മഹാരാജാസ് കോളജില്‍ ബിരുദവിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു

കൊച്ചി: പാഠഭാഗങ്ങള്‍ മുഴുവനായി പഠിപ്പിച്ചുതീരാതെ പരീക്ഷ നടത്തുന്നുവെന്നാരോപിച്ച് എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ഇന്നലെ ആരംഭിച്ച ഒന്നാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയാണു വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചത്. 690 ഒന്നാംവര്‍ഷ വിദ്യാര്‍ഥികളില്‍ 56 പേര്‍ മാത്രമാണ് പരീക്ഷയ്‌ക്കെത്തിയത്. ഇവര്‍ക്കുപോലും ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ കഴിഞ്ഞില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇംഗ്ലീഷ് പരീക്ഷാ ചോദ്യങ്ങളില്‍ 80 ശതമാനവും പഠിപ്പിക്കാത്ത പാഠഭാഗത്തില്‍നിന്നാണ് വന്നതെന്ന് പരീക്ഷയെഴുതിയ വിദ്യാര്‍ഥിയായ ജോബിന്‍ പി ജോസ് പറഞ്ഞു. 90 അധ്യയനദിവസമെങ്കിലും ലഭിക്കണമെന്നിരിക്കെ സ്വയംഭരണ കോളജായ മഹാരാജാസില്‍ ഈ സെമസ്റ്ററില്‍ 30ല്‍ താഴെ അധ്യയനദിനം മാത്രമാണു ലഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അതുകൊണ്ടുതന്നെ പാഠഭാഗങ്ങള്‍ ഭൂരിഭാഗവും അധ്യാപകര്‍ പഠിപ്പിച്ചുകഴിഞ്ഞിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടി കോളജ് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ് പരീക്ഷ ബഹിഷ്‌കരിച്ചതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇനി നാലു പരീക്ഷകള്‍ കൂടി ബാക്കിയുണ്ട്. എന്നാല്‍, ഈ പരീക്ഷകളും എഴുതില്ലെന്ന തീരുമാനത്തിലാണ് വിദ്യാര്‍ഥികള്‍. പാഠഭാഗങ്ങള്‍ മുഴുവനായി പഠിച്ചുതീരാതെ പരീക്ഷ നടത്തുന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കോളജില്‍ പ്രകടനം നടന്നു. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു പൂര്‍ത്തിയാക്കിയശേഷം പരീക്ഷ ഒരുതവണകൂടി നടത്തണമെന്നും മറ്റു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നും എസ്എഫ്‌ഐ എറണാകുളം ഏരിയാ കമ്മിറ്റി സെക്രട്ടറി വിഷ്ണുവേണുഗോപാല്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീന പറഞ്ഞു. പരീക്ഷ ബഹിഷ്‌കരിച്ച വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള അവസരം നഷ്ടമാവുമെന്നും അടുത്ത തവണ സപ്ലിമെന്ററി പരീക്ഷ മാത്രമേ ഇവര്‍ക്ക് എഴുതാന്‍ സാധിക്കൂകയുള്ളൂവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it