മഹാരാഷ്ട്ര വരള്‍ച്ചയില്‍; ഫണ്ട് നൃത്തസംഘത്തിന്

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് എട്ടുലക്ഷം രൂപ നൃത്തസംഘത്തിന് അനുവദിച്ചതു വിവാദമായി. സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുമ്പോഴാണ് വിനോദത്തിന് ഇത്രയും തുക അനുവദിച്ചത്. വരള്‍ച്ചയും കര്‍ഷക ആത്മഹത്യയും പെരുകുമ്പോള്‍ നൃത്തസംഘത്തിനു പണം നല്‍കിയതിനെതിരേ പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി.
വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗാലി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ദുരിതാശ്വാസ നിധിയില്‍ നിന്ന് എട്ടു ലക്ഷം രൂപ നൃത്തസംഘമായ സചിവാലയ ജിംഘാനയ്ക്ക് അനുവദിച്ചതായി വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ നൃത്തസംഘത്തിന് ബാങ്കോക്കില്‍ ഡിസംബറില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാനാണ് ഇത്രയും തുക അനുവദിച്ചത്. എന്നാല്‍, തുക നല്‍കിയതില്‍ പിശകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗപ്പെടുത്താമെന്നും അവര്‍ പറഞ്ഞു.
വരള്‍ച്ചയെക്കാള്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് നൃത്തത്തിനാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സഞ്ജയ്ദത്ത് ആരോപിച്ചു. മുഖ്യമന്ത്രി രാജിവച്ച് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. ഹൃദയ/ അര്‍ബുദ രോഗികളെ സഹായിക്കാന്‍ ഫണ്ടില്ലാത്ത സര്‍ക്കാരാണ് നൃത്തസംഘത്തിനു പണം നല്‍കിയതെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് കുറ്റപ്പെടുത്തി. നൃത്തസംഘത്തില്‍ നിന്ന് പണം തിരിച്ചുപിടിക്കണമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ ഫഡ്‌നാവിസ് സ്വന്തം കീശയില്‍ നിന്ന് പണം തിരിച്ചടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാങ്കോക്കില്‍ ഡിസംബര്‍ 26 മുതല്‍ 30 വരെ നടക്കുന്ന നൃത്തമല്‍സരത്തില്‍ പങ്കെടുക്കാന്‍ 15 പേരാണു പോവാനിരിക്കുന്നത്. ആഗോള കലാസാംസ്‌കാരിക സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ നടപടി ചട്ടലംഘനമാണെന്ന് ഗല്‍ഗാലി പറഞ്ഞു. നൃത്തസംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം തേടിയിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഗല്‍ഗാലിയെ അറിയിച്ചത്. 2008ല്‍ കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ പണം കബടി, വനിതാ ഫുട്ബാള്‍, ഗസല്‍ മല്‍സരം തുടങ്ങിയവയുടെ സംഘാടകര്‍ക്ക് അനുവദിച്ചതും വിവാദമായിരുന്നു.
Next Story

RELATED STORIES

Share it