kasaragod local

മഹാരാഷ്ട്ര പാസ് ഉപയോഗിച്ച് മണല്‍ കടത്ത് വ്യാപകം

ഉപ്പള: മഹാരാഷ്ട്ര സര്‍ക്കാറിന്റെ പാസ് ഉപയോഗിച്ച് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കടത്ത് വ്യാപകമാവുന്നു. കേരളത്തിലെ ഇ-മണല്‍ സംവിധാനം അട്ടിമറിക്കപ്പെട്ടതോടെ വീട്, കെട്ടിടനിര്‍മാണങ്ങള്‍ മുടങ്ങി. ദക്ഷിണ കനറ ജില്ലയിലെ ഉള്ളാള്‍, നേത്രാവതി പുഴയില്‍ നി്ന്നാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ പാസ് ഉപയോഗിച്ച് ദേശീയ പെര്‍മിറ്റ് ലോറികളില്‍ രാപകല്‍ വിത്യാസമില്ലാതെ മണല്‍ കടത്തുന്നത്.
കര്‍ണാടകയില്‍ നിന്ന് മണല്‍ കടത്തിന് നിരോധനം ഉള്ളപ്പോഴാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ വ്യാജപാസില്‍ മണല്‍ കടത്തുന്നത്. കര്‍ണാടകയിലെ ചെക്ക് പോസ്റ്റുകളില്‍ ക്ലിയറന്‍സ് ഒരുക്കിക്കൊടുക്കുന്നത് ചില പോലിസുകാരാണ്. മഞ്ചേശ്വരം, പെര്‍ള, ജാല്‍സുര്‍ തുടങ്ങിയ ചെക്ക് പോസ്റ്റുകളിലൂടെ സാധനങ്ങള്‍ എന്ന വ്യാജേനയാണ് കേരളത്തിലേക്ക് മണല്‍ കടത്തുന്നത്.
തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലെ 60 ഓളം ലോറികളിലാണ് മണല്‍ കടത്തുന്നത്. രാത്രി കാലങ്ങളില്‍ കൊണ്ടുവരുന്ന മണല്‍ ജില്ലയുടെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിര്‍ത്തി ടിപ്പര്‍ ലോറികളില്‍ കയറ്റി ആവശ്യക്കാര്‍ക്ക് 10,000 രൂപ മുതല്‍ ഇറക്കികൊടുക്കുകയാണ് ചെയ്യുന്നത്. മുളിയാര്‍ പഞ്ചായത്തിലെ മൂന്ന് കേന്ദ്രങ്ങളില്‍ രാത്രി കാലങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് മണലുകള്‍ എത്തിച്ച് ടിപ്പറുകളില്‍ കയറ്റി വിതരണം ചെയ്യുന്നുണ്ട്.
പാര്‍സല്‍ ലോറികള്‍ എന്ന വ്യാജേനയാണ് മണല്‍ കടത്തുന്നത്. ദേശീയ പാതയിലുടെ ഓടുന്ന ലോറികളില്‍ ഭൂരിഭാഗവും ഇങ്ങനെ അനധികൃത പാസുകളില്‍ മണല്‍ കടത്തുന്നവയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കേരളത്തില്‍ കഴിഞ്ഞ ജൂ ണ്‍ മാസത്തിന് ശേഷം ഇ-മണല്‍ വിതരണം ചെയ്തിട്ടില്ല. കാലവര്‍ഷത്തോടനുബന്ധിച്ചാണ് ഇ-മണല്‍ നിര്‍ത്തിവച്ചത്.
മണലിന് ക്ഷാമം നേരിട്ടതോടെ വീട്, കെട്ടിടനിര്‍മാണങ്ങള്‍ മുടങ്ങി കിടക്കുകയാണ്. ഇത് മുതലെടുത്താണ് മണല്‍ ലോബികള്‍ കര്‍ണാടകയില്‍ നിന്ന് മണല്‍ കടത്തികൊണ്ട് വന്ന് കരിഞ്ചന്തയില്‍ വില്‍ക്കുന്നത്.
അനധികൃതമായി കടത്തുകയായിരുന്ന മൂന്ന് ലോഡ് മണല്‍ കുമ്പളയില്‍ വച്ച് പോലിസ് പിടികൂടി. കോഴിക്കോട് ചിലാന്തരയിലെ ജംഷാദ്(24), കൊയിലാണ്ടി ബാലുശ്ശേരിയിലെ ടി കെ നിസാര്‍(36), ചെറുപുഴ കക്കയംചാലിലെ എറമുള്ളാന്‍(32) എന്നിവരെ അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കകം കുമ്പളയില്‍ അനധികൃതമായി കടത്തുകയായിരുന്ന പത്ത് ലോഡ് മണലാണ് പിടികൂടിയത്. ലോറി ഒന്നിന് രണ്ട് ലക്ഷം രൂപ പിഴ ഈടാക്കിയതിന് ശേഷം വിട്ടയക്കുകയായിരുന്നു. മഞ്ചേശ്വരം, ആദൂര്‍ ചെക്ക് പോസ്റ്റുകള്‍ വഴിയും വ്യാപകമായി കൈമടക്ക് നല്‍കി മണല്‍ കടത്തുന്നുണ്ട്. മണല്‍ മാഫിയകളുമായി ബന്ധമുള്ള ചില പോലിസുകാര്‍ സംഘത്തിന് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it