മാംസാഹാരികളായ ഇന്ത്യക്കാര്‍ 71 ശതമാനമെന്ന് റിപോര്‍ട്ട്; തെലങ്കാന മുന്നില്‍, കേരളം ആറാമത്

ന്യൂഡല്‍ഹി: ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ ജനങ്ങള്‍ എന്തു ഭക്ഷിക്കണമെന്നതു സംബന്ധിച്ച് വാദങ്ങളും വിവാദങ്ങളും തുടരവെ സസ്യാഹാരം കഴിക്കുന്നവരുടെ എണ്ണത്തില്‍ ആശാവഹമായ പുരോഗതിയില്ല. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട സര്‍വേ റിപോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
ഇന്ത്യയില്‍ 71 ശതമാനം പേരും മാംസാഹാരം കഴിക്കുന്നവരാണെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. 2014ലെ കണക്കുകളാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ടത്. മാംസാഹാരം ഭക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയാണ് മുന്നില്‍.
തെലങ്കാനയിലെ 98.7 ശതമാനം പേര്‍ക്കും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തോടാണ് താല്‍പര്യം. ഇവിടെ 98.8 ശതമാനം പുരുഷന്മാരും 98.6 ശതമാനം സ്ത്രീകളും മാംസാഹാരം കഴിക്കുന്നവരാണ്. പശ്ചിമബംഗാളും ആന്ധ്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബംഗാളില്‍ 98.55 ശതമാനവും ആന്ധ്രയില്‍ 98.25 ശതമാനവും പേര്‍ നോണ്‍ വെജിറ്റേറിയനാണ്. പട്ടികയില്‍ ആറാമതായാണ് കേരളത്തിന്റെ സ്ഥാനം.
മറ്റു സംസ്ഥാനങ്ങളിലെ മാംസാഹാരികളുടെ ശതമാനം ചുവടെ: തമിഴ്‌നാട് (97.65), ഒഡീഷ (97.35), കേരളം (97), ജാര്‍ഖണ്ഡ് (96.75), ബിഹാര്‍ (92.45), ഛത്തീസ്ഗഡ് (82.05), അസം (79.4), കര്‍ണാടക (78.9), ഉത്തരാഖണ്ഡ് (72.65), ജമ്മുകശ്മീര്‍ (68.55), ഡല്‍ഹി (60), മഹാരാഷ്ട്ര (59.8), ഉത്തര്‍പ്രദേശ് (52.9), മധ്യപ്രദേശ് (49.4), പഞ്ചാബ് (33.25), ഹരിയാന (30.75), ഗുജറാത്ത് (30.05), രാജസ്ഥാന്‍ (25.1).
ഏറ്റവും കൂടുതല്‍ സസ്യാഹാരം കഴിക്കുന്നവരുള്ളത് രാജസ്ഥാനിലും പഞ്ചാബിലും ഹരിയാനയിലും ഗുജറാത്തിലുമാണ്. പരമ്പരാഗത ഭക്ഷണരീതികള്‍ പിന്തുടരുന്നവരാണ് തെലങ്കാന ജനത.
അതിനാല്‍ കോഴിയിറച്ചിയും മറ്റും പ്രഭാത ഭക്ഷണത്തിനു വരെ ഇവര്‍ ഉപയോഗിക്കുന്നു. ആടും പോത്തും കോഴിയും ഇവിടെ സുലഭമാണ്. ഇതും മാംസാഹാരികളുടെ വര്‍ധനയ്ക്കു കാരണമായി.
Next Story

RELATED STORIES

Share it