Sports

മാഡ്രിഡിലെ കേമനെ ഇന്നറിയാം

മാഡ്രിഡിലെ കേമനെ ഇന്നറിയാം
X
CHAM

മിലാന്‍ (ഇറ്റലി): യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ രാജാക്കന്‍മാരെ ഇന്നറിയാം. സ്പാനിഷ് ടീമുകളും നഗരവൈരികളുമായ റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡുമാണ് കിരീടമോഹവുമായി ഇന്നു പോര്‍ക്കളത്തിലിറങ്ങുന്നത്. നേരത്തേ തന്നെ റെക്കോഡ് കുറിച്ച റയല്‍ 11ാം കിരീടം ചൂടാനൊരുങ്ങുമ്പോള്‍ കന്നി ട്രോഫിയാണ് അത്‌ലറ്റികോയുടെ സ്വപ്നം.
2014ലെ ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇന്നത്തെ പോരാട്ടം. അന്നു പോര്‍ച്ചുഗലിലെ ലിസ്ബണില്‍ അരങ്ങേറിയ ഫൈനലില്‍ റയല്‍ 4-1ന് അത്‌ലറ്റികോയെ നിഷ്പ്രഭരാക്കിയിരുന്നു. നിശ്ചിത സമയത്ത് സ്‌കോര്‍ 1-1നു തുല്യമായതിനെത്തുടര്‍ന്ന് മല്‍സരം അധികസമയത്തേക്കു നീണ്ടപ്പോള്‍ മൂന്നു ഗോളുകള്‍ അടിച്ചുകൂട്ടി റയല്‍ വെന്നിക്കൊടി പാറിക്കുകയായിരുന്നു.
2014ലെ ഫൈനലിനു പകരംചോദിക്കുകയല്ല ഇന്ന് അത്‌ലറ്റികോയുടെ ലക്ഷ്യമെന്ന് കോച്ച് ഡീഗോ സിമിയോണി വ്യക്തമാ ക്കി. ''ഫുട്‌ബോളില്‍ പ്രതികാരത്തിന് ഒരു പ്രസക്തിയുമില്ല. പ്രതികാരമെന്നത് നെഗറ്റീവ് വാക്കാണ്. കാരണം പ്രതികാരമെന്ന് ഉപയോഗിക്കുമ്പോള്‍ അത് നേരത്തേയുള്ള തോല്‍വിയെ ഓര്‍മിപ്പിക്കും. മറ്റൊരു അവസരമെന്നാണ് ഇന്നത്തെ മല്‍സരത്തെ ഞാന്‍ വിശേഷിപ്പിക്കുന്നത്. 2014ല്‍ ഞങ്ങള്‍ക്കു പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. ഇന്ന് അതിനു പ്രായശ്ചിത്തം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ''- സിമിയോണി വിശദമാക്കി.
''കഴിഞ്ഞ നാലര വര്‍ഷത്തോളമായി പുതിയൊരു കേളീശൈലി ഞങ്ങള്‍ അത്‌ലറ്റികോയില്‍ പരീക്ഷിച്ചുവരികയാണ്. കഴിവിന്റെ പരമാവധി നല്‍കാന്‍ പറ്റുന്ന താരങ്ങള്‍ക്കു മാത്രമേ അത്‌ലറ്റികോയില്‍ നിലനില്‍പ്പുള്ളൂ''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുന്‍ ഫ്രഞ്ച് ഇതിഹാസവും റയല്‍ താരവുമായ സൈനുദ്ദീന്‍ സിദാന് പരിശീലകക്കുപ്പായത്തില്‍ നേരിടുന്ന ഏറ്റവും വലിയ അഗ്‌നിപരീക്ഷയാണ് ഇന്നത്തേത്.
ലീഗ് കിരീടം ചിരവൈരികളായ ബാഴ്‌സലോണയ്ക്കു മുന്നില്‍ അടിയറവയ്‌ക്കേണ്ടിവന്നതിനാല്‍ ആരാധകരുടെ രോഷം ശമിപ്പിക്കാന്‍ സിദാനു ചാംപ്യന്‍സ് ലീഗ് നേടിയേ തീരൂ. മാത്രമല്ല അടുത്ത സീസണില്‍ ടീമിന്റെ പരിശീലകസ്ഥാനത്തു തുടരാനും സിദാന് കിരീടം അനിവാര്യമാണ്.
ടീം ന്യൂസ്
മുന്‍ ലോക ഫുട്‌ബോളറും പോര്‍ച്ചുഗീസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിക്കില്‍ നിന്നു മുക്തനായി ഇന്നു തിരിച്ചെത്തുന്നത് റയലിന്റെ കിരീടസാധ്യത വര്‍ധിപ്പിക്കും.
ഇന്നു ഗോള്‍ നേടാനായാല്‍ പുതിയൊരു റെക്കോഡ് കൂടി ക്രിസ്റ്റിയുടെ പേരിലാവും. ചാംപ്യന്‍സ് ലീഗിന്റെ ഒരു സീസണില്‍ നേടിയ 17 ഗോളുകളെന്ന സ്വന്തം പേരിലുള്ള റെക്കോഡാണ് താരം തിരുത്താനൊരുങ്ങുന്നത്. മാത്രമല്ല, സാന്‍സിറോയില്‍ ഇതുവരെ ഒരു ഗോള്‍ പോലും നേടിയിട്ടില്ലെന്ന ദുഷ്‌പേരും ക്രിസ്റ്റിക്കു മായ്‌ക്കേണ്ടതുണ്ട്.
ക്രിസ്റ്റ്യാനോ ഫിറ്റ്‌നസ് വീണ്ടെടുത്തത് റയലിന് ആഹ്ലാദമേകുമ്പോള്‍ ഡിഫന്റര്‍ റാഫേല്‍ വരാനെ പരിക്കുമൂലം പുറത്തിരിക്കുന്നത് റയലിന് ആഘാതമാവും. യൂറോ കപ്പില്‍ ഫ്രാന്‍സിനായും താരം കളിക്കില്ലെന്ന് കോച്ച് അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it