മഹാരാഷ്ട്ര ഫണ്ട് വിവാദം; നൃത്തസംഘം പണം തിരിച്ചുനല്‍കി

മുംബൈ: തായ്‌ലന്‍ഡില്‍ നൃത്തപരിപാടി അവതരിപ്പിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സ്വീകരിച്ച പണം നൃത്തസംഘം തിരിച്ചുനല്‍കി.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നൃത്തസംഘം സ്വീകരിച്ച എട്ടുലക്ഷം രൂപയാണ് തിരിച്ചടച്ചത്. വരള്‍ച്ചയില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്പോള്‍ ദുരിതാശ്വാസനിധിയില്‍നിന്ന് സംഘടനയ്ക്ക് സഹായമനുവദിച്ചത് വിവാദമായിരുന്നു. ഡിസംബര്‍ 26 മുതല്‍ 30 വരെ തായ്‌ലന്‍ഡില്‍ നടക്കുന്ന നൃത്തമല്‍സരത്തില്‍ പങ്കെടുക്കാന്‍ സചിവാല ജിംഖാന എന്ന സംഘടനയിലെ കലാകാരന്മാര്‍ക്കാണ് തുക അനുവദിച്ചിരുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ ഈ സംഘടനയിലെ അംഗങ്ങള്‍ അധികവും സര്‍ക്കാര്‍ ജീവനക്കാരാണ്. വിവരാവകാശ നിയമമനുസരിച്ച് സന്നദ്ധപ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലി നല്‍കിയ ഹരജിക്ക് ലഭിച്ച മറുപടിയിലൂടെയാണ് സംഘടനയ്ക്ക് ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം അനുവദിച്ചത് പുറത്തായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പ്രകൃതിദുരന്തങ്ങള്‍ക്ക് മാത്രമേ സഹായം നല്‍കാന്‍ പാടുള്ളൂ എന്നാണ് ചട്ടം.
സര്‍ക്കാര്‍ പണം തിരിച്ചുനല്‍കിയെന്നും സ്വന്തം കാശ് മുടക്കി മല്‍സരത്തില്‍ പങ്കെടുക്കുമെന്നും നൃത്തസംഘാംഗം അര്‍ജുന്‍ റാണെ പറഞ്ഞു.
Next Story

RELATED STORIES

Share it