മാട്ടിറച്ചി കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: മാട്ടിറച്ചിയുടെ പേരില്‍ സംഘപരിവാര സംഘടനകള്‍ കൊലപാതകങ്ങള്‍ നടത്തുകയും ഇറച്ചി കഴിക്കുന്നവര്‍ക്കെതിരേ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരുമടക്കമുള്ള ബിജെപി നേതാക്കള്‍ വിദ്വേഷ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നതിനിടെ രാജ്യാന്തരതലത്തില്‍ ഏറ്റവും കൂടുതല്‍ മാട്ടിറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തു തുടരുന്നു.
20 ലക്ഷം ടണ്‍ മാട്ടിറച്ചിയാണ് കഴിഞ്ഞമാസം വരെ ഇന്ത്യ കയറ്റുമതി ചെയ്തത്. 18,15,000 ടണ്‍ കയറ്റുമതിചെയ്ത ആസ്‌ത്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ബ്രസീല്‍ (16,25,000), അമേരിക്ക (10,35,000) എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ളത്. പതിനാലാം സ്ഥാനത്തുള്ള പാകിസ്താന്‍ ഈ വര്‍ഷം ഇതേവരെ 65,000 ടണ്‍ മാത്രമാണ് കയറ്റുമതി ചെയ്തത്. 19ാം സ്ഥാനത്തുള്ള സൗദി അറേബ്യ 20,000 ടണ്‍ കയറ്റുമതി ചെയ്തു.
2013ല്‍ 17 ലക്ഷം ടണ്‍ ആയിരുന്ന ഇന്ത്യയുടെ മാട്ടിറച്ചി കയറ്റുമതി കഴിഞ്ഞവര്‍ഷം 20.8 ടണ്ണായി വര്‍ധിപ്പിച്ചു. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ കൂടുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2013ല്‍ ബ്രസീലായിരുന്നു മാട്ടിറച്ചി കയറ്റുമതിയില്‍ ഒന്നാംസ്ഥാനത്തുണ്ടായിരുന്നത്. നേരത്തെ, ബസുമതി അരി കയറ്റുമതിയിലായിരുന്നു ഇന്ത്യ ഒന്നാം സ്ഥാനത്ത്.
ഇതിനിടെ, രാജ്യത്തെ മാട്ടിറച്ചി വ്യവസായവുമായി ബിജെപിക്കുള്ള ബന്ധത്തിന്റെ പുതിയ തെളിവുകള്‍ പുറത്തുവന്നു. 2013 മുതല്‍ 2015 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ പാര്‍ട്ടിക്കും ലഭിച്ച സംഭാവനയുടെ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയിരുന്നു. ഈ കണക്കിലാണ് ബിജെപി മാട്ടിറച്ചി കയറ്റുമതി ചെയ്യുന്ന കമ്പനികളില്‍ നിന്ന് പണംവാങ്ങിയതായി വ്യക്തമാവുന്നത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്ലാന സണ്‍സ് ലിമിറ്റഡ് എന്ന മാട്ടിറച്ചി സംസ്‌ക്കരണ ശാലയുടെ ഭാഗമായ മൂന്ന് സ്ഥാപനങ്ങളില്‍ നിന്നാണ് ബിജെപി വന്‍തുക സംഭാവനയായി സ്വീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് ഈ സ്ഥാപനങ്ങളില്‍ നിന്നായി രണ്ടു കോടി രൂപയാണ് പാര്‍ട്ടി സ്വീകരിച്ചത്. കൂടാതെ പ്രസ്തുത കമ്പനികളില്‍ ഒന്നായ ഫ്രിഗോറിഫികോ അല്ലാനാ ലിമിറ്റഡില്‍ നിന്ന് 50 ലക്ഷം രൂപ 2014-15 വര്‍ഷം സംഭാവനയായി സ്വീകരിച്ചു. വിജയാ ബാങ്ക് വഴിയാണ് തുക കൈമാറിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു.
2014-15ല്‍ ഏറ്റവും കൂടുതല്‍ സംഭാവന പിരിച്ച പാര്‍ട്ടിയും ബിജെപി തന്നെ. 437 കോടി രൂപ. 20,000 രൂപയ്ക്കു മുകളില്‍ ലഭിക്കുന്ന സംഭാവനകളുടെയെല്ലാം കണക്ക് ഹാജരാക്കണമെന്നായിരുന്നു പാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ നല്‍കിയ നിര്‍ദേശം.
Next Story

RELATED STORIES

Share it