണ്. ഒരിക്കല്‍ തീര്‍പ്പാക്കിയ സമാന സ്വഭാവമുള്ള ഹരജി വീണ്ടും സമര്‍പ്പിക്കാനാവില്ലെന്ന (റെസ് ജുഡിക്കേറ്റ്) തത്ത്വത്തിന്റെ ലംഘനമാണോ ഈ ഹരജിയെന്നത് പരിശോധിക്കേണ്ടതുണ്ട്.
കോടതിയുടെ അഭിപ്രായം കൂടി അടങ്ങുന്ന വിധിക്ക് വേണ്ടിയാണോ ഹരജി നല്‍കിയിരിക്കുന്നതെന്ന് കോടതി ആരാഞ്ഞു. കീഴ്‌ക്കോടതി രേഖകള്‍ വിളിച്ചു വരുത്തിയത് അനാവശ്യ നടപടിയാണ്. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഇത്തരമൊരു അനാവശ്യ ഹരജി നല്‍കിയതിന് വന്‍ തുക പിഴയടപ്പിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകന്‍ കൂടിയായ ഹരജിക്കാരന്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നും സ്‌പോണ്‍സേര്‍ഡ് ഹരജിയാണ് ഇതെന്നും അഡ്വ. രാംകുമാറും ആരോപിച്ചു. തുടര്‍ന്നാണ് ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്.
പിന്‍വലിക്കാന്‍ അനുമതി നല്‍കിയ കോടതി ഹരജി തീര്‍പ്പാക്കുകയായിരുന്നു. ഹരജി ആദ്യം പരിഗണിക്കുകയും കേസില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്നു നിരീക്ഷണം നടത്തുകയും ചെയ്ത ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ഇന്നലെ ഹരജി പരിഗണിക്കാനിരിക്കെയാണ് ഈ ബെഞ്ചില്‍ നിന്ന് കേസ് ജസ്റ്റിസ് കെമാല്‍പാഷയുടെ ബെഞ്ചിലേക്കെത്തിയത്.
Next Story

RELATED STORIES

Share it