മാട്ടിറച്ചി കടത്താരോപിച്ച് ഹരിയാനയില്‍ രണ്ടുപേരെ ചാണകം തീറ്റിച്ചു

ന്യൂഡല്‍ഹി: ഹരിയാനയില്‍ മാട്ടിറച്ചി കടത്താന്‍ ശ്രമിച്ചെന്നാരോപിച്ചു ഗോസംരക്ഷണ സേനാ പ്രവര്‍ത്തകര്‍ രണ്ടു പേരെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ചാണകവും പശുമൂത്രവും കഴിപ്പിച്ചു. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഹരിയാനയിലെ മെവാതില്‍ നിന്ന് ഡല്‍ഹിയിലേക്ക് 700 കിലോഗ്രാം ബീഫ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുനിര്‍ത്തിയെന്നും അതിലുണ്ടായിരുന്ന റിസ്‌വാന്‍, മുഖ്തിയാര്‍ എന്നിവരെ പഞ്ചഗവ്യം(ചാണകം, മൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതം) കഴിപ്പിച്ചെന്നും ഗുഡ്ഗാവ് ഗോരക്ഷക് ദള്‍ അധ്യക്ഷന്‍ ധര്‍മേന്ദ്ര യാദവ് പറഞ്ഞു. കുണ്ട്‌ലി-മനേസാര്‍-പല്‍വാല്‍ എക്‌സ്പ്രസ് വേയില്‍ ജൂണ്‍ പത്തിനാണു സംഭവം. ഏഴ് കിലോമീറ്റര്‍ ഇവരുടെ കാറിനെ പിന്തുടര്‍ന്ന ശേഷം ഡല്‍ഹിക്കടുത്ത് ബദര്‍പൂര്‍ ബോര്‍ഡറിനടുത്തുവച്ചാണ് ഇവരെയും പിടികൂടിയതെന്നും ഇവരുടെ കാറില്‍ 700 കിലോ ബീഫുണ്ടായിരുന്നെന്നും യാദവ് പറഞ്ഞു. അവരെ ശുദ്ധീകരിക്കാനും ഒരു പാഠം പഠിപ്പിക്കാനുമാണ് തങ്ങള്‍ പഞ്ചഗവ്യം തീറ്റിച്ചതെന്ന് യാദവിനെ ഉദ്ധരിച്ച് ഒരു പത്രം റിപോര്‍ട്ട് ചെയ്തു.
രണ്ടു പേര്‍ റോഡിലിരിക്കുന്നതും വെള്ളത്തിന്റെ സഹായത്തോടെ ഇവര്‍ പഞ്ചഗവ്യം കഴിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. കൂടിനില്‍ക്കുന്നവര്‍ വേഗം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതും ഇതിനായി ഇവര്‍ക്ക് വെള്ളം നല്‍കുകയും ചെയ്യുന്നുണ്ട്. ഗോമാതാ കീ ജയ്, ജയ് ശ്രീറാം എന്നീ മുദ്രാവാക്യം ഇരുവരെകൊണ്ട് വിളിപ്പിക്കുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് ഇരുവരെയും ഫരീദാബാദ് പോലിസില്‍ ഏല്‍പിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലിസ് സ്ഥിരീകരിച്ചു. ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കാറിലുണ്ടായിരുന്നത് ബീഫാണെന്നു സ്ഥിരീകരിച്ചതായി ഫരീദാബാദ് സരായി ഖ്വാജാ പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ അനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍, വീഡിയോയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കു വിവരമില്ലെന്നാണ് പോലിസ് നിലപാട്. വീഡിയോ യഥാര്‍ഥമാണെങ്കില്‍ കേസെടുക്കുമെന്ന് ഫരീദാബാദ് പോലിസ് പിആര്‍ഒ സുബെ സിങ് പറഞ്ഞു.കാറിലുണ്ടായത് 300 കിലോ ബീഫാണെന്നു സ്ഥിരീകരിച്ചതായും ഇരുവര്‍ക്കുമെതിരേ സംസ്ഥാനത്തെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തെന്നും സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it