Gulf

മാജിക്കല്‍ ഫെസ്റ്റിവല്‍ വില്ലേജ് 15ന് തുറക്കും

ദോഹ: ഖത്തര്‍ നിവാസികള്‍ക്ക് ശീതകാല വിനോദത്തിനായി നാടോടിക്കഥകള്‍ക്ക് സമാനമായ മാന്ത്രിക ഗ്രാമം ഒരുങ്ങുന്നു. കുടുംബത്തിനും കുട്ടികള്‍ക്കും ഉല്ലസിക്കാനായി വെസ്റ്റ്‌ബേയില്‍ ഒരുക്കിയ മാജിക്കല്‍ ഫെസ്റ്റിവല്‍ വില്ലേജ് ഫെബ്രുവരി 15ന് തുറക്കും.
കുട്ടിക്കഥകളില്‍ കാണുന്ന രൂപത്തിലുള്ള കോട്ട, എക്‌സിബിഷന്‍, ഷോകള്‍, ഷോപ്പുകള്‍, റസ്റ്റോറന്റുകള്‍, ഡാന്‍സിങ് ഫൗണ്ടന്‍, ഒട്ട്‌ഡോര്‍ ഐസ്-സ്‌കേറ്റിങ് റിങ്ക് എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് കത്താറ ബീച്ചിനോട് ചേര്‍ന്ന് ഈ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. സെന്റ് റിജിസ് ഹോട്ടലിന് എതിര്‍വശത്തുള്ള ഒഴിഞ്ഞ പ്രദേശമാണ് ഈ വിനോദ കേന്ദ്രം ഒരുക്കാനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മൂന്നു മാസമാണ് മാജിക്കല്‍ ഫെസ്റ്റിവല്‍ വില്ലേജ് പ്രവര്‍ത്തിക്കുക.
ഒരു കോടി റിയാല്‍ ചെലവിലാണ് 40,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ഈ മാന്ത്രിക ഗ്രാമം ഒരുക്കുന്നതെന്ന് പദ്ധതിയുടെ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ അബ്ദുല്‍ അസീസ് അല്‍മുഹന്നദി ഖത്തര്‍ ട്രിബ്യൂണിനോട് പറഞ്ഞു.
400 വസ്ത്ര, ആഭരണ, ചെരുപ്പ് കടകള്‍ ഉള്ള സൂഖ് വില്ലേജിന്റെ ഭാഗമായി ഉണ്ടാവും. പ്രമുഖ ബ്രാന്‍ഡുകള്‍ ഇവിടെ ലഭ്യമാവും. ഈജിപ്ത്, തുര്‍ക്കി, ചൈന, യൂറോപ്പ് തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഷോപ്പുകളില്‍ ലഭ്യമാവും.
കഫേകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ചുറ്റുമായാണ് ഡാന്‍സിങ് ഫൗണ്ടന്‍ ഒരുക്കുക. യഥാര്‍ഥ ഐസ് എന്ന് തോന്നിക്കുന്ന രീതിയില്‍ മുന്‍കൂട്ടി നിര്‍മിക്കപ്പെട്ട പാനലുകള്‍ ഉപയോഗിച്ചാണ് ഐസ്-സ്‌കേറ്റിങ് അരീന ഒരുക്കുക.
ഗ്രാമത്തിലുള്ള പലതും മിഡില്‍ ഈസ്റ്റില്‍ ആദ്യമായിരിക്കും. ഖത്തറില്‍ നിന്ന് മാത്രമല്ല, അയല്‍രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനായി 1500 മീറ്റര്‍ ഹാള്‍ ഫെസ്റ്റിവല്‍ വില്ലേജില്‍ ഉണ്ടാവും. ഗള്‍ഫിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഫാഷന്‍ ഷോയായ ഫാഷന്‍ വീക്ക്, ലൈവ് കുക്കിങ് ഷോയിലൂടെ ഖത്തറിലെ മികച്ച ഷെഫിനെ കണ്ടെത്തുന്നതിനുള്ള ഖത്തര്‍ മാസ്റ്റര്‍ ഷെഫ്, അഞ്ച് വയസ് മുതല്‍ സെക്കന്‍ഡറി സ്‌കൂള്‍വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര പരീക്ഷണങ്ങള്‍, മധുര പലഹാരങ്ങളുടെ പ്രദര്‍ശനവും നിര്‍മാണവും ഉള്‍പ്പെടുന്ന ഡെസര്‍ട്ട് ഡമോണ്‍സ്‌ട്രേഷന്‍ തുടങ്ങിയവ വില്ലേജില്‍ നടക്കും.
വേനല്‍ക്കാലത്ത് അടച്ചിടുന്ന ഗ്രാമം നവംബറില്‍ വീണ്ടും തുറക്കും. പിന്നീട് 2017 മെയ് വരെ പ്രവര്‍ത്തിക്കും. ഇവിടെയുള്ള ഷോപ്പുകളില്‍ 70 ശതമാനത്തിലും വാടകക്ക് ആളുകളെത്തിക്കഴിഞ്ഞു. ഇതില്‍ 50 ശതമാനവും പ്രവാസികളാണ്.
ആറ് മാസം കൊണ്ടാണ് മാന്ത്രിക ഗ്രാമത്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും പൂര്‍ത്തിയാക്കിയത്. ഭാര്യ അസ്മ അല്‍മര്‍സൂഖിയുടേതാണ് ഇതിന്റെ ആശയമെന്നും അല്‍മുഹന്നദി വ്യക്തമാക്കി.
Next Story

RELATED STORIES

Share it