മഹാസഖ്യത്തിന്റെ വിജയം പിതാവിനുള്ള ശ്രദ്ധാഞ്ജലിയെന്ന് അഖ്‌ലാഖിന്റെ മകന്‍

ബിസാദ (ദാദ്രി) : ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം ബീഫിന്റെ പേരില്‍ ക്രൂരമായി കൊല്ലപ്പെട്ട പിതാവിനുള്ള ശ്രദ്ധാഞ്ജലിയാണെന്ന് അഖ്‌ലാഖിന്റെ മകന്‍ സര്‍താജ്. പട്‌നയില്‍ നിന്നും ആയിരത്തിലേറെ കിലോമീറ്റര്‍ അകലെയുള്ള ദാദ്രിയില്‍ തന്നെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ വ്യോമസേനയിലെ സൈനികനായ അദ്ദേഹം. മതത്തിന്റെ പേരിലുള്ള ഭിന്നിപ്പിനെതിരെ ജനങ്ങള്‍ ഒന്നിച്ചതിന്റെ വിജയമാണിത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ലെന്നും സര്‍താജ് പറഞ്ഞു.
അവിടെ കൂടി നിന്ന ഗ്രാമീണരും സര്‍താജിന്റെ വാക്കുകള്‍ ശരിവച്ചു. ബിഹാറിലോ യുപിയിലോ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലുമോ വെറുപ്പിന്റെ രാഷ്ട്രീയം ഇനി വേരോടുകയില്ലെന്നാണ് മുന്‍ ഗ്രാമ മുഖ്യന്‍ കൂടിയായ 75കാരന്‍ ഭൂപ് സിങ് പറഞ്ഞത്. അഖ്‌ലാഖ് തനിക്കേറെ പ്രിയപ്പെട്ടവനായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണം തന്റെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചുവെന്നും ഭൂപ് സിങ് കൂട്ടിച്ചേര്‍ത്തു.
ഒരിക്കലും വര്‍ഗീയ കലാപം ഉണ്ടായിട്ടില്ലാത്ത ദാദ്രിയില്‍ ബീഫിന്റെ പേരില്‍ കൊല നടത്തിയത് വെറുപ്പിന്റെ രാഷ്ട്രീയക്കാരാണ്. അവരുടെ മുഖത്തേറ്റ പ്രഹരമാണ് ഈ തിരഞ്ഞെടുപ്പു ഫലമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ 3 വരെ എല്ലാ ദിവസങ്ങളിലും വൈദ്യുതി ലഭിച്ചിരുന്ന പ്രദേശമാണ് ദാദ്രി.
എന്നാല്‍ തിരഞ്ഞെടുപ്പുഫല പ്രഖ്യാപന ദിവസം ഇവിടെ പൂര്‍ണമായി വൈദ്യുതി നിലച്ചു. അതോടെ ഗ്രാമത്തിലെ ചുരുക്കം വീടുകളിലുള്ള ജനറേറ്റര്‍ ഉപയോഗിച്ചാണ് ഗ്രാമീണര്‍ ടെലിവിഷനിലൂടെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കണ്ടത്.
Next Story

RELATED STORIES

Share it