മാട്ടിറച്ചിയെച്ചൊല്ലി കേരളാഹൗസില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: കേരള ഹൗസില്‍ വിളമ്പുന്ന മാംസം പശുവിന്റെതാണെന്ന് ആരോപിച്ച് കേരളാ ഹൗസില്‍ സംഘര്‍ഷം. പശുമാംസം ആണെന്ന് ആരോപിച്ചു മൂന്നു യുവാക്കള്‍ എത്തിയതോടെ ആണ് സംഘര്‍ഷത്തിനു തുടക്കമായത്. വിലവിവര പട്ടികയില്‍ ബീഫ് എന്നത് മലയാളത്തിലും മറ്റുള്ള ഭക്ഷണസാധനങ്ങള്‍ ഇംഗ്ലീഷിലുമാണ് ആണ് എഴുതിവച്ചിരുന്നത്.
ഭക്ഷണ സാധനങ്ങളുടെ പട്ടിക യുവാക്കള്‍ മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തിയ ശേഷം പോലിസില്‍ അറിയിക്കുകയായിരുന്നു. മൂവര്‍ സംഘത്തില്‍ ഒരു മലയാളിയും രണ്ടു കര്‍ണാടക സ്വദേശികളുമാണ് ഉണ്ടായിരുന്നത്. സംഘര്‍ഷത്തിനിടെ മലയാളി ഓടി രക്ഷപ്പെട്ടു. ഇയാള്‍ സ്ഥിരമായി കേരള ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ വരുന്ന ആളാണെന്നും കണ്ടാല്‍ അറിയാമെന്നും കാന്റീന്‍ ജീവനക്കാര്‍ പറഞ്ഞു. കര്‍ണാടക സ്വദേശിയായ യുവാവ് വൈകീട്ട് നാലരയോടെ വീണ്ടും സ്റ്റാഫ് കാന്റീനില്‍ എത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ കേരളാ ഹൗസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇദ്ദേഹത്തെ പിന്നീട് പോലിസ് വാഹനത്തില്‍ കേരളാ ഹൗസ് കോംപൗണ്ടിന്റെ പുറത്ത് എത്തിക്കുകയായിരുന്നു.
ഇതിനു ശേഷമാണ് മുപ്പതോളം പേര്‍ വരുന്ന പോലിസ് സംഘം സമൃദ്ധി സ്റ്റാഫ് കാന്റീനിലേക്ക് എത്തിയത്. പോത്തിറച്ചി മാത്രമാണ് വിളമ്പുന്നതെന്നും പശുമാംസം ഉപയോഗിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതില്‍ തൃപ്തരാവാതെ പോലിസ് അടുക്കളയില്‍ കയറി പരിശോധന നടത്തി. ഊണിനൊപ്പം വിളമ്പുന്ന ബീഫ് കറി ഉച്ചയ്ക്ക് രണ്ടരയോടെ കഴിഞ്ഞതിനാല്‍ പോലിസിന് ഒന്നും കണ്ടെത്താനായില്ല. ഡല്‍ഹിയില്‍ പോത്തിറച്ചിക്കു നിരോധനം ഇല്ലാതിരിക്കുമ്പോഴാണ് പോലിസിനെ തെറ്റിദ്ധരിപ്പിച്ച് ഒരു വിഭാഗം കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചത്. സംഘര്‍ഷം ഉണ്ടായ സ്ഥിതിക്ക് സ്റ്റാഫ് കാന്റീനില്‍ ഇനി തല്‍ക്കാലത്തേക്ക് ബീഫ് ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it